Thursday, December 7, 2023

HomeEditor's Pickസതീശൻ പാച്ചേനി അന്തരിച്ചു

സതീശൻ പാച്ചേനി അന്തരിച്ചു

spot_img
spot_img

കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി.

കണ്ണൂർ ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള സതീശൻ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പലപ്പോഴും പരാജയപ്പെട്ടത്.

2001ൽ മലമ്പുഴയിൽ വിഎസിനോട് വെറും 4703 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. 2006ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പിലും മലമ്പുഴയിൽ സതീശൻ പാച്ചേനിയായിരുന്നു എതിർസ്ഥാനാർഥി. 2009ൽ സിപിഎം കോട്ടയായ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടത് വെറും 1800ൽപ്പരം വോട്ടുകൾക്ക് മാത്രമാണ്.

1996ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും, 2016,2021 വർഷങ്ങളിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അവസാനം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കടന്നപ്പള്ളി രാമചന്ദ്രനാണ് പാച്ചേനിയെ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്.

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജയിൽശിക്ഷ അനുഭവിക്കുകയും അനവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനി ജനിച്ചത്.

പാച്ചേനി സർക്കാർ എൽപി സ്‌കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്‌കൂൾ, പരിയാരം സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി.

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്‌കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്‌കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്‌കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ!ന്റായി. പിന്നീട് കണ്ണൂർ പോളിടെക്‌നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കിയെങ്കിലും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽ നിന്നു പിൻമാറിയുമില്ല.

തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments