അനഘ ഹരീഷ്
ഓടിട്ട , തട്ടും ത്ലാങ്ങും, ചുവന്ന കാവിയും , മുറ്റത്തു പുളി മാങ്ങയും , പ്ലാവും ഒക്കെയുള്ള ഒരു വീടായിരുന്നു ഞാൻ ജനിച്ചുവളർന്ന എൻ്റെ വീട് . ചിതലും , വേനലായാൽ വറ്റുന്ന കിണറും മാത്രമായിരുന്നു ആ വീടിനു അകെ കൂടി ഉണ്ടായിരുന്ന കുഴപ്പങ്ങൾ . പടിഞ്ഞാറേ മുറി, തെക്കേ മുറി , പൂജാമുറി അടുക്കള , കോണിയകം, വടക്കേ മുറി , ഇടനാഴി, മേലത്തെ മുറി, പിന്നെ അടുക്കളയിൽ നിന്ന് , കോണി വച്ചു മാത്രം കേറാൻ പറ്റുന്ന ചെറിയ വാതിലുള്ള തട്ടിൻ പുറം , ഇതൊക്കെയാണ് എൻ്റെ മനസ്സിൽ ബാക്കിയുള്ള ആ വീടിൻ്റെ ചിത്രങ്ങൾ .
അച്ഛൻ വർഷത്തിലൊരിക്കൽ മാത്രം വരുന്നത് കൊണ്ട് ഞങ്ങൾ രണ്ടു പെൺകുട്ടികളുടെയും ലോകം ആ വീട് മാത്രമാണ് . അമ്പലം സ്കൂൾ വീട് ഇതായിരുന്നു സ്ഥിരം പോയിരുന്ന സ്ഥലങ്ങൾ. വേറെയെവിടെയും അമ്മ അങ്ങനെ പോവാൻ സമ്മതിക്കാറില്ല.
അടുക്കളയിൽനിന്നും കുളിമുറിയിൽനിന്നും വെള്ളം കോരാവുന്ന ഒരു കിണറുണ്ടായിരുന്നു . മഴക്കാലമായാൽ വെള്ളം മേലെ വരെ വരും. പക്ഷെ വേനൽ തുടങ്ങിയാൽ വറ്റി വരണ്ടു പാറ കാണാൻ തുടങ്ങും . പിന്നെ കുറേ ദൂരെ ഉള്ള പൈപ്പിൽ നിന്ന് വേണം വെള്ളം കൊണ്ടുവരാൻ ഒരു 10 സ്റ്റെപ് കേറിയാലേ വീട്ടിലെത്താൻ പറ്റു. ഈ ഒറ്റ കാരണം കൊണ്ട് സഹായിക്കാൻ വരുന്നവരൊക്കെ , വേനലാവുമ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞു സ്ഥലം വിടും. പിറ്റേക്കൊല്ലം അച്ഛൻ നാട്ടിൽ വന്നപ്പോ, വേറെ കിണർ കുഴിക്കാൻ തീരുമാനമായി. പഴയ കിണർ , പുതിയ കിണറു കുഴിച്ചപ്പോൾ എടുത്ത മണ്ണിട്ട് മൂടി. കുറേ കുഴിച്ചപ്പോൾ പുതിയ കിണറിലും പാറ കണ്ടു. ഉറവുണ്ട്, വെള്ളമുണ്ടാവും എന്നൊക്കെ പറഞ്ഞു
കിണറിനു സ്ഥാനം കണ്ട ആൾ മുങ്ങി. പതിവ് പോലെ മഴക്കാലമായാൽ കിണറിൽ വെള്ളം നിറയും വേനൽ ആയാൽ വറ്റി വരളും . വീണ്ടും കുടവും ബക്കറ്റും ഒക്കെയായി പൈപ്പ് തന്നെ ശരണം. ഇതിങ്ങനെ കുറച്ചു നാള് പോയപ്പോ വീട് വിൽക്കണം ന്നു തീരുമാനം ആയി …അത് കേട്ടപ്പോൾ മുതൽ സങ്കടം ആണ്. വൈകുന്നേരങ്ങളിൽ പൂവിടുന്ന പവിഴമല്ലിയും പല നിറത്തിലുള്ള കനകാംബരവും, വിശാലമായ മുറ്റവും , മാവും, പ്ലാവും, കൊയ്യ മരവുമൊക്കെയുള്ള തൊടിയും ഇനി ഒരിക്കലും ജീവിതത്തിൽ ഉണ്ടാവില്ലന്നു ഒരു തോനൽ .പക്ഷെ, ആ വീട് വിൽക്കൽ അത്ര എളുപ്പമായിരുന്നില്ല. വെള്ളമില്ലാത്ത വീടെന്ന പേരുദോഷം നാട് മുഴുവൻ അപ്പഴേക്കും പരന്നിരുന്നു.
അങ്ങനെ ഒരു വൈകുന്നേരം ഗംഭീര കാറ്റൊക്കെയായി ഒരു വേനൽ മഴ വന്നു . രാവിലെ ഉറക്കമെഴുനേറ്റു നോക്കുമ്പോൾ പവിഴമല്ലി മരം വീണു കിടക്കുന്നു. എനിക്കോർമ്മ വച്ച സമയം മുതൽ ആ പവിഴമല്ലി മരം , വൈകുന്നേരങ്ങളിൽ സുഗന്ധംപരത്തി അവിടെയുണ്ടായിരുന്നു. ഭയങ്കര സങ്കടം ആയി. എൻ്റെ സങ്കടം കണ്ടിട്ടാവണം, നിലത്തു വീണ പവിഴമല്ലി മരത്തിൽ പുതിയ ഇലകൾ തളിരിട്ടു. പക്ഷെ ഒരിക്കലും പഴയത് പോലെ ആ പവിഴമല്ലി പൂക്കില്ല ന്നു അറിയാമായിരുന്നു . ഒടുവിൽ ആ വീടാരോ വാങ്ങിച്ചു…ആ വീട്ടിൽ നിന്നിറങ്ങുബോൾ തിരിഞ്ഞു നോക്കിയില്ല, നോക്കിയാലും നിറഞ്ഞ കണ്ണിൽ ഒന്നും കാണുമായിരുന്നില്ല..പവിഴമല്ലി പിന്നീടെപ്പോഴെങ്കിലും പൂവിട്ടൊ എന്നറിയില്ല…ചിലപ്പോ വീട് വാങ്ങിച്ചവർ അത് വെട്ടി കളഞ്ഞിട്ടുണ്ടാവും .
വർഷങ്ങൾക്കു ശേഷം വീണ്ടും ആ വീടിൻ്റെ പടി വരെ പോയി..ഉള്ളിലേക്ക് കേറാനൊരു പേടി ..ആ പവിഴമല്ലി അവിടെ ഇല്ലെങ്കിലോ .ആ പേടികൊണ്ടു പോയിനോക്കിയില്ല..മനസ്സിൽ അതൊരു ആഗ്രഹമായിഉണ്ടായിട്ടും!
പക്ഷെ എനിക്കൊരിക്കൽക്കൂടി പോകണം…
“കനകാംബരങ്ങൾ കാവൽ നിന്നിരുന്ന കിണറും, ശലഭങ്ങൾ കൂടു കൂട്ടുന്ന, പവിഴമല്ലികൾ പൂക്കുന്ന സന്ധ്യകളും ഉള്ള ആ വീട്ടിലേക്ക് …”
എങ്ങാനും എനിക്ക് വേണ്ടി ആ പവിഴമല്ലി പൂത്തിട്ടുണ്ടോന്നു നോക്കണം !
