കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾ വളരെ സങ്കീർണമായി തുടരുകയാണ്. എറണാകുളത്ത് ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തുടർച്ചയായി ഉണ്ടായ തീപിടുത്തതോടെയാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചേർന്നത്. കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ജൈവ മാലിന്യങ്ങൾ എടുക്കുന്നത് കുറയ്ക്കുകയും ഒരു പരിധിവരെ നിർത്തുകയും ഉറവിട മാലിന്യ സംസ്കരണത്തിനായി നിര്ബന്ധിതരാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനായി ബയോ ബിൻ എന്ന സംവിധാനം നടപ്പാക്കാൻ, അത് വാങ്ങുവാൻ നഗരവാസികളെ നിർബന്ധിതരാക്കുന്നു.
ഫ്ളാറ്റുകളും സ്ഥല പരിമിതിയുള്ള വീടുകളുമാണ് ഏറ്റവും അധികം പ്രയാസങ്ങളിലേക്ക് എത്തിപ്പെട്ടത്. പഴയതും ചെറുതുമായ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സ്ഥല പരിമിതി മൂലവും ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിൽ അപ്രായോഗികമായ ഒരു മാലിന്യ നിർമ്മാർജന രീതികളിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്ന് ലോകം മുഴുവൻ ഏറ്റവും ആധുനികമായ ജീവിതരീതികളിലേക്ക് ജനങ്ങൾ വഴിമാറുമ്പോൾ നാം വ്യത്യസ്തമായി അശാസ്ത്രീയമായ പ്രാകൃതമായ ചില ജീവിതരീതികളിലേക്ക് മാറിപ്പോകുന്നതായി തോന്നുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് കേരള സർക്കാർ കനത്ത പിഴ ഈടാക്കാനുള്ള ശക്തമായ വ്യവസ്ഥകൾ അടങ്ങിയ നിയമ ഭേദഗതി ബില്ല് നിയമസഭയിൽ കൊണ്ട് വരികയാണ്.
നിയമ നിർമ്മാണമെന്നത് ന്യൂതനമായ ഒരു വ്യവസ്ഥിതിക്ക് ഏറ്റവും ആവശ്യമായ ഒന്നാണ്. എന്നാൽ ഒരു നിയമം നടപ്പാക്കുന്നതിന് മുൻപ് അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയെന്നത് ഏറ്റവും അത്യന്താപേക്ഷിതമാണ്. അതിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് കേന്ത്രീകൃതമായ ഒരു മാലിന്യ നിർമ്മാർജ്ജന രീതിക്ക് തന്നെയാണ്. അത് വീടുകളിൽ നിന്ന് സമാഹരിക്കേണ്ട ജൈവമാലിന്യമായാലും അജൈവ മാലിന്യങ്ങൾ ആയാലും പൈപ്പ് വഴി കൊണ്ടുപോകേണ്ട കക്കൂസ് കുളിമുറി മാലിന്യങ്ങളായാലും സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഏറ്റെടുത്ത് നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങളാണ്.
ഇന്ന് കേരളത്തിലെ പൊതു നിരത്തുകളിലൊന്നും തന്നെ ഒരു പേപ്പർ കഷ്ണം പോലും ഉപേക്ഷിച്ചു കളയുവാനുള്ള മാലിന്യപ്പെട്ടികൾ ഇല്ലായെന്നത് തികച്ചും ശോചനീയമായ ഒരു സ്ഥിതിയായേ കരുതുവാൻ സാധിക്കുകയുള്ളു. അര നൂറ്റാണ്ടിന് മുൻപ് തന്നെ സിംഗപ്പൂർ എന്ന നഗരത്തെക്കുറിച്ച് നമ്മുടെ ഇടയിൽ വലിയ ഒരു സംസാരമുണ്ടായിരുന്നു. പൊതു നിരത്തുകൾ എങ്ങനെ ഉപയോഗിക്കണമെന്നും അതിനെ മോശമാക്കുന്ന പ്രവർത്തികൾക്ക് കർശനമായ പിഴകളും നിയമ നടപടികളും അവർ കൈക്കൊണ്ടും പോന്നിരുന്നു. എന്നാൽ ഇത്തരം നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഇന്നും നമ്മുടെ നാട്ടിൽ മനുഷ്യൻറെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾക്ക് പ്രത്യേകിച്ച് പൊതു മൂത്രപ്പുരകളോ ശുചിമുറികളോ ഇല്ലായെന്നത് വളരെ ദുഖകരമാണ്. സ്ത്രീകളാണ് ഏറ്റവും അധികം ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്. യൂറിനറി ഇൻഫെക്ഷൻ പോലുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നു എന്നത് അധികാരികൾ ശ്രദ്ധിക്കാതെ പോകുകയോ ആവശ്യമായ പരിഗണന കൊടുക്കാതെയോ പോകുകയാണ്.
പൊതുജനം എത്തിച്ചേരുന്ന ബസ് സ്റ്റേഷനുകളിലെയൊക്കെ പൊതു ശുചിമുറികളുടെയൊക്കെ സ്ഥിതി അതി ദയനീയമാണ്. ഏറ്റവും രസകരമായ കാര്യം അവിടെയൊക്കെ അത് ഉപയോഗിക്കുന്നവരിൽ നിന്നും പൈസ വാങ്ങുന്നു എന്നതാണ്. തോട്ടിപ്പണിക്കെതിരെ മഹാത്മാ ഗാന്ധി ശക്തമായ സന്ദേശം കൊടുത്ത നാട്ടിൽ, പൊതു ശുചിമുറികളുടെ ഉള്ളിൽ പണപ്പിരിവിനായി ഇരിക്കുന്നവരെ കാണുമ്പോൾ ലജ്ജയും സഹതാപവുമാണ് ഉണ്ടാകുന്നത്. തോട്ടിപ്പണിയും ഇത്തരം ജോലിയുമായി എന്ത് വ്യത്യാസമെന്ന് മനസ്സിലാകുന്നില്ല. ഏറ്റവും ഖേദകരമായ ഒരു കാര്യം പൊതു നിരത്തിലെത്തുന്ന ഒരു വ്യക്തിയുടെ കൈയ്യിൽ പൈസയില്ലാതെ പോയാൽ അയാൾക്ക് തൻ്റെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കില്ലായെന്നതാണ്. അത് സാമൂഹ്യ നീതിയുടെ നിഷേധമാണ്.
പെട്രോൾ പമ്പ് പോലുള്ള പൊതുജനങ്ങൾ ഉപയോഗിക്കുന്ന കൃത്യമായ മാനദണ്ഡത്തോടുകൂടി, പൊതു ടോയ്‌ലെറ്റുകൾ വേണമെന്ന് നിഷ്കർഷിച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ, ലൈസൻസിനുവേണ്ടി ടോയ്‌ലെറ്റുകൾ പണിയുമെങ്കിലും അതൊന്നും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാറില്ല എന്നതാണ് സത്യം. അതിന്റെയൊക്കെ താക്കോലുകൾ ആ സ്ഥാപനത്തിൻറെ ഉടമസ്ഥന്റെയോ മാനേജർമാരുടെയോ പോക്കറ്റുകളിലോ ആയിരിക്കുമെന്നതാണ് യാഥാർഥ്യം. ആ സ്ഥാപനത്തിന് ലൈസൻസ് കൊടുത്തതിന് ശേഷം ആവശ്യമായ പരിശോധനകൾ ഉണ്ടാകുന്നില്ല, അല്ലെങ്കിൽ അഴിമതികളിലൂടെ അതിനെയൊക്കെ മറി കടക്കാൻ സാധിക്കുന്നു എന്നേ കരുതാൻ സാധിക്കൂ.
മാലിന്യ നിർമ്മാർജനം നഗരാസൂത്രണത്തിന്റെ പ്രഥമമായ പരിഗണനാ വിഷയമാകേണ്ട ഒന്നാണ്. മാലിന്യ നിർമ്മാർജനം ഒരു വലിയ പ്രശ്നമായി കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളിൽ നില നിൽക്കുകയാണ്. ഉറവിട മാലിന്യ സംസ്കരണമെന്ന പേരിൽ തദ്ദേശ സ്വയംഭരണാ സ്ഥാപനങ്ങൾ അവരുടെ ഉത്തരവാദിത്തത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. ഒന്നും രണ്ടും സെൻറ് ഭൂമിയിൽ ഒന്നും രണ്ടും കുടുംബങ്ങളൊക്കെ എങ്ങനെ അവരുടെ അടുക്കള മാലിന്യം നിർമ്മാർജനം ചെയ്യുമെന്നും അവരുടെ ബുദ്ധിമുട്ടുകൾ അധികാരികൾ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോയെന്നും സംശയമുണ്ട്.
തദ്ദേശ ഭരണ സ്‌ഥാപനങ്ങൾ അനുമതി കൊടുത്ത് പണിത ചെറിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ പലതിനും തന്നെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഒരു പരിധി വരെ ഒരുക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം.
ഇന്ന് കേരളത്തിലെ സെപ്റ്റിക് ടാങ്കുകളുടെ വിസ്തീർണം കണക്കുകൂട്ടിയാൽ ഒരു പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ ഒരു കണക്കായിരിക്കും അത്.
സെപ്റ്റിക് ടാങ്കുകൾ എന്നത് വളരെ കാലഹരണപ്പെട്ട ഒരു ശുചിമുറി മാലിന്യ നിർമ്മാർജ്ജന രീതിയാണ്. ഒരു പക്ഷെ ഗ്രാമ പ്രദേശങ്ങളിലോ കൂടുതൽ സ്ഥലമുള്ളവർക്കോ മറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയിൽ അനുയോജ്യമായേക്കാം. പക്ഷെ നഗരത്തിന് ഒരിക്കലും പ്രായോഗികമല്ല. ശരിയായ ശാസ്ത്രീയമായ സീവേജ് സംവിധാനമില്ലാത്ത ഒരു പ്രദേശത്തിന്, അത് എത്രമാത്രം വാണിജ്യ കേന്ദ്രങ്ങളും, ബഹുനില മന്ദിരങ്ങളും ഉണ്ടെങ്കിലും നഗരമെന്ന് വിളിക്കാൻ സാധിക്കില്ല. നഗരങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യപ്പെട്ടതായിരിക്കണം.
അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതായിരിക്കണം. കേരളത്തിലെ നാം വിളിക്കുന്ന നഗരങ്ങളെയൊന്നും നഗരങ്ങളായി കരുതാൻ സാധിക്കില്ല. നല്ല റോഡുകളും മികച്ച പൊതു യാത്രാസൗകര്യങ്ങളും, ബസ് ഷെൽട്ടറുകളും, ശുചി മുറി സംവിധാനങ്ങളും, എല്ലാവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും, കുട്ടികൾക്കും ഭയപ്പെടാതെ രാത്രികാലങ്ങളിലും യാത്ര ചെയ്യാൻ സാധിക്കുന്നതും, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജനവും ഒരു നഗരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. നഗരങ്ങളിലുള്ള മാലിന്യ നിർമ്മാർജനം നഗരസഭകളുടെ പൂർണ ഉത്തരവാദിത്തം ആയിരിക്കണം. മറ്റുള്ളവയെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ്. മാലിന്യമെന്നത് എല്ലാ മാലിന്യങ്ങളെയും കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിൽ ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും, ശുചിമുറി മാലിന്യങ്ങളും ഉൾപ്പെടും.
കേരളയീരുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് ചക്കപ്പഴം. ഇന്ന് കേരളത്തിലെ നഗരങ്ങളിൽ താമസിക്കുന്ന ഒന്നും രണ്ടും സെൻറ് ഭൂമിയിലുള്ള വീടുകളിലും, ഫ്ളാറ്റുകളിലും താമസിക്കുന്നവർക്ക് ചക്കപ്പഴം കഴിക്കാൻ സാധിക്കില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ്. കാരണം ചക്കയുടെ ഉപയോഗശൂന്യമായ ഭാഗങ്ങൾ ജൈവമാലിന്യമായതിനാൽ അതിൻറെ നിർമ്മാർജനം ദുഷ്കരമാകുന്നു എന്നത് കൊണ്ടാണ് അവർ അത് ഉപേക്ഷിക്കുന്നത്.
ഒറ്റക്ക് താമസിക്കുന്ന വൃദ്ധരായവർക്ക് ഉറവിട മാലിന്യ സംസ്കരണം തീർത്തും ദുഷ്കരമായ ഒരു ജോലിയായിരിക്കും എന്നേ കരുതാൻ സാധിക്കുന്നുള്ളൂ. തന്നെയുമല്ല ഇത്തരം ഉറവിട മാലിന്യ സംസ്കരണത്തിലൂടെ, മുന്നോട്ട് ഉണ്ടാകാവുന്ന ദൂഷ്യവശങ്ങൾ നമുക്ക് ഇനിയും ശാസ്ത്രീയമായി പഠിക്കേണ്ടിയിരിക്കുന്നു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പരിധിവിട്ട് പെരുകി കൊണ്ടിരിക്കുകയാണ്. പുറത്ത് വരുന്ന കണക്കനുസരിച്ച് ഡെങ്കിപ്പനി രോഗികളുടെ എണ്ണം വളരെയേറെ വർധിച്ചു കൊണ്ടിരിക്കുകയാണ്.
ഗാർഹിക ഉപയോഗത്തിനായി വാങ്ങുന്ന ഒരു ഉപകരണത്തിനെ പൊതിഞ്ഞു നൽകുന്ന പാക്കിങ് മെറ്റീരിയലുകളോ, ഉപയോഗശൂന്യമായ ഒരു കിടക്കയോ, പഴയ വസ്ത്രങ്ങളോ, പൊട്ടിയ ഒരു ഗ്ലാസ്സോ നീക്കം ചെയ്യാൻ ഒരു നഗരവാസി ഇന്ന് കഷ്ടപ്പെടുകയാണ്. വിദേശ രാജ്യങ്ങളിലൊക്കെ റിന്യൂവബിൾ എനർജി പദ്ധതികൾ വളരെ വിജയകരമായി നടപ്പാക്കുമ്പോൾ നമ്മുടെ നാട്ടിൽ അതിലേക്ക് ആവശ്യമായ താല്പര്യം പോലും ബന്ധപ്പെട്ടവർ കാണിക്കുന്നില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്.
നമുക്ക് ശരിയായ ഒരു പാർപ്പിട നയങ്ങളില്ലായെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അതിൽ കേരളത്തിന്റെ പ്രത്യേകതകൾ മുന്നിൽക്കണ്ട് കൂടുതലായി പ്രാധാന്യം കൊടുക്കേണ്ട ഫ്ളാറ്റുകളെയും, അതിലെ നിവാസികളെയും രണ്ടാം തരമായാണ് ബന്ധപ്പെട്ടവർ പരിഗണിക്കുന്നത്. കേരളത്തിൽ ഒരിടത്തും ആവശ്യത്തിന് പാർക്കുകളോ, കളി സ്ഥലങ്ങളോ, കൂട്ട് ചേരാനുള്ള സ്ഥലങ്ങളോ ഇല്ലായെന്നത് നമ്മുടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്നു. അത് കാരണം അവർ അവരുടെ പ്രദേശങ്ങളെ വിട്ട് മറ്റ് പ്രദേശങ്ങളെയും മറ്റ് മേഖലകളെയും തേടിപ്പോകുകയും അത് തെറ്റായ മാർഗങ്ങളിലേക്ക് തിരിയാൻ വഴി വെക്കുകയും ചെയ്യുന്നു.
കുത്തനെ കെട്ടിപ്പൊക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ പാർക്കുകൾക്കും, കളിസ്ഥലങ്ങൾക്കും, മറ്റ് പൊതു ആവശ്യങ്ങൾക്കായും മാറ്റി വെക്കാൻ സാധിക്കും എന്നതാണ് അതിന്റെ വലിയ നേട്ടം. അതുപോലെ തന്നെ ഒരു നല്ല സാമൂഹ്യജീവിതം കെട്ടിപ്പെടുക്കാൻ സഹായിക്കും. അതിനായി സർക്കാർ നയപരിപാടികളും നിയമങ്ങളും ഉണ്ടാക്കിയെടുക്കണം. തുറന്ന സ്ഥലങ്ങളില്ലാത്ത ഫ്ലാറ്റ് സമുച്ഛയങ്ങൾ ഇനി ഉണ്ടാക്കാൻ അനുവദിക്കാതിരിക്കുകയും, കേരള അപ്പാർട്ട്മെന്റ് ഉടമസ്ഥാവകാശ നിയമം ആവശ്യമെങ്കിൽ പരിഷ്കരിക്കുകയും പൂർണമായി നടപ്പാക്കുകയും ചെയ്യണം. നിയമങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോരാ അത് നടപ്പാക്കുകയും വേണം.
ഇന്ന് കേരളത്തിലെ നഗരങ്ങളിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്ന് സീവേജ് പൈപ്പു ലൈനുകളും സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റുകളുടെ നിർമ്മാണവുമാണ്. ഇന്ന് നമ്മുടെ വീടുകളിലെയും ഹോട്ടലുകളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും കുളിമുറിയിലേയും അടുക്കളയിലേയും തുണികഴുകുന്നതുമായ മലിന ജലം മുഴുവൻ കാനകളിലൂടെ ജലാശയങ്ങളിലേക്ക് എത്തിച്ചേരുകയാണ്.
പല വൻകിട ഹോസ്പിറ്റലുകൾക്ക് പോലും മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ഇല്ലായെന്നത് ഒരു സത്യമാണ്. ഹോസ്പിറ്റലുകളിലെ രോഗികളുടെ, അവർ ഉപയോഗിക്കുന്ന മലിന ജലം ജലാശയങ്ങളിലേക്കോ കിണറുകളിലേക്കോ എത്തിച്ചേരുന്നത് എത്രമാത്രം രോഗ സംക്രമണത്തിന് സാധ്യതയുണ്ട് എന്ന് ഏതൊരു സാധാരണക്കാരന് പോലും ചിന്തിക്കാവുന്നതേയുള്ളു. ഫാക്ടറികളുടെ മാലിന്യം വ്യത്യസ്തമായ ഒരു വിഷയം തന്നെയാണ്.
നഗരങ്ങളിൽ പോലും ശുദ്ധജലം എല്ലായിടത്തും എത്തിച്ചുകൊടുക്കാൻ സാധിച്ചിട്ടില്ലായെന്നത് നാഗരാസൂത്രണത്തിന്റെയും നഗര പരിപാലനത്തിന്റെയും പരാജയമായേ കാണാൻ സാധിക്കൂ.
നാം എന്നെങ്കിലും സന്തോഷ സൂചികയിൽ ഒരു നല്ല നിലവാരത്തിലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകണം. ഇത്തരം നീറുന്ന പ്രശ്നങ്ങളിൽ നിൽക്കുന്ന ഒരാൾക്ക് എങ്ങനെ സന്തോഷവാനാകാൻ സാധിക്കും.
ഹോട്ടലുകളുടെ ജൈവ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ നഗരസഭകൾ കാട്ടുന്ന താല്പര്യം ഒരു സാധാരണ വീട്ടുകാരുടെ കാര്യത്തിൽ കാട്ടുന്നില്ലായെന്നത് തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണ്.
അന്തസ്സായി ജീവിക്കുവാനുള്ള ഒരു പൗരൻറെ താല്പര്യത്തിന് അവൻറെ അവകാശത്തിനെ ഹനിക്കുന്നതായി ഒന്നും ഉണ്ടാകരുത്. വരുന്ന വാർത്തകൾ ശരിയെങ്കിൽ നിയമ ഭേദഗതി ബില്ലിൽ, സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന വിവാഹ സൽക്കാരങ്ങളിലോ, മറ്റ് സൽക്കാര ചടങ്ങുകളിലോ നൂറിലേറെ പേരുണ്ടെങ്കിൽ, 3 ദിവസങ്ങൾക്ക് മുൻപ് തദ്ദേശസ്ഥാപനങ്ങളെ അറിയിച്ച് ഫീസ് അടയ്ക്കണം എന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് അറിയുന്നത്. ഇതൊക്കെ നടപ്പായാൽ സാധാരണക്കാരന് എത്രമാത്രം ബുദ്ധിമുട്ടായിരിക്കും ഉണ്ടാകുക. വൻകിട ഹോട്ടലുകളിൽ വെച്ച് നടത്തുന്ന ഉന്നത സാമ്പത്തിക നിലയുള്ളവരുടെ ചടങ്ങുകൾക്ക് ഇത് ബാധകമാകില്ല. സാമൂഹികമായ വേർതിരിവുകൾക്ക് കൂടുതൽ ആക്കം കൂട്ടുകയോ അല്ലെങ്കിൽ സാധാരണക്കാരനും വൻകിട ഹോട്ടലുകളിൽ ചടങ്ങുകൾ നടത്തുവാൻ നിർബന്ധിതരാകുകയും അധിക സാമ്പത്തിക ഭാരം അവൻറെ മേൽ വരികയും ചെയ്യും. ഇത്തരം വ്യവസ്ഥകളൊക്ക ഉണ്ടാക്കേണ്ടിവരുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലമല്ലേ എന്നതാണ് ചിന്തിക്കേണ്ടത്.
നിയമ നിർമ്മാണത്തേക്കാൾ ഉപരി അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടത്. സാമ്പത്തിക നിലയിൽ ഏറ്റവും മെച്ചപ്പെട്ടവർക്ക് മാത്രമേ നഗരത്തിൽ ജീവിക്കുവാൻ പറ്റൂ എന്നത് അംഗീകരിക്കാൻ സാധിക്കില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും ഒരേ രീതിയിൽ തുല്യമായ അടിസ്ഥാന സൗകര്യം എന്നതാണ് സമത്വ ഭാവന. അത് ഭാവനയിൽ മാത്രം ഒതുങ്ങരുത്. അത് യാഥാർഥ്യമായിത്തീരണം.
അയ്യായിരവും പതിനായിരവും വർഷങ്ങൾക്ക് മുൻപ് പ്രാചീന നഗരങ്ങളിലുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ ആധുനിക കാലഘട്ടത്തിൽ ഒരുക്കിക്കൊടുക്കാൻ സാധിക്കുന്നില്ലായെന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുമ്പോൾ അതിലൂടെ മനുഷ്യൻറെ ജീവിതരീതികളും ജീവിത ശൈലികളും മാറും. പുതിയ മെച്ചപ്പെട്ട സംസ്കാരം രൂപംകൊള്ളും. നിയമങ്ങളിലൂടെ കെട്ടപ്പെടുകയല്ല, പകരം ഒരാൾ തനിയെ മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് വേണ്ടത്. അതിന് വേണ്ടത് വിദ്യാഭ്യാസത്തിലൂടെ നല്ല അവബോധം നൽകി പൗരബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കുക എന്നതാണ്.
പടിഞ്ഞാറൻ രാജ്യങ്ങളിലൊക്കെ പുരുഷൻറെ, സ്ത്രീയോടുള്ള നല്ല പെരുമാറ്റം നിയമങ്ങളിലൂടെയല്ല, പകരം അത് അവരുടെ സംസ്കാരത്തിൻറെ ഭാഗമായി മാറുകയായിരുന്നു. അതുപോലെതന്നെ അവിടെ നിന്നുള്ള സഞ്ചാരികൾ ഇവിടെ വന്ന് കൊച്ചിയുടെ കടൽപ്പുറം വൃത്തിയാക്കുന്നതും, അബദ്ധത്തിൽ അവരുടെ കൈയ്യിൽ നിന്നും തറയിൽ വീഴുന്ന എന്തും ഒരു സങ്കോചവുമില്ലാതെ സ്വന്തം തൂവാലയിൽ തുടച്ചെടുക്കുന്നതും ഇവിടത്തെ നിയമത്തിൻറെ കാർക്കശ്യം മൂലമല്ല. പകരം അവർ ആർജിച്ചെടുത്ത സംസ്കാരത്തിന്റെ ഭാഗമായാണ്.
നമുക്കും മാറണം. അതിനായി മെച്ചപ്പെട്ട ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഒരുക്കിക്കൊടുക്കണം. അതോടൊപ്പം അതിനെ പരിപാലിക്കാൻ നിയമങ്ങളും ഉണ്ടാകട്ടെ.