മലപ്പുറം: കടുത്ത പ്രണയം നിരസിച്ചതിന് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മകളെ വിവാഹം കഴിക്കണമെന്ന് പ്രതി വിനീഷ് അച്ഛന്‍ ബാലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബാലചന്ദ്രന്‍ ആവശ്യം അപ്പോള്‍ തന്നെ നിരസിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് അച്ഛന്‍ പറയുന്നു. പെരിന്തല്‍മണ്ണയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് വിനീഷ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയിലെത്തി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കട തീയിടാന്‍ കാരണവും ഇതുതന്നെയാണെന്ന് പിതാവ് പറഞ്ഞു. ബാലചന്ദ്രന്‍ കൃത്യം നടക്കുന്നതിന് മുന്‍പ് ഏഴര വരെ വീട്ടില്‍ ഉണ്ടായിരുന്നു.
അദ്ദേഹം വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിനീഷ് വീടിനുള്ളില്‍ അതിക്രമിച്ച് കയറി ദൃശ്യയെ കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച സഹോദരി ദേവശ്രീയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധതിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവര്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ്ക്കുകയായിരുന്നു.
പ്രതി വിനീഷും മരിച്ച പെണ്‍കുട്ടിയും പ്ലസ് ടുവില്‍ സഹപാഠികളാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ദൃശ്യയെ ശല്യം ചെയ്തതിന് പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ദൃശ്യ. പ്ലസ്ടു മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യയ്ക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകം നടന്ന ദൃശ്യയുടെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. കസ്റ്റഡിയിലുള്ള വിനീഷിനെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച വിനീഷിനെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.