തിരുവനന്തപുരം: വനിതകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ പൊലീസ് രൂപീകരിച്ച അപരാജിത ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണം. ഇതിനകം പത്തിലേറെ പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
949 799 6992 എന്ന മൊബൈല്‍ നമ്പരാണ് ഇതിനായി പ്രാബല്യത്തിലായത്. ബന്ധപ്പെട്ടവര്‍ പരാതികളില്‍ ഇടപെടലുകള്‍ ആരംഭിക്കുകയും ചെയ്തു.സ്ത്രീകള്‍ നേരിടുന്ന പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും അറിയിക്കാം. 949 790 0999, 949 790 0286 എന്നീ നമ്പരുകള്‍ ഇതിനായി ഉപയോഗിക്കാം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നതിനുള്ള നോഡല്‍ ഓഫിസറായി പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
aparajitha.pol@kerala.gov.in എന്ന വിലാസത്തില്‍ പരാതികള്‍ മെയിലും ചെയ്യാം. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ല പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം കാണാന്‍ ഇടപെടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.