പത്തനംതിട്ട: കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട കനറാ ബാങ്ക് ശാഖയിയില്‍ നിന്ന് 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.സ്ഥിരം നിക്ഷേപങ്ങളില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്.
10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും. വിജീഷ് വര്‍ഗീസിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ ഇയാള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ അന്വേഷണസംഘം വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.അതേസമയം, വന്‍ക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താല്‍ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.