ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയുടേയും പരാതിക്കാരിയുടേയും ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. പ്രതിയായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നും അതിനായി പ്രതിക്ക് ജാമ്യം നല്‍കണം എന്നുമാണ് പരാതിക്കാരി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
വിവാഹം കഴിക്കുന്നതിന് ജാമ്യം നല്‍കണമെന്ന് റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജികള്‍ തളളി.
വിവാഹം കഴിക്കണം എന്നുളള ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നും വിവാഹക്കാര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതിയെ വിവാഹം കഴിക്കണമെന്നും അതിനായി രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ആദ്യം പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിവാഹം കഴിക്കാനുളള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണ് എന്നും നാല് വയസ്സുളള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖകളില്‍ ചേര്‍ക്കുന്നതിന് വിവാഹം വേണ്ടതുണ്ടെന്നുമാണ് പരാതിക്കാരി ഹര്‍ജിയില്‍ വ്യക്തമാക്കിയത്.
പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ ജാമ്യത്തില്‍ ഇളവ് വേണം എന്ന് ആവശ്യപ്പെട്ട് പിന്നാലെ റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് റോബിന്‍ വടക്കും ചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ പ്രതിയെ അനുവദിച്ച് കൊണ്ടുളള ഒത്തുതീര്‍പ്പുകള്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരിക്കെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പള്ളി മേടയില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി പ്രസവിക്കുകയും വിവരം പുറത്തേക്ക് അറിയാതിരിക്കാനായി റോബിന്‍ വടക്കുംചേരി പണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.
2017ല്‍ പുതുക്കാട് വെച്ച് റോബിന്‍ വടക്കുംചേരി അറസ്റ്റിലായി. പോക്‌സോ കേസില്‍ 20 വര്‍ഷം കഠിന തടവ് ആണ് വിചാരണക്കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോക്ടര്‍മാര്‍ അടക്കമുളളവരെ കോടതി വെറുതെ വിട്ടിരുന്നു.