ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. അവണിയാപുരം സ്വദേശി ജോതിമണിയാണ് (22) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ചോഴവന്താന്‍ സ്വദേശി ഗ്ലാഡിസ് റാണിയാണ് (21) കൊല്ലപ്പെട്ടത്.
പൊലീസ് ഇടപെട്ട് ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടത്തിയത്. കഴിഞ്ഞദിവസം ബന്ധുക്കള്‍പ്പ് പരിചയപ്പെടുത്താനെന്ന് പറഞ്ഞ് യുവതിയെ അവരുടെ വീട്ടില്‍ നിന്നും ജോതിമണി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥിനിയായ യുവതിയും ജോതിമണിയും പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് റാണി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോതിമണി തയ്യാറായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഒരാഴ്ച മുമ്പ് ഇരുവരുടെയും വിവാഹം നടത്തിയത്.
വിവാഹത്തിനുശേഷവും യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് കഴിഞ്ഞദിവസം യുവതിയെ ജോതിമണി വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് വീട്ടുകാരെ ഫോണില്‍ വിളിച്ച് ഗ്ലാഡിസ്റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് പൊലീസ് ജോതിമണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാള്‍ സമ്മതിച്ചത്.
ഇഷ്ടമില്ലാതെ നടന്ന വിവാഹബന്ധത്തില്‍ നിന്ന് ഒഴിവാകാനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കത്തിച്ചതിനാല്‍ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് വീണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.