കൊച്ചി: സ്‌കൂള്‍ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി വിപിന്‍ കുമാര്‍ റസ്തോജി (മിങ്കു ഭായ്-70) ആണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പരിശോധിച്ച് നോക്കിയതില്‍ അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് എക്സൈസ് അറിയിച്ചു.
60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന ഇയാളുടെ പക്കലേക്ക് വൈകുന്നേരമാകുന്നതോടെ തേവര ഡീവര്‍ റോഡിന് സമീപം കസ്തൂര്‍ബ നഗറിലേക്ക് പോകുന്ന വഴിയില്‍ സ്ഥിരമായി യുവതി യുവാക്കള്‍ വന്ന് പോകുന്നു എന്ന വിവരം സിറ്റി മെട്രോ ഷാഡോ ക്കും എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സംഘം വേഷം മാറി ഇയാളുടെ പക്കലേക്ക് കടന്ന് ചെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പക്കല്‍ ബ്രൗണ്‍ ഷുഗറാണ് ഉള്ളതെന്ന് മനസ്സിലായത്. തുടര്‍ന്ന് മയക്ക് മരുന്ന് ആവശ്യപ്പെട്ട എക്സൈസ് ടീമിനോട് മയക്ക് മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഈ ബ്രൗണ്‍ ഷുഗര്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് പറഞ്ഞ് മനസ്സിലാക്കി പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുകയായിരുന്നു.
ആവശ്യക്കാരായി എത്തിയിരിക്കുന്നത് എക്സൈസ് സംഘമാണെണ് മനസ്സിലാക്കിയ മിങ്കു ഭായ് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് ഓട്ടോ റിക്ഷയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാക്കറ്റ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുക്കുകയായിരുന്നു.
വെറും മില്ലി ഗ്രാം മാത്രം തുക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന് വില്‍പ്പനക്കായി വാങ്ങി കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. കൊച്ചുകുട്ടികളുടെ ഇടയിലേയ്ക്ക് ‘മിങ്കു ബാപ്പു’ എന്ന പേരില്‍ കളിപ്പാട്ടങ്ങളുമായി എത്തുന്ന അപ്പൂപ്പന്റെ പക്കല്‍ നിന്ന് അതിമാരകമായ മയക്ക് മരുന്ന് പിടിച്ചെടുത്തു എന്ന് കേട്ടപ്പോള്‍ അത് പ്രദേശ വാസികളില്‍ അമ്പരപ്പ് ഉളവാക്കി.
ഇയാളുടെ മയക്ക് മരുന്ന് കച്ചവടത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഈ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടു കൂടിയും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.