മേഘങ്ങൾ വന്നു പുറം ചൊറിയാൻ
മുട്ടിയുരുമ്മുന്ന മാമലയിൽ
മാനുകൾ ശാന്തമാം കണ്ണുമായി
മേയും തപോവനോപാന്തങ്ങളിൽ
മഞ്ഞും മഴയും വെയിലുമേറ്റ്
ലോകോപകാരമേ ലക്ഷ്യമാക്കി
ഉഗ്രതപസ്സാണ്ട മാമരങ്ങൾ
ജീവിക്കുമാരണ്യദേശങ്ങളിൽ
എൻറേതെന്നോതുവാനുള്ളതെന്തോ
ഉണ്ടെന്നതിന്നുള്ളസൂചനകൾ
എത്രയോ പേരുണ്ടു ചൊല്ലീടുന്നു
എപ്പോഴുമെന്നുടെ ചുറ്റിൽനിന്ന്
ഉള്ളിൽ തണുപ്പുള്ള കാർമേഘങ്ങൾ
ഉച്ചത്തിൽനിന്നതു കണ്ടുകൊണ്ട്
എന്നോടവരുടെ ഭാഷയാലെ
ഓതുന്നതു നിങ്ങൾ കേട്ടിരിക്കും
കാടുകൾ താണ്ടി വരുന്ന കാറ്റും
ഭാഷയില്ലാത്തൊരു ഭാഷയാലെ
ചുറ്റുമുരുമ്മി പറയുന്നുണ്ട്
കോൾമയിർകൊള്ളിക്കും സ്പർശത്താലെ
കാട്ടിൽനിന്നെത്തുമരുവികളും
ചൊല്ലും കളകളനാദത്തിൻറെ
അർത്ഥവുമ്മറ്റൊന്നുമാകയില്ല
അല്ലാതവരെന്തു ചൊല്ലീടുവാൻ
കാടിൻറെ ദുതരായെൻറെ ചുറ്റും
പൊട്ടിമുളച്ചുള്ള സസ്യങ്ങളും
കാറ്റിലിളകുമിലകളാലെ
കാടിനെതന്നെയാം ചൂണ്ടുന്നത്
എല്ലാരുമെല്ലാരും കാട്ടിലെന്തോ
ഉണ്ടെന്നു ചൊല്ലുന്നതെന്തു താനോ
പോയ്പ്പോയജന്മത്തിലൊന്നിലെങ്ങാൻ
ഞാനറിയാതെകണ്ടൂർന്നു പോയ
പ്രാധാന്യമുള്ളതായുള്ളതെന്തോ
കാട്ടിലെങ്ങാണ്ടോ കിടക്കുന്നുണ്ട്
പോയി തിരയണമെന്നുമുണ്ട്
എന്തു തിരയണമെന്നതാണ്
എപ്പോഴും പോക്കിനെ പിൻവലിക്കാൻ
കാരണമാകുന്നതെന്നു മാത്രം
മേഘമോ കാറ്റോ സരിത്തുകളോ
സസ്യജാലങ്ങളോ ചൊല്ലീടുന്ന
ഭാഷയെനിക്കറിയാതെപോയി
എങ്ങിനെ പോയി തിരയാനാണ്
***************************************
–കരിയന്നൂർ ദിവാകരൻ നമ്പൂതിരി
ph:416 675 7475