കൊച്ചി: ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി.
ഗര്‍ഭസ്ഥശിശുവിനും ഭരണഘടനയിലെ 21ാം അനുച്ഛേദ പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഹര്‍ജി തള്ളിയത്.
ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അലസിപ്പിക്കാന്‍ ഹര്‍ജിക്കാരി ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍, 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപ്രകാരം അനുമതിയില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചിരുന്നു.
24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും ഇത് വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. ഹരജിക്കാരിയുടെ ആവശ്യം പരിഗണിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി റിപ്പോര്‍ട്ട് തേടിയിരുന്നു.
കുഞ്ഞിന്‍റെ വൈകല്യം ഗുരുതരമല്ലെന്നും അമ്മയുടെ ജീവന് ഭീഷണിയല്ലെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഹരജി തള്ളിയത്.