തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ പീഡന കേസുകളില്‍ കര്‍ശന നടപടിക്ക് പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഒറ്റ ഫോണ്‍കോളില്‍ പൊലീസ് പരാതിക്കാരുടെ അടുത്തെത്തണം. കേസുകള്‍ നീണ്ടു പോവരുത്. സത്രീകള്‍ക്ക് ഭയമില്ലാതെ പരാതി പറയാന്‍ അവസരം ഉണ്ടാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
സ്ത്രീധനം നിയമം വഴി നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ഇത് മൂലം പെണ്‍കുട്ടികള്‍ ജീവന്‍ ഹോമിക്കുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങള്‍ നാടിനാകെ അപമാനമാണ്. ഇതിനെതിരെ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തലം മുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിന് സമൂഹത്തിലെ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണം. കേസുകള്‍ വൈകാതിരിക്കാന്‍ പ്രത്യേത കോടതികള്‍ പരിഗണയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍, ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി വനിതാപൊലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.