കൊച്ചി: കരിപ്പൂര്‍ കേന്ദ്രീകരിച്ച് വന്‍ സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനും സി.പി.എം നേതാവുമായ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്‌തേക്കും. വൈകീട്ടോടെ കസ്റ്റംസ് അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നിലവില്‍ അര്‍ജുന്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്.
നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ ഹാജരായ അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
ഇതിനിടെ കരിപ്പൂരില്‍ നിന്നും അറസ്റ്റിലായ ഷെഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതോടെ ഇന്ന് ഷെഫീഖിനെയും കൊച്ചിയില്‍ എത്തിക്കും. ഷെഫീഖിനെയും അര്‍ജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയത് ഷെഫീഖ് ആണ്. ഏഴ് ദിവസമാണ് ഷെഫീഖിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോടതിയില്‍ അറിയിച്ചു. അര്‍ജ്ജുന്റെ പങ്ക് തെളിയിക്കുന്ന മുഹമ്മദ് ഷെഫീഖുമായി നടത്തിയ ഫോണ്‍ കോള്‍ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെയാണ് കസ്റ്റഡിയില്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയത്.
അതേസമയം അര്‍ജുന്റെ സുഹൃത്തും സ്വര്‍ണം കടത്താന്‍ അര്‍ജുന്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.