നാഗ്പുര്‍: ബി.ജെ.പിയുടെ പ്രാദേശിക വനിതാനേതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ ഭര്‍ത്താവിന്റെ മൊഴി. നാഗ്പുരിലെ ബി.ജെ.പി. ന്യൂനപക്ഷ സെല്‍ ഭാരാവാഹിയായ സനാ ഖാന്റെ കൊലപാതകത്തിലാണ് പ്രതിയായ ഭര്‍ത്താവ് അമിത് സാഹു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഭാര്യയുമായി വ്യക്തിപരമായ ചില പ്രശ്നങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും നിലനിന്നിരുന്നു.
ഇതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കൃത്യം നടത്തിയശേഷം മൃതദേഹം നദിയില്‍ തള്ളിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്നാംതീയതി നാഗ്പുരില്‍നിന്ന് ഭര്‍ത്താവിനെ കാണാനായാണ് സനാ ഖാന്‍ ജബല്‍പുരിലേക്ക് പോയത്. ജബല്‍പുരില്‍ എത്തിയശേഷം സനാ ഖാന്‍ മാതാവിനെ ഫോണില്‍വിളിച്ചിരുന്നു. എന്നാല്‍, രണ്ടാംതീയതിക്ക് ശേഷം സനാ ഖാനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചില്ല. ബന്ധുക്കള്‍ ജബല്‍പുരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ബന്ധുക്കള്‍ നാഗ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്.
സനാ ഖാനെ കാണാനില്ലെന്ന പരാതിയില്‍ നാഗ്പുര്‍ പോലീസും ജബല്‍പുര്‍ പോലീസും ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. ഓഗസ്റ്റ് നാലാം തീയതി നാഗ്പുരില്‍നിന്നുള്ള പോലീസ് സംഘം ജബല്‍പുരിലെത്തി വിശദമായ പരിശോധന നടത്തി. അന്വേഷണത്തിനൊടുവില്‍ ജബല്‍പുരിലെ ഒരുവീട്ടിലാണ് സനാ ഖാനെ അവസാനമായി കണ്ടതെന്ന വിവരം ലഭിച്ചു. ഇതനുസരിച്ച് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട സനാ ഖാനും ഭര്‍ത്താവ് അമിത് സാഹുവും തമ്മില്‍ ഏറെനാളായി പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കങ്ങളും രൂക്ഷമായിരുന്നു. ജബല്‍പുരില്‍ ഭക്ഷണശാല നടത്തുന്ന ഭര്‍ത്താവിനെ കാണാനായാണ് സനാ ഖാനും ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ അമിത് സാഹു വടികൊണ്ട് ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം.