Monday, December 2, 2024

HomeEditor's Pickസ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി

സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി

spot_img
spot_img

കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാനും കോടതി അനുവദിച്ചു. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച്ണ് ആദില കോടതിയിൽ ഹർജി നൽകിയത്. പ്രായപൂർത്തിയായവർക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങൾക്കൊപ്പം നിൽക്കണമെന്നും ആദില ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്.
സ്വവർഗാനുരാഗികളായ തങ്ങളെ ഒരുമിച്ച് ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആദില മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. സൗദിയിലെ സ്‌കൂളിൽ പ്ലസ് വൺ പഠനത്തിനിടെയാണ് ആദിലയും നൂറയും സൗഹൃദത്തിലാകുന്നത്. പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി. സ്വവർഗാനുരാഗം വീട്ടിൽ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ ഇറങ്ങിയപ്പോൾ വീട്ടുകാർ ബലംപ്രയോഗിച്ച് വേർപെടുത്തി. തുടർന്നാണ് ആദില പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിച്ചത്.

സൗദിയിലെ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരിക്കെയാണ് ആദില നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളർന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാൽ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജിൽ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. പക്ഷെ അതത്ര എളുപ്പമല്ലെന്ന് ആദില പറയുന്നു.

ഇരുവരും തമ്മിലുള്ള പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാൽ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നതെന്ന് ആദില. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ആയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ബന്ധം തുടർന്നു. പിന്നീട് തുടർ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവർഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്ലിലാക്കി ഒടുവിൽ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.

ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടിൽ അറിഞ്ഞ് പ്രശ്‌നമായതോടെയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്വവർഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവിൽ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിൽ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവർഗാനുരാഗികളുടെ ഷെൽട്ടർ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നൽകാമെന്ന ഉറപ്പിൽ വീട്ടുകാർ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആദില പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments