നേര്‍കാഴ്ചയുടെ ഈസ്റ്റര്‍ ആശംസകള്‍!
സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. മനുഷ്യരാശിയ്ക്ക് വേണ്ടി ക്രൂശില്‍ മരിച്ച യേശുക്രിസ്തു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തു.
ക്രൈസ്തവ വിശ്വാസത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്, പരസ്പരം ഉപചാരം കൈമാറിയിരുന്നത്. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരാള്‍ പറയുമ്പോള്‍ ‘സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതായിരുന്നു രീതി.
ശേഷമുള്ള ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ ആചരിച്ചിരുന്നത്. യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് പാസ്‌ക്ക എന്ന പദം രൂപം കൊണ്ടത്. പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു ഈ പാസ്‌ക പെരുന്നാള്‍.

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട രീതിയില്‍ ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നതിനാല്‍ ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നറിയപ്പെട്ടിരുന്നു.
തുടര്‍ന്ന്, ക്രിസ്തുമതം അവിടെ പ്രചരിച്ചതോടെ ഈസ്റ്റര്‍ മാസത്തില്‍ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രിക പ്രചാരം നേടുകയുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൂടാതെ, സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നില നില്‍ക്കുന്നുണ്ട്.

എല്ലാ വര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്.
ഈസ്റ്ററിന്റെ അത്ഭുതവും യേശുക്രിസ്തുവിന്റെ ത്യാഗവും നമുക്ക് ആഘോഷിക്കാം. ഈ ഈസ്റ്റര്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങളും സന്തോഷവും സമാധാനവും നല്‍കട്ടെ. നേര്‍കാഴ്ചയുടെ ഈസ്റ്റര്‍ ആശംസകള്‍!
