കൊട്ടാരക്കര: അടിപിടിക്കേസില്‍ പ്രതിയായ എസ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമാസക്തനല്ലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ടുതന്നെ ഇയാളെ വിലങ്ങ് ധരിപ്പിച്ചിരുന്നില്ല. സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു.
ഇതോടെ ഡ്രസിങ് മുറിയില്‍നിന്ന് പൊലീസുകാര്‍ പുറത്തിറങ്ങി. അടിപിടിക്കേസില്‍ പ്രതിയായല്ല, പരുക്കേറ്റയാള്‍ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ സന്ദീപിന്റെ ബന്ധു ബിനു അടുത്തെത്തിയതോടെ സന്ദീപ് അക്രമാസക്തനാകുകയായിരുന്നു. ആദ്യം ബന്ധുവിനു നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ബന്ധുവിനെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് ഡോക്ടര്‍ക്കുനേരെയും മറ്റുള്ളവര്‍ക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈക്കലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്.
ആറു കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തു.