Friday, April 19, 2024

HomeFeaturesപോലീസ് മൂല്യതകര്‍ച്ചയുടെ പാതയില്‍

പോലീസ് മൂല്യതകര്‍ച്ചയുടെ പാതയില്‍

spot_img
spot_img

(കാരൂര്‍ സോമന്‍, ലണ്ടന്‍)

നിത്യവും കാണുന്ന പംക്തികള്‍പോലെ നമ്മുടെ പൊലീസ് വകുപ്പ് ഭീതിപ്പെടുത്തുന്ന അനശ്വരതയിലേക്ക് വളരുകയാണ്. സ്വീഡന്‍ സന്ദര്‍ശിച്ച ഒരു വ്യക്തി എന്ന നിലയില്‍ പറഞ്ഞാല്‍ യൂറോപ്പില്‍ മൂല്യവത്തായ വ്യക്തിത്വമുള്ളവരും സംസ്‌കാര സമ്പത്തുള്ളവരും അച്ചടക്കമുള്ളവരുമാണ് സ്വീഡിഷ് ജനത. ഇന്ത്യയിലേതുപോലെ അവര്‍ ഒരിക്കലും അനീതി അധര്‍മ്മം ജാതി മത രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്നവരല്ല.

സ്വീഡനില്‍ നിന്ന് വന്ന സഞ്ചാരിയുടെ മദ്യ കുപ്പി വാങ്ങി അതിലെ മദ്യം അച്ചടക്കമില്ലാത്ത പൊലീസ് ഒഴുക്കിക്കളഞ്ഞതിലൂടെ കേരള പൊലീസ് വകുപ്പിലെ ഒരു ഉന്മാദിയെ ലോകത്തിന് വെളിപ്പെടുത്തി തന്നു. മൂന്ന് ലിറ്റര്‍ മദ്യം കൈവശം വെക്കാമെന്നുള്ള നിയമം ഇന്ത്യയില്‍ നിലനില്‍ക്കെ നിയമങ്ങള്‍ പരിപാലിക്കേണ്ട പൊലീസ് നിയമങ്ങള്‍ ലംഘിക്കുന്ന കാഴ്ചകളാണ് നിത്യവും നടത്തിക്കൊണ്ടിരിക്കുന്നത്.

സ്നേഹത്തിന്റ ശാലീനമായ ഒരന്തിരിഷത്തില്‍ ജീവിക്കുന്ന ഒരു പൗരന്‍ കേരളത്തില്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ആരും നിസ്സാരമായി കാണരുത്. ഈ കാടത്തം പാശ്ചാത്യ രാജ്യങ്ങളിലായിരുന്നെങ്കില്‍ ഈ പൊലീസ്‌കാരന്‍ ഇരുമ്പഴിക്കുള്ളിലാകുമായിരിന്നു. അപകടകാരികളായ കാട്ടിലെ ആനയെ മെരുക്കിയെടുക്കുന്നതുപോലെ കേരളത്തിലെ പൊലീസിനെ മെരുക്കിയെടുക്കാന്‍ എന്തെങ്കിലും വഴികള്‍ ഭരണാധികാരികള്‍ കണ്ടെത്തണം.

ആദ്യം ഇവരെ പഠിപ്പിക്കേണ്ടത് മാനുഷിക മൂല്യങ്ങള്‍ എന്താണ്? സാംസ്‌കാരികമായി വളരേണ്ടത് എങ്ങനെയാണ്? പൊലീസ് സ്റ്റേഷനില്‍ ചെറിയ ലൈബ്രറി നല്ലതാണ്. നാലക്ഷരം വായിച്ചു വളരട്ടെ. അല്ലാതെ കൈക്കൂലി വളര്‍ച്ചയും പാവങ്ങളുടെ മേല്‍ കുതിരകയറാനുമല്ല പഠിക്കേണ്ടത്.

നമ്മുടെ പൊലീസ് സംവിധാനത്തില്‍ പിന്‍വാതില്‍ നിയമനങ്ങളും അഴിമതിക്കാരും ഉള്ളതുകൊണ്ടാണ് നിത്യവും പൊലീസ് പീഡനങ്ങള്‍ അരങ്ങേറുന്നത്. മാനുഷിക മൂല്യങ്ങള്‍, അച്ചടക്ക0, ക്ഷമ, കാരുണ്യമില്ലാത്തവര്‍ എങ്ങനെയാണ് പൊലീസ് സേനയില്‍ കടന്നുവരുന്നത്? ഇതിലെ കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന, ന്യായികരിക്കുന്ന പൊലീസ് അസോസിയേഷന്‍, ഭരണരംഗത്തുള്ളവരെ പിരിച്ചുവിടാതെയിരിന്നാല്‍ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അത് സമൂഹത്തെ, രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയല്ല ചെയ്യുന്നത് മറിച്ചു് തല്ലിത്തകര്‍ക്കുകയാണ്.

യൂറോപ്പില്‍ കൊടുംകുറ്റവാളികളെപോലും സ്നേഹത്തോടെയാണ് പൊലീസ് സമീപിക്കുന്നത്. ജനങ്ങളുടെമേല്‍ തെറ്റായ പദങ്ങള്‍ ഉപയോഗിക്കാന്‍ പോലും നിയമങ്ങള്‍ അനുവദിക്കുന്നില്ല. ചില ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യയിലുമാണ് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതപോലെ മനുഷ്യരോട് കാട്ടുന്ന നീതി നിഷേധങ്ങള്‍ നടപ്പാക്കുന്നത്. നിയമ പാലകര്‍ നിയമം പഠിച്ചാല്‍ മാത്രം പോരാ അതിലുപരി ധര്‍മ്മത്തിന് കോട്ടം വരാതെ പരിപാലിക്കപ്പെടണം.

ഒരു ഭരണത്തെ ദുര്‍ബലപ്പെടുത്താന്‍ കരുത്തുള്ളവരാണ് പട്ടാളവും പൊലീസും. ഈ കൂട്ടരുടെ ലക്ഷ്യം ഭൗതിക വളര്‍ച്ചയാണ്. സത്യവും നീതിയും ഇവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗണത്തില്‍പ്പെട്ട ധാരാളം ക്രിമിനലുകള്‍ കേരള പൊലീസിലുണ്ട്. ഇവര്‍ ഗുണ്ടകളെപോലെയാണ് ജനത്തെ നേരിടുന്നത്. ഇവരെ നിലനിര്‍ത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. ഇത് നിയമവാഴ്ചക്ക് വെല്ലുവിളിയും ഭരണതകര്‍ച്ചക്ക് കാരണവുമാകുന്നു.

ഇവര്‍ക്ക് മുകളില്‍ വിദ്യാസമ്പന്നരയ ചാരന്മാരെ നിയോഗിച്ചാല്‍ ഇവര്‍ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അനീതികള്‍ സമഗ്രമായി അറിയാന്‍ സാധിക്കും. പൊലീസ് വകുപ്പിനെ സത്യസന്ധമായി വിലയിരുത്താന്‍ ചുമതലപ്പെട്ടവര്‍ മുന്നോട്ട് വരാത്തതുമൂലം അറിയേണ്ടതൊന്നും അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെയിരിക്കുന്നു. കേരളത്തില്‍ ക്രമസമാധാന പരിപാലനം തകിടം മറിയാന്‍ കാരണം കര്‍ത്തവ്യബോധമുള്ള നിയമപാലകര്‍ ഇല്ലാത്തതാണ്. കൃത്യമായി പറഞ്ഞാല്‍ പൊലീസ്‌കാരന്‍ ഭയവും ആദരവും കാണിക്കേണ്ടത് ഉന്നത പൊലീസ്‌കാരുടെ മുന്നിലല്ല അതിലുപരി അന്നം തരുന്ന ജനത്തിന് മുന്നിലാണ്.

പൊലീസ്‌കാരുടെ കുറ്റങ്ങള്‍ കണ്ടെത്തി ശിക്ഷിക്കാതെ, തുറുങ്കിലടക്കാതെ പോയാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ജനത്തിന് കണ്ണില്‍ പൊടിയിടുന്ന സസ്‌പെന്‍ഷനുമായി മുന്നോട്ട് പോയാല്‍ പാവങ്ങളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുകതന്നെ ചെയ്യും. നിയമ വാഴ്ചയുടെ കര്‍ത്തവ്യമാണ് കുറ്റവാളികളെ ശിക്ഷിക്കേണ്ടത്. അവിടെ പൊലീസ്, ഭരണാധിപന്‍ എന്നൊന്നില്ല. നീതി ലഭിക്കാത്തവര്‍ക്ക് കോടതി വിധി ആശ്വാസകരമായി കാണാറുണ്ട്.

നീതിയുടെ യഥാര്‍ത്ഥ പ്രതിച്ഛായ ഈശ്വരന് തുല്യമാണ്. കാലം വളര്‍ന്നിട്ടും നമ്മുടെ പോലീസ് എന്താണ് വളര്‍ച്ച പ്രാപിക്കാത്തത്? പൊലീസ് വകുപ്പില്‍ നിന്ന് നല്ല നല്ല പ്രതിച്ഛായകള്‍ സമകാലിക ജീവിതത്തിലുണ്ടാകട്ടെ. മനുഷ്യര്‍ ഏകാന്തതയുടെ തടവറയില്‍ ഉറങ്ങുമ്പോഴും ഉറങ്ങാത്ത കണ്ണുകളുമായി കഴിയുന്ന പൊലീസ്‌കാരുടെ ആത്മാവിനെ തൊട്ടറിയുന്നവരാണ് ജനങ്ങള്‍. നിയമപാലന രംഗത്ത് മൂല്യത്തകര്‍ച്ചയുണ്ടാകാതെയിരിക്കട്ടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments