ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ പിഞ്ചകുഞ്ഞിനെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഡല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്താണ് ഭയപ്പെടുന്ന സംഭവം അരങ്ങേറിയത്. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആള്‍മാറാട്ടം നടത്തി വീടിനകത്തുകടന്ന കൊള്ളസംഘം യുവാവും യുവതിയും കുഞ്ഞും ഉള്‍പെടുന്ന കുടുംബത്തിന് നേരെ കത്തിയും തോക്കും ചൂണ്ടുകയായിരുന്നു. ഇതിനിടെ യുവാവിന്റെ കാലും കൈയും കൂട്ടിക്കെട്ടുന്നതും കാണാം. പേടിച്ചരണ്ട കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് യുവതിയുടെ സമീപത്തേക്ക് ഓടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
വീട്ടുകാരെ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കൊള്ള നടത്തുകയും രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.