കോഴിക്കോട്: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാന, ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും താന്‍ നേരിട്ട ക്രൂരതകള്‍ വിവരിച്ചുള്ള ഡയറിക്കുറിപ്പുകള്‍ പുറത്ത്. വീട്ടുകാര്‍ ഉപദ്രവിക്കുന്നതിനെ കുറിച്ചും പട്ടിണിക്കിടുന്നതിനെ കുറിച്ചും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് കുറിപ്പുകളില്‍.
ഭര്‍ത്താവ് സജാദിനെ സെന്‍ജു എന്നാണ് ഡയറിയില്‍ ഷഹാന വിശേഷിപ്പിക്കുന്നത്. സജാദ് ഒരു കാരണവും ഇല്ലാതെ തന്നെ തല്ലുന്നതും ഭര്‍തൃമാതാവ് ഒരു വീട്ടുജോലിക്കാരിയെ പോലെ തന്നെ കാണുന്നതുമെല്ലാം കുറിപ്പുകളില്‍ പറയുന്നു.
‘എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല’ -ഡയറിക്കുറിപ്പില്‍ പറയുന്നു. തന്നെ പട്ടിണിക്കിട്ടതിനെ കുറിച്ചും പറയുന്നുണ്ട്. ഷഹനയുടെ സഹോദരന്‍ ബിലാലിന് ചെറുവത്തൂരിലെ വീട്ടില്‍ നിന്നാണ് ഡയറി കിട്ടിയത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ച് ഷഹാനയെ തൂങ്ങിയ നിലയില്‍ കണ്ടതായാണ് ഭര്‍ത്താവ് പറഞ്ഞത്. സജാദിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് സജാദിന്റെ മടിയില്‍ കിടക്കുന്ന ഷഹാനയെയായിരുന്നു. മരണത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടായിരുന്നു.
ഷഹാനയുടെ ഭര്‍ത്താവ് കക്കോടി സ്വദേശി സജ്ജാദിനെ (32) പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സജാദിനെതിരെ ഷഹാനയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. പീഡനത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനിരുന്നതാണെന്നും സജാദും സുഹൃത്തുക്കളും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമാണ് സഹോദരന്‍ പറഞ്ഞത്. അതേസമയം മരിക്കുന്നതിന് അടുത്ത് ദിവസം ഷഹാനയുടെ ജന്മദിനമായിരുന്നു. ജന്മദിനം ആഘോഷിക്കണമെന്നും എല്ലവരും എത്തണമെന്നും പറഞ്ഞ കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇല്ലെന്നും ഉമ്മ പറയുന്നു.