കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുകയും ചെയ്തു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സി.ബി.ഐ കോടതി മൂന്നിലാണ് നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത്. വനിതാ ജഡ്ജി കേസ് പരിഗണിക്കണമെന്ന് അതിജീവിതയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഹണി എം വര്‍ഗീസ് ജഡ്ജിയായിരുന്ന സി.ബി.ഐ കോടതിയിലേക്ക് കേസ് മാറ്റിയത്. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവന്റേതായിരുന്നു ഉത്തരവ്.
ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സി.ബി.ഐ കോടതിയുടെ അധിക ചുമതല അവര്‍ക്കായിരുന്നു. ഇതോടെ കേസ് സി.ബി.ഐ കോടതിയില്‍ തന്നെ തുടര്‍ന്നു.കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെക ബാലകൃഷ്ണനെ നിയമിച്ചു. ഇതോടെയാണ് ഇനി കേസ് ആര് പരിഗണിക്കുമെന്ന തരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നത്.
അതിനിടയിലാണ് ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും ഇനി തന്റെ കേസ് ഒരു വനിതാ ജഡ്ജ് കേള്‍ക്കണമെന്ന ആവശ്യം തനിക്ക് ഇല്ലെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിയ്‌ക്കെതിരെ നേരത്തെ തന്നെ അതിജീവിത രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ആവശ്യം ഇരുകോടതികളും അനുവദിച്ചിരുന്നില്ല.
വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയില്‍ ഇരിക്കെ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടുവെന്ന ഫോറന്‍സിക് കണ്ടെത്തല്‍ വരുന്നത്. വിവോ ഫോണിലിട്ട് മെമ്മറി കാര്‍ഡ് തുറന്നുവെന്നായിരുന്നു പരിശോധന ഫലം. ഇക്കാര്യം തന്റെ അപേക്ഷയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിരിക്കാം.
അത് ഏത് സമയം വേണമെങ്കില്‍ പ്രചരിക്കാമെന്ന ഭീതിയിലാണ് കഴിയുന്നത്. ഇക്കാര്യങ്ങള്‍ വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ നടപടിയെടുത്തില്ലെന്നായിരുന്നു അവര്‍ പരാതിപ്പെട്ടത്. എന്നാല്‍ അതിജീവിതിയ അപേക്ഷ തള്ളിയ ഹൈക്കോടതി ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരുമെന്ന് വ്യക്തമാക്കി പുതിയ ഉത്തരവിറക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു. അതേസമയം അനിശ്ചിതത്വം നീങ്ങിയ സാഹചര്യത്തില്‍ ഉടന്‍ തന്നെ കേസില്‍ വിചാരണ ആരംഭിക്കും.