ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്‌ററ്യാന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറം എന്ന 22 കാരിയെയാണ് സ്‌ററുഡന്റ് ഹോസ്‌ററലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.
നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്‌ററലിലെ ഏഴാമത്തെ നിലയിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചതും.
ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുപോലെ ഒരെണ്ണം ഇലക്ട്രോണിക്കലി തയ്യാറാക്കി വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ട് കീല്‍ പോലീസ് കമ്മീഷണര്‍ സഹായത്തിനായി പ്രസ്താവന ഇറക്കിയിട്ടുണ്ട്.പോസ്‌ററ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു.ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ തീരുമാനിക്കു.
നിതിക കഴിഞ്ഞ 6 മാസം മുമ്പാണ് ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി എത്തിയത്. ഒരു ഇന്‍ഡ്യാക്കാരി വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് മുറിയില്‍ താമസിച്ചിരുന്നത്. സഹമുറിക്കാരി അപ്രന്റിഷിപ്പിന് ആറുമാസമായി മറ്റൊരിടത്തു പോയിരിക്കുകയാണ്. ഈ സമയത്താണ് മരണം സംഭവിച്ചത്. പഠനത്തില്‍ വരെ മിടുക്കിയും സദാസമയവും പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹം പങ്കുവെയ്ക്കുന്ന ആരെയും ആകര്‍ഷിക്കുന്ന നിതികയുടെ പെട്ടെന്നുള്ള വേര്‍പാടില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കീലിലെ മലയാളി സമൂഹം.
കണ്ണീരടക്കാനാവാതെ കഴിയുകയാണ്.സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു അസ്വഭാവികതയും കാണിക്കാത്ത നിതികയെക്കുറിച്ച് നല്ലതുമാത്രമേ സുഹൃത്തുക്കള്‍ക്ക് പറയാന്‍ സാധിക്കു. കീല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിയ്ക്കുന്ന നിരവധി മലയാളികള്‍ ഈ ഹോസ്‌ററലില്‍ താമസിക്കുന്നുണ്ട്. കീല്‍ നഗരത്തിനടുത്ത് മലയാളി സിസ്‌റേറഴ്‌സും ജോലി ചെയ്യുന്നുണ്ട്.
നിതിക ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്താണന്നാണ് ലഭിയ്ക്കുന്ന വിവരം. നിതികയുടെ മരണ വിവരം കീല്‍ പോലീസ് നികിതയുടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്.12 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് 2021 ലെ സമ്മര്‍ സെമസ്റ്ററില്‍ നിതികയ്‌ക്കൊപ്പം കീല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിയ്ക്കുന്നത്.