പാലക്കാട് : വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ ക!ൃഷ്ണപ്രഭയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സഹോദരന്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നു പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും ആവശ്യപ്പെട്ടു. തുടര്‍ന്നു മൃതദേഹം പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെയായിരുന്നു കൃഷ്ണപ്രഭയുടെ പിറന്നാള്‍. 3 വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു.
പൊലീസ് സ്‌റ്റേഷനില്‍ വച്ചു പെണ്‍കുട്ടി ശിവരാജിനൊപ്പം പോകാന്‍ താല്‍പര്യപ്പെട്ടു. പിന്നീട് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്നിരുന്നില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചു.
സംഭവത്തിനു മുന്‍പു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. താന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴാണു മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.
അതേസമയം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ അറിയിച്ചു. എറണാകുളത്തു ജോലി സംബന്ധമായ ആവശ്യത്തിനു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടില്‍ എത്തിയത്.
ഇന്നലെ രാവിലെ എഴുന്നേറ്റശേഷവും പ്രശ്‌നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ അറിയിച്ചു.