കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന പി.പി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ ദിവ്യയുടെ പരസ്യ പ്രതികരണം നടന്ന ചടങ്ങിലേക്ക് ആസൂത്രിതമായാണ് അവര്‍ എത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ എ.ഡി.എമ്മിനെ ഭീഷണിപ്പെടുത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയ ശേഷം അവിടെ വീഡിയോ പകര്‍ത്താനായി ആളെ ഏര്‍പ്പാടാക്കിയെന്നും അത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് നവീന്‍ ബാബുവിന് കടുത്ത മാനസിക പ്രയാസം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നത് ഉപഹാര സമര്‍പ്പണ ചടങ്ങിലെ അസാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. മറ്റാരോ അവര്‍ക്കായി ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. നേരത്തെയും പല കേസുകളിലും ദിവ്യ പ്രതിയായിട്ടുണ്ട്. കളക്ടറും പരിപാടിയുടെ സംഘാടകരും ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, റിമാന്‍ഡില്‍ കഴിയുകയാണെങ്കിലും ദിവ്യയെ സി.പി.എം കൈവിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അവര്‍ക്കെതിരെ തിരക്കിട്ടുള്ള നടപടിക്ക് പാര്‍ട്ടി മുതിരുന്നില്ല എന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നേരത്തെ ദിവ്യയെ നീക്കിയിരുന്നു. ഇത് നടപടിയായി കാണാമെന്ന നിലപാടാണ് പാര്‍ട്ടി പുലര്‍ത്തുന്നത് എന്നാണ് ലഭ്യമായ വിവരം.
ഇന്നലെയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് ദിവസത്തോളം ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. തുടര്‍ന്ന് കണ്ണൂര്‍ കണ്ണപുരത്ത് വച്ചായിരുന്നു പോലീസ് ദിവ്യയെ കസ്റ്റഡിയില്‍ എടുത്തത്.
ഇതിന് പിന്നാലെ ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച ശേഷം മൂന്ന് മണിക്കൂറില്‍ അധികം ചോദ്യം ചെയ്തിരുന്നു. പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് വിടാനായിരുന്നു നിര്‍ദ്ദേശം. ഈ സമയം പ്രദേശത്ത് ദിവ്യക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. വിവിധ യുവജന സംഘടനകള്‍ ഇവിടേക്ക് ഇരച്ചെത്തിയത് സംഘര്‍ഷ സാധ്യത ഉണ്ടാക്കി.
നേരത്തെ നവീന്‍ ബാബു സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോവുന്നതിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ അപ്രതീക്ഷിതമായി അതിക്രമിച്ച് ദിവ്യ കടന്നെത്തുകയായിരുന്നു. ശേഷം നവീന്‍ ബാബുവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.