സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ണായക ഇടപെടലോടെയാണിത്. നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണം. അതേസമയം, ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിമില്ല.

യെമനില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തുടര്‍ന്ന് താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി.

തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ലഹരിക്ക് അടിമായ തലാല്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് നിമിഷ പറയുന്നത്. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തലാലിനെ ജയിലില്‍ അടച്ചു.
എന്നാല്‍ പുറത്തിറങ്ങിയ ശേഷവും ഉപദ്രവം തുടര്‍ന്നു. അതിക്രമം ശക്തമായതോടെ അനസ്തീസിയയ്ക്കുള്ള മരുന്നു നല്‍കി തലാലിനെ മയക്കി. ഉണരില്ലെന്നു വ്യക്തമായതോടെ കൂടെ ജോലി ചെയ്യുന്ന ഹനാനുമായി ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി ജലസംഭരണിയില്‍ ഉപേക്ഷിച്ചു.
കൊലപാതക ശേഷം 200 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിമിഷ ജോലിക്കു ചേര്‍ന്നു. കാണാതായ തലാലിനു വേണ്ടി അന്വേഷണം ആരംഭിച്ചതോടെയാണ് നിമിഷ പിടിയിലായത്. സംഭവത്തില്‍ നിമിഷയെ സഹായിച്ച യെമന്‍കാരിയായ നേഴ്‌സ് ഹനാന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
നിമിഷ പ്രിയയുടെ അപ്പീല്‍ സനയിലെ കോടതി നേരത്തെ തള്ളുകയും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു. കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
കടുത്ത പ്രതിസന്ധിയാണ് നിമിഷയുടെ കാര്യത്തില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചിരുന്നു. നിമിഷയുടെ വധശിക്ഷ നടപ്പാക്കാന്‍ പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കിയിരുന്നു.