പട്‌ന: റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന കെ.സി.ലിതാരയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തിരുന്നു.
വടകര വട്ടോളി കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകളായ ലിതാരയെ കഴിഞ്ഞ മാസം 26ന് ആണ് പട്‌നയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പട്‌ന സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് ഏല്‍പിച്ചത്. പട്‌ന സീനിയര്‍ എസ്പി: എം.എസ്.ധില്ലന്‍ മേല്‍നോട്ടം വഹിക്കും.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ജെഡി സംസ്ഥാന സെക്രട്ടറി സലിം മടവൂര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നല്‍കിയിരുന്നു. സലിം മടവൂരിനു മുഖ്യമന്ത്രി അയച്ച മറുപടിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.