Wednesday, October 4, 2023

HomeEditor's Pickനടൻ ജയസൂര്യ ഉന്നയിച്ച നെൽ കർഷകരുടെ പ്രശ്നങ്ങൾ

നടൻ ജയസൂര്യ ഉന്നയിച്ച നെൽ കർഷകരുടെ പ്രശ്നങ്ങൾ

spot_img
spot_img

(ആൻറണി ജോസഫ് കുറുപ്പശ്ശേരി)

കേരളത്തിലെ നെൽകൃഷിയിൽ കാലങ്ങളായി വന്ന പിന്തള്ളപ്പെടൽ വളരെ വലുതാണ്. അതിന് പല കാരണങ്ങളുണ്ടെങ്കിലും, കൃഷിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതു കൊണ്ട് കർഷകർക്ക് അതിലുണ്ടായ താല്പര്യക്കുറവാണ് പ്രധാനം. വ്യാവസായിക വികസനം തീരെ കുറവായ കേരളത്തിൽ കൃഷിയുടെ പ്രാധാന്യം വളരെ വലുതാണ്.

നാം ഇന്നും അരിക്കും പച്ചക്കറികൾക്കും കോഴി ഇറച്ചിക്കും കോഴി മുട്ടയ്ക്കും വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പ്രയോഗമായിരിക്കും കൂടുതൽ ഉചിതമെന്ന് തോന്നുന്നു. നമ്മുടെ കാർഷിക മേഖല ഉണരുകയും നമുക്കാവശ്യമായ കാർഷികോത്പന്നങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുകയും ചെയ്യണം. അതിനു വേണ്ടി സർക്കാരിന്റെ കാർഷിക നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുകയും വേണം.

സിനിമാ നടൻ ജയസൂര്യ തന്റെ സുഹൃത്തായ നടൻ കൃഷ്ണ പ്രസാദിൻ്റെ പേര് പറഞ്ഞു കൊണ്ട് നെല്ല് വാങ്ങിയിട്ട് സപ്ലൈകോ അതിന്റെ പണം മാസങ്ങളായിട്ട് കർഷർക്ക് കൊടുത്തിട്ടില്ല എന്നും തിരുവോണ നാളിൽ കൃഷിക്കാർ പട്ടിണി സമരം കിടക്കുകയാണെന്നും സൂചിപ്പിച്ച് ഒരു പൊതുവേദിയിൽ നടത്തിയ പ്രസംഗം വളരെയേറെ ജനശ്രദ്ധയും വിമർശനങ്ങളും ഉണ്ടാക്കിയ ഒന്നാണ്. എറണാകുളത്ത് കളമശ്ശേരിയിൽ വെച്ചു നടന്ന കൃഷി മന്ത്രിയും വ്യാവസായിക മന്ത്രിയും പങ്കെടുത്ത ഒരു ചടങ്ങിലാണ്, ഈ വിമർശനം ഉയർത്തിയത്.

ഇവിടെ ജയസൂര്യ ഉയർത്തിയ ചില യാഥാർഥ്യങ്ങളെ ബന്ധപ്പെട്ടവർ നിസ്സാരവൽക്കരിക്കുന്നതായും അതിന്റെ നേരെ കണ്ണടക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് പൊതു പ്രവർത്തകർ എന്ന നിലയിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് മാത്രമേ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്താൻ സാധിക്കൂ എന്നതാണ്. മറ്റൊന്ന് ഒരു പൊതു വേദിയിൽ വിയോജിപ്പുകൾ പറയാൻ പാടില്ല എന്നതാണ്.

ജയസൂര്യ ഉന്നയിച്ച കാര്യങ്ങൾ ദീർഘ കാലമായി പൊതു മണ്ഡലത്തിൽ നിൽക്കുന്ന ഒന്നാണ്. കർഷകർ വിളയിക്കുന്ന നെല്ല് യഥാ സമയം സംഭരിക്കാനോ, അതിന്റെ വില നേരിട്ട് അവരിലേക്ക് എത്തിക്കുവാനോ, ബന്ധപ്പെട്ടവർക്ക് സാധിക്കുന്നില്ല. നിലവിൽ നാല് പാർട്ടികളാണ് നെല്ല് കച്ചവടവുമായി ബന്ധപ്പെട്ടുള്ളത്. നെല്ല് ഉല്പാദിപ്പിക്കുന്ന കർഷകർ, സപ്ലൈകോ എന്ന ഗവൺമെന്റ് സംവിധാനം, വാങ്ങുന്ന മോഡേൺ റൈസ് മില്ലുകൾ, കർഷകരുമായി എഗ്രിമെന്റിൽ ഏർപ്പെട്ട് പണം നൽകുന്ന ബാങ്കുകൾ എന്നിവയാണ് അവ. കർഷകരുടെ നെല്ലിന്റെ പണം ലഭിക്കുവാനായി അവർ ബാങ്കുകളുമായി വ്യക്തിപരമായി എഗ്രിമെന്റ് വെക്കേണ്ടി വരുന്നത് തികച്ചും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. അതിന്റെ സാങ്കേതികകളും അവയുടെ യുക്തിയും മനസ്സിലാകാത്തതാണ്. ഇതിലൂടെ ബാങ്കുകളും പലിശയിലൂടെ നെല്ല് കച്ചവടത്തിന്റെ ഒരു ലാഭ വിഹിതം നേടുന്നു എന്നുള്ളതാണ് രസകരമായ കാര്യം.

ദീർഘ കാലമായി കുട്ടനാട് കേന്ദ്രീകരിച്ച് പല സമര പരിപാടികളും ആവിഷ്കരിച്ച് കർഷകർ ഈ കാര്യങ്ങൾ മുന്നോട്ട് വെക്കുന്നതാണ്. എന്നാൽ ഈ സമര പരിപാടികളൊന്നും തന്നെ കേരളത്തിലെ സാധാരണക്കാരന്റെ അറിവിലേക്കോ, ഭരണ നേതൃത്വത്തിന്റെയോ, അധികാരികളുടെയോ, ശ്രദ്ധയിലേക്കോ എത്തിച്ചെരുന്നില്ലാ എന്നുള്ളതാണ് സത്യം. അതിനും കാരണങ്ങൾ പലതാണ്. സമര പരിപാടികൾക്ക് ആവശ്യമായ നേതൃത്വത്തിന്റെ അഭാവവും, കക്ഷി രാഷ്ട്രീയക്കാരുടെ പിന്തുണ ലഭിക്കുന്നില്ല എന്നതുമാണ് പ്രധാനമായ ഒന്ന്.

മറ്റൊന്ന് കുട്ടനാട്ടിലെ ഇത്തരം സംഭവങ്ങളിലൊന്നും തന്നെ മുഖ്യധാരാ പത്രങ്ങളോ മറ്റ് ദൃശ്യ മാധ്യമങ്ങളോ താല്പര്യം കാണിക്കുന്നില്ല എന്നുള്ളതാണ്. ഇന്ന് കേരളത്തിൽ മാധ്യമങ്ങൾ കക്ഷി രാഷ്ട്രീയമായതോ മറ്റ് അതി ശ്രദ്ധ നേടാവുന്ന വിഷയങ്ങളിലേക്കോ ഒതുങ്ങിപ്പോകുന്നു എന്നത് ദുഖകരമാണ്. അതിന് ഒരു ഉദാഹരണമാണ് കീഴാറ്റൂർ വയൽക്കിളികളുടെ സമരവും മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തിയ സമരവും അതിന് പത്ര ദൃശ്യ മാധ്യമങ്ങൾ നൽകിയ വലിയ പ്രാധാന്യവും. അത്തരത്തിലുള്ള ഒരു പിന്തുണ കർഷക സമരങ്ങൾക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം.

ഇത് പറയുമ്പോൾ VKN എഴുതിയ പ്രശസ്തമായ “പിതാമഹൻ” എന്ന നോവലിൽ ചാത്തു എന്ന കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. ചാത്തു ഒരു വള്ളം നെല്ലു കൊച്ചിയിൽ കൊണ്ട് പോയി വിൽക്കുവാൻ ശ്രമിക്കുകയും അധികാരികൾ വസൂരിയുടെ പേരിൽ വില്പന തടയുകയും അതിൽ പ്രതിഷേധിച്ച് ചാത്തു തന്റെ നെല്ല് എല്ലാം കൂട്ടിയിട്ടു പൊതു സ്ഥലത്ത് കത്തിയ്ക്കുന്നു. അതിൽ പരിഭ്രാന്തരായ അധികാരികൾ ചാത്തുവിനെ ബാക്കി വന്ന നെല്ല് വിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ചാത്തുവിന്റെ ഈ കഥയറിഞ്ഞ വിക്ടോറിയ മഹാരാജ്ഞി ചാത്തുവിനു സർ സ്ഥാനം കൊടുത്തു എന്നാണ് VKN സരസമായി പറഞ്ഞു വെക്കുന്നത്. വ്യത്യസ്തമായ സമരമുറകളിലൂടെ മാത്രമേ നെൽ കർഷകർക്ക് ബന്ധപ്പെട്ടവരുടെയോ മാധ്യമങ്ങളുടെയോ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കൂ എന്ന് കരുതിയാണ് ഇത് ഇവിടെ പരാമർശിച്ചത്. ജയസൂര്യയും കൃഷ്ണ പ്രസാദും നെൽ കർഷകരുടെ പ്രശ്നങ്ങൾ മുന്നോട്ട് കൊണ്ടുവരാൻ ഒരു നിമിത്തമായി തീർന്നു എന്നും കരുതാം.

കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായം കൊണ്ട് ഒരു കുടുംബത്തിന് മറ്റു ജോലികൾ ചെയ്യുന്നവരുടെ ജീവിത നിലവാരത്തിനോടൊപ്പം എത്തിച്ചേരാൻ സാധിക്കില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. സാമ്പത്തികമായ ഈ വലിയ അന്തരം സമഭാവനയുടെ നേർ വിപരീതമാണ്, സാമൂഹ്യ നീതിയുടെ ലംഘനവുമാണ്. എല്ലാ മേഖലയിലും, എല്ലാവര്ക്കും തുല്യമായ ജീവിത നിലവാരം ഉറപ്പിക്കേണ്ടതും സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതിനാൽ തന്നെ ഇന്ന് കൃഷി ഒരു സൈഡ് ബിസിനസ് ആയി ചുരുക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവരൊക്കെ ത്തന്നെ പ്രധാന വരുമാനത്തിനായി മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു പോകുന്നു.

കുട്ടനാട്ടിലെ ഒട്ടു മിക്ക കുടുംബങ്ങളിൽ നിന്നും ഒരാളെങ്കിലും പുറം നാടുകളിൽ ജോലി ചെയ്താണ് കുടുംബങ്ങളെ സംരക്ഷിക്കുകയും, കൃഷിക്ക് വേണ്ട പിന്തുണ നൽകുന്നതും. ഒരുകാലത്ത് കുട്ടനാട്ടിലെ ബഹു പൂരിപക്ഷം കർഷകരും അവരുടെ വീടുകളിലെ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പണയം വെച്ചാണ് കൃഷിയിൽ മുതൽ മുടക്കിയിരുന്നത്. പലപ്പോഴും മഴയും, വെള്ളപ്പൊക്കവും മറ്റ് നെല്ലിൻറെ രോഗങ്ങളുമൊക്കെ കൊണ്ട് കൃഷി നാശമുണ്ടായാൽ പണയം തിരിച്ചെടുക്കാനാകാതെ കടം കയറി ജീവിതം ദുസ്സഹമാക്കുന്നതും കണ്ടിട്ടുണ്ട്.

കൃഷി ചെയ്യുക എന്നത് ഒരു സുഖകരമായ ജോലി അല്ല. അത് കഷ്ടപ്പാട് നിറഞ്ഞ ഒന്നാണ്. വെയിലത്തും മഴയത്തും ചേറിലും വെള്ളത്തിലുമൊക്കെ ജീവിക്കുന്ന ഒരാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. ഇത്തരത്തിൽ കഷ്ടപ്പെട്ട് നെല്ല് വിളയിക്കുന്നവരുടെ താല്പര്യം എന്താണെന്നു മനസ്സിലാക്കാൻ ഭരണ നേതൃത്വങ്ങൾക്കും അധികാരികൾക്കും ഉത്തരവാദിത്വമുണ്ട്. കർഷകരുടെ ആ താല്പര്യം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു ജീവിത രീതിയാണ്. അത് പരമ്പരാഗതമായി അവർ നേടിയെടുത്തതാണ്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാരുകളുടെ കടമയും ഉത്തരവാദിത്തതുമാണ്. സാധാരണക്കാരേക്കാൾ ഉപരി മറ്റ് മേഖലയിലുള്ളവരും കൃഷിയിൽ അതീവ തല്പരരും അത് ഒരു തപസ്യയായി കണ്ട് കൃഷി ചെയ്യുന്നവരുമാണ്. അക്കൂട്ടത്തിൽ സിനിമാ നടന്മാരായ ശ്രീനിവാസനും, സലിം കുമാറും, P കൃഷ്ണ പ്രസാദും തുടങ്ങിയവർ അനേകരിൽ ചില പേരുകൾ മാത്രമാണ്.

കൃഷി ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. കൃഷിയിൽ, കൃഷി രീതിയിൽ വരുന്ന മാറ്റങ്ങൾ സംസ്കാരങ്ങൾക്ക് തന്നെ മാറ്റങ്ങൾ വരുത്തുന്നു. വ്യവസായ വത്കരണത്തിലൂടെ ഓരോ നാടുകളിൽ വന്ന മാറ്റങ്ങൾ ചരിത്രത്തിലൂടെ നമ്മുടെ മുന്നിലുണ്ട്. വ്യാവസായിക വിപ്ലവത്തിന് ശേഷം യൂറോപ്പിലെയും മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളിലെയും സാംസ്കാരികമായ മാറ്റവും അവരുടെയൊക്കെ ജീവിത രീതിയുലുണ്ടായ മാറ്റങ്ങളും ശ്രദ്ധിക്കപ്പെടുന്ന ഒന്ന് തന്നെയാണ്. എന്നാൽ അവിടെയൊക്കെ തന്നെ വ്യാവസായിക നഗരങ്ങളെയും കൃഷി സ്ഥലങ്ങളെയുമൊക്കെ പ്രത്യേകമായി തന്നെ കണ്ട് അവയെ പരിഗണിച്ച് പരിപാലിച്ച് പോരുന്നു.

നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള ഒരു ശരിയായ പരിഗണന കൃഷിയ്‌ക്കോ കൃഷിസ്ഥലങ്ങൾക്കോ കിട്ടുന്നില്ലാതായെന്നുള്ളതാണ് സത്യം. നമുക്ക് തണ്ണീർ തടങ്ങളുടെയും നെൽവയലുകളുടെയും സംരക്ഷണ നിയമങ്ങളുണ്ടെങ്കിലും അതൊക്ക എത്രമാത്രം പ്രവർത്തിപഥത്തിലുണ്ടെന്നത് സംശയകരമാണ്.

മോഡേൺ റൈസ് മില്ലുകളും അവയുടെ ബ്രാൻഡഡ് റൈസ് ഉത്പന്നങ്ങളും ഇന്ന് വളരെയേറെ പ്രചാരം നേടിക്കഴിഞ്ഞു. മുൻപ് കുട്ടനാട്ടിൽ വ്യക്തികൾ നെല്ല് പുഴുങ്ങി ഉണങ്ങി മില്ലുകളിൽ അരിയാക്കി അടുത്തുള്ള പട്ടണങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന ഒരേർപ്പാടായിരുന്നു ഉണ്ടായിരുന്നത്. അത് അവർക്കൊക്കെ ഒരു വരുമാന മാർഗമായിരുന്നു. ഇന്ന് അതിന് മാറ്റങ്ങളായി. മോഡേൺ റൈസ് മില്ലുകൾ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞു. അതൊക്കെ ആധുനിക കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്. എന്നാൽ അത്തരം ആധുനികവത്കരണം സാധാരണക്കാരായ കർഷകർക്ക് പ്രതികൂലമായി തീരാതെ അവർക്ക് കൂടുതൽ പ്രയോജനവും പ്രോത്സാഹനവുമാണ് ഉണ്ടാകേണ്ടത്.

അരിയുത്പന്നങ്ങളുടെ ഉപയോഗം ഇന്ന് കേരളീയരിൽ കുറഞ്ഞു വരുന്നതായി കാണാം. കൃഷിയിടങ്ങളുടെ അഭാവം മൂലം ഭക്ഷ്യോത്പാദനം നിലയ്ക്കുകയും മനുഷ്യൻ കൃത്രിമ ഭക്ഷ്യ രീതികളിലേക്ക് മാറുകയും ചെയ്യുന്ന കാലവും വിദൂരമല്ല. ഇപ്പോൾ തന്നെ കൃത്രിമമായി മാംസം ഉല്പാദിപ്പിക്കുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ പുരോഗമിച്ചു കഴിഞ്ഞു. മാംസത്തിനായി മൃഗങ്ങളെ കൊല്ലണ്ട എന്നതും കൂടുതൽ രുചികരമായ മാലിന്യം ഇല്ലാത്ത മനുഷ്യന് ദൂഷ്യങ്ങൾ ഉണ്ടാക്കാത്ത നല്ല മാംസം കിട്ടും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രയോജനമായി കാണുന്നത്. ഫാക്ടറിയിൽ ഉണ്ടാക്കുന്ന കൃത്രിമ മാംസം ഒരു പക്ഷെ വലിയ ഒരു സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കാനും സാധ്യതയുണ്ട്. മൃഗങ്ങളുടെ മാംസത്തെ അറപ്പോടും വെറുപ്പോടും കാണുന്നവർ ഇതിനെ എങ്ങനെയായിരിക്കും സമീപിക്കുക എന്നും സസ്യാഹാരികളും മാംസാഹാരികളും തമ്മിലുള്ള അന്തരം എങ്ങനെ കുറയുമെന്നും കാലം തെളിയിക്കട്ടെ.

ഇന്ന് സ്വകാര്യ മേഖലക്ക് പ്രാധാന്യം ഏറുകയും വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം ആയിത്തീരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വികസനത്തിനായി സർക്കാരുകൾ ഭൂമി സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടനാട്ടിൽ മുരിക്കൻ എന്ന സ്വകാര്യ വ്യക്തി തന്റെ സാമ്പത്തിക നിക്ഷേപത്തിലൂടെ കെട്ടിപ്പൊക്കിയ കുട്ടനാട്ടിലെ കായൽ നിലങ്ങൾ ഭൂപരിക്ഷണ നിയമങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് പങ്കിട്ടു കൊടുത്തതും ഈ അവസരത്തിൽ ചിന്തനീയമാണ്.

ഒരു പക്ഷെ കുട്ടനാട്ടിലെ നെൽ വയലുകളിൽ ബഹുരാഷ്ട്രാ കമ്പനികൾ കൃഷി ചെയ്യുന്ന ഒരു രീതിയിലേക്ക് മാറുന്ന കാലം വിദൂരമല്ല എന്ന് കരുതാം. എന്നാൽ അതിലേക്ക് എത്തിച്ചേരാനുള്ള സമയം എങ്ങനെ ദീർക്കിപ്പിക്കാൻ സാധിക്കും എന്നതായിരിക്കണം നാം ചിന്തിക്കേണ്ടതും അതിനായായിരിക്കണം പ്രവർത്തിക്കേണ്ടതും.

ജയസൂര്യ ഉയർത്തിയ കേരളത്തിലെ നെൽ കർഷകരുടെ വിഷയം, പഠന റിപ്പോർട്ടുകളിലോ, ഗവേഷണ പ്രബന്ധങ്ങളിലോ മാത്രം ഒതുങ്ങാതെ, യാഥാർഥ്യബോധത്തോടെ കേരളത്തിലേ പൊതു സമൂഹം ചർച്ചാ വിഷയമാക്കുകയും കാർഷിക മേഖലയിൽ പ്രത്യേകിച്ച് നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് ഒരു നല്ല മാറ്റത്തിന് വഴി തെളിക്കുകയും ചെയ്യണം. അതിന് രാക്ഷ്ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും സമ്പൂർണ പിന്തുണയും ഉണ്ടാകേണ്ടതായിരിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments