ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസുകാരനെ വിവാഹം ചെയ്ത 20 വയസുകാരിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. വിവാഹത്തിന് കൂട്ട് നിന്ന 17കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് നടപടിയെടുത്തു.
ബംഗളൂരുവിലാണ് സംഭവം. തനിക്ക് 21 വയസുണ്ടെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് 17കാരന്‍ വിവാഹത്തിന് തയ്യാറായത്. 20കാരിയായ ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെയാണ് 17കാരന് വിവാഹം ചെയ്തത്. ചിക്കമംഗളൂരു സ്വദേശിയാണ് ആണ്‍കുട്ടി.
ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം പ്രണയമാവുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16നാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഗ്രാമവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 21 കാരന് 17 വയസ് മാത്രമെ പ്രായമുള്ളൂ എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്നലെ യുവതിയ്‌ക്കെതിരേയും 17കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു.