Friday, April 19, 2024

HomeFeaturesസെന്റ് പാട്രിക്കിന്റെ തിരുനാളും ചില നോമ്പുകാല ചിന്തകളും

സെന്റ് പാട്രിക്കിന്റെ തിരുനാളും ചില നോമ്പുകാല ചിന്തകളും

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ആഗോളക്രൈസ്തവരുടെ ഉപവാസം, പ്രാര്‍ത്ഥന, അനുരഞ്ജനം, പരിത്യാഗം എന്നിവയുടെ കാലഘട്ടമായ വലിയനോമ്പിനിടയില്‍ എല്ലാവര്‍ഷവും നിശ്ചിതതിയതികളില്‍ വരുന്ന മൂന്നു പ്രധാനപ്പെട്ട തിരുനാളുകളാണ് വിശുദ്ധ പാട്രിക്കിന്റെ പെരുനാള്‍ (മാര്‍ച്ച് 17), വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ (മാര്‍ച്ച് 19), മാതാവിന്റെ വചനിപ്പുതിരുനാള്‍ (Feast of Annunciation മാര്‍ച്ച് 25) എന്നിവ. ഇവയില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത് സെ. പാട്രിക്കിന്റെ തിരുനാളാണ്. വടക്കേ അമേരിക്കയിലും, യൂറോപ്പിലും, ആസ്‌ട്രേലിയായിലും ഒരു നല്ല വിഭാഗം ക്രൈസ്തവര്‍ പ്രത്യേകിച്ച് കുടിയേറ്റകത്തോലിക്കര്‍ ഗംഭീരമായി ആഘോഷിക്കുന്ന തിരുനാളാണ് അയര്‍ലണ്ടിന്റെ അപ്പസ്‌തോലന്‍, രാജ്യസംരക്ഷകന്‍ എന്നൊക്കെ അറിയപ്പെടുന്ന വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍.

കേരളത്തിലാണെങ്കില്‍ എല്ലാവര്‍ഷവും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഉല്‍സവങ്ങളുടെയും, പള്ളിപ്പെരുനാളുകളുടെയും കാലമാണ്. ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്ന ക്രിസ്മസ്, പുതുവര്‍ഷം എന്നിവയെതുടര്‍ന്ന് രാക്കുളിപെരുനാള്‍ (പാലാ), പിണ്ടിപ്പെത്തിപ്പെരുനാള്‍ (ഇരിഞ്ഞാലക്കുട), വി. ചാവറ കുര്യാക്കോസ് ഏലിയാസ് (മാന്നാനം), വി. സെബസ്റ്റ്യാനോസ് (അര്‍ത്തുങ്കല്‍, അതിരമ്പുഴ, കാഞ്ഞൂര്‍, വേളി) തിരുനാളുകള്‍, മൂന്നുനോയമ്പ്, ശബരിമല മകരവിളക്ക് എന്നിവ ഒന്നൊന്നായി പെരുനാള്‍ ആഘോഷങ്ങളില്‍ സ്ഥാനം പിടിക്കും. ഫെബ്രുവരിമാസം പകുതികഴിഞ്ഞാല്‍പ്പിന്നെ ആഗോളക്രൈസ്തവരുടെ വലിയനോമ്പ് ആരംഭിക്കുകയായി. 

ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാഘോഷമായ ഈസ്റ്ററിന്റെ  തിയതി ഓരോ വര്‍ഷവും മാറി വരുന്നതിനാല്‍ വലിയ നോമ്പ് ആരംഭിക്കുന്നതും, അവസാനിക്കുന്നതുമായ തിയതികള്‍ ഓരോവര്‍ഷവും മാറിക്കൊണ്ടിരിക്കും. രാവും പകലും ഒരേ ദൈര്‍ഘ്യത്തില്‍ വരുന്ന വസന്തത്തിലെ മാര്‍ച്ച് ഇക്വിനോക്‌സിനു (Spring Equinox) ശേഷം ആദ്യം വരുന്ന പൂര്‍ണചന്ദ്രനു ശേഷമുള്ള ആദ്യത്തെ ഞായര്‍ ആണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. മാര്‍ച്ച് 21 ആണ് സഭ മാര്‍ച്ച് ഇക്വിനോക്‌സ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഗ്രിഗോറിയന്‍ അഥവാ ക്രിസ്റ്റ്യന്‍ കലണ്ടര്‍ അനുസരിച്ച് ഈസ്റ്റര്‍ എല്ലാവര്‍ഷവും മാര്‍ച്ച് 22 നും, ഏപ്രില്‍ 25 നും ഇടയിലായി വരാം. പാശ്ചാത്യക്രൈസ്തവപാരമ്പര്യമനുസരിച്ച് 40 ദിവസത്തെ വലിയനോമ്പാരംഭിക്കുന്നത് വിഭൂതിബുധനോടുകൂടിയാണല്ലോ. വിഭൂതിയ്ക്കും ഈസ്റ്ററിനും ഇടയില്‍ 46 ദിവസങ്ങള്‍ ഉള്ളതിനാല്‍ വലിയനോമ്പ് ഫെബ്രുവരി 4 നും, മാര്‍ച്ച് 10 നും ഇടയിലുള്ള ഏതെങ്കിലും ദിവസം ആയിരിക്കും ആരംഭിക്കുക. ഇവയില്‍ ഏതുദിവസം നോമ്പാരംഭിച്ചാലും മാര്‍ച്ച് 17, 19, 25 എന്നീ ദിവസങ്ങളിലെ പെരുനാളുകള്‍ എപ്പോഴും നോമ്പിന്റെ നടുവിലായിരിക്കും വരിക.

ഈ വര്‍ഷത്തെ (2023) സെ. പാട്രിക്കിന്റെ മാര്‍ച്ച് 17 ലെ പെരുനാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതൊരു വെള്ളിയാഴ്ച്ചകൂടിയാണ്. സഭയുടെ കാനോന്‍ നിയമം വലിയ നോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ ആഗോളക്രൈസ്തവര്‍ക്ക് മാംസവര്‍ജന നിഷ്‌ക്കര്‍ഷിക്കുന്നു. പക്ഷേ പേടിക്കേണ്ട ആവശ്യമില്ല. സെ. പാട്രിക്കിന്റെ തിരുനാളിന്റെ പ്രാധാന്യവും, ആഘോഷിക്കുന്ന ആള്‍ക്കാരുടെ എണ്ണവും കണക്കിലെടുത്ത് പ്രാദേശിക മെത്രാന്മാര്‍ മാംസവര്‍ജനയില്‍നിന്നും വിശ്വാസികള്‍ക്ക് ഇളവു നല്‍കാറുണ്ട്. ഈ വര്‍ഷവും പാട്രിക്ക് പുണ്യവാളന്റെ തിരുനാളിന്മാംസാഹാരം കഴിക്കുന്നതിന് അമേരിക്ക ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം കത്തോലിക്കര്‍ക്കും തടസമില്ല. പകരം അവര്‍ മറ്റൊരു ദിവസം മാംസാഹാരം ത്യജിച്ചാല്‍ മതിയാകും.

അയര്‍ലണ്ടിന്റെ അപ്പസ്‌തോലനും, ബിഷപ്പും, മിഷനറിയുമൊക്കെയായിരുന്ന വിശുദ്ധ പാട്രിക്കിന്റെ തിരുനാളാന് അദ്ദേഹം മരണമടഞ്ഞു എന്ന വിശ്വസിക്കപ്പെടുന്ന മാര്‍ച്ച് 17 ന് ആഗോളസഭയും, പ്രത്യേകിച്ച് അയര്‍ലണ്ടിലെ ക്രൈസ്തവസഭയും ആഘോഷിക്കുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സെ. പാട്രിക് ആണ് അയര്‍ലണ്ടില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചത് എന്നാണ് ഐതിഹ്യം. 

എന്നാല്‍ സെ. പാട്രിക്ക് ജനിച്ചത് അയര്‍ലണ്ടിലല്ല, മറിച്ച് അന്നത്തെ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടനിലെ ഒരു ധനിക കുടുംബത്തി ല്‍ 386 ല്‍ ആയിരുന്നു ജനനം. ധനിക കുടുംബത്തിലെ അംഗമായതിനാല്‍ മോചനദ്രവ്യത്തിനായി ഐറിഷുകാരായ കടല്‍കൊള്ളക്കാര്‍ 16ാം വയസില്‍ പാട്രിക്കിനെ അയര്‍ലണ്ടിലേക്ക് തട്ടിക്കൊണ്ടുപോയി അടിമയായി വിറ്റു. തടവുകാരനാക്കപ്പെട്ട 6 വര്‍ഷവും ആട്ടിടയനായി അദ്ദേഹം തൊഴില്‍ ചെയ്ത് ഏകാന്ത ജീവിതം നയിച്ച് അതികഠിനമായ ജീവിതത്തില്‍നിന്നും രക്ഷപെട്ട് കപ്പല്‍ കയറി ജന്മദേശമായ ബ്രിട്ടനില്‍ തിരിച്ചെത്തിയ അദ്ദേഹം സര്‍വശക്തനായ ദൈവമാമ് തന്നെ സുരക്ഷിതനായി തിരിച്ചെത്താന്‍ സഹായിച്ചതെന്ന് വിശ്വസിച്ച് മതത്തിന്റെ തണലില്‍ ആശ്വാസം കണ്ടെത്തി നല്ലൊരു ക്രിസ്ത്യാനിയായി മാറി.
മിഷനറിയായി അയര്‍ലണ്ടിലേക്ക് തിരിച്ചുപോയി സുവിശേഷം പ്രചരിപ്പിക്കണമെന്ന് സ്വപ്നത്തില്‍ ദര്‍ശനം ലഭിച്ചതനുസരിച്ച് പാട്രിക്ക് ബ്രിട്ടനിലെ ഒരു ആശ്രമത്തില്‍ 15 വര്‍ഷം മിഷന്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങി. തൂടര്‍ന്ന് വൈദികനായി മാറിയ പാട്രിക്ക് താന്‍ തടവറയില്‍ കഴിഞ്ഞ അയര്‍ലണ്ടിലേക്ക് തിരിച്ചുപോയി. ക്രിസ്ത്യാനികള്‍ അപ്പോള്‍ അവിടെ വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരില്‍ പലരും വിശ്വാസികളായിരുന്നില്ല. പാട്രിക്ക് ഗ്രാമപ്രദേശങ്ങളിലൂടെ കാല്‍നടയായി സഞ്ചരിച്ച് സുവിശേഷ വേല ചെയ്തു ധാരാളം പള്ളികള്‍ സ്ഥാപിച്ചു.

432 ല്‍ ബിഷപ്പായി വാഴിക്കപ്പെട്ട സെ. പാട്രിക്കിനെഅന്നത്തെ മാര്‍പാപ്പയായിരുന്ന സെലസ്റ്റൈന്‍ ഒന്നാമന്‍ അയര്‍ലണ്ടിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അയച്ചു. ക്രിസ്ത്യാനികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കി ജീവിച്ച സെ. പാട്രിക്ക് 461മാര്‍ച്ച് 17 ന് മരണമടഞ്ഞു.

ഐറിഷ് കത്തോലിക്കരുടെ ഏറ്റവും പ്രധാനപ്പെട്ട ഈ തിരുനാള്‍ അയര്‍ലണ്ടില്‍ എട്ടാം നൂറ്റാണ്ടുമുതല്‍ ആഘോഷിക്കാന്‍ തുടങ്ങി. അയര്‍ലണ്ടില്‍ മാത്രമല്ല ഈ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. അയര്‍ലണ്ടില്‍ കേവലം മതപരമായ ആചാരങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ഈ തിരുനാളിന് ആഗോളതലത്തില്‍ പ്രചാരം നല്‍കിയത് അമേരിക്കയില്‍ കുടിയേറി താമസമുറപ്പിച്ച ഐറിഷ്-അമേരിക്കന്‍ കുടിയേറ്റക്കാരാണ്. മതാധിഷ്ഠിത തിരുനാള്‍ എന്നതിലുപരി അതിനെ ദേശീയാടിസ്ഥാനത്തില്‍ ഐറിഷ് പാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയുംഒരു ഉല്‍സവദിനമാക്കി അവര്‍ മാറ്റി.

ഉപ്പില്‍ പാകപ്പെടുത്തിയ മാട്ടിറച്ചി (corned beef), ഉരുളക്കിഴങ്ങ്,  കാബേജ് എന്നിവയാണ് ഐറിഷ് വിഭവങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. പാനീയങ്ങളില്‍ പച്ചനിറത്തിലുള്ള ബിയറും. തുടക്കത്തില്‍ അയര്‍ലണ്ടിന്റെ കളര്‍ നീലയായിരുന്നുവെങ്കിലും കാലക്രമത്തില്‍ അതു പച്ചയിലേക്ക് വഴിമാറി. പച്ച നിറത്തിലുള്ള ഷാംറോക്ക് (shamrock അയര്‍ലണ്ടില്‍ പൊതുവേ കാണപ്പെടുന്ന മൂന്നു ദളങ്ങളോടു കൂടിയ ക്ലോവര്‍ വര്‍ഗത്തില്‍പെട്ട ഒരു ചെടി) ആണ് അയര്‍ലണ്ടിന്റെ ദേശീയ ചെടി. സെ. പാട്രിക്കും ഷാംറോനുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യമനുസരിച്ച് മറ്റുള്ളവരെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കുന്നതിനായി അദ്ദേഹം ഷാംറോക്ക് എന്ന് മൂന്നിലയുള്ള ചെടി ഉപയോഗിച്ചിരുന്നു. ഷാംറോക്ക് ഇലയുടെ മൂന്നു ദളങ്ങള്‍ പോലെയാണ് പരിശുദ്ധ ത്രീത്വം എന്ന് അദ്ദേഹം അക്രൈസ്തവരെ പഠിപ്പിച്ചിരുന്നു. 

എല്ലാവര്‍ഷവും മാര്‍ച്ച് 17 ന് അമേരിക്ക അക്ഷരാര്‍ത്ഥത്തില്‍ ഒരു എമറാള്‍ഡ് രാജ്യമായി മാറും. പച്ചനിറത്തിലുള്ള വസ്ത്രങ്ങളും, ഹാറ്റും ധരിച്ച് പച്ചനിറത്തിലുള്ള ബിയറും, മില്‍ക് ഷെയിക്കും നുകര്‍ന്ന് ആര്‍ത്തട്ടഹസിച്ച് ഉല്‍സവലഹരിയില്‍ എല്ലാവരും ആറാടുന്നു. എങ്ങുതിരിഞ്ഞാലും പച്ചകളര്‍ മാത്രം. ചിക്കാഗോ നഗരമാണെങ്കില്‍ ഒരുപടികൂടി മുന്നിലാണ്. അവിടത്തെ നദികളിലെ വെള്ളം ഈ ഞായറാഴ്ച്ച മുതല്‍ ഏതാനും ദിവസങ്ങളിലേക്ക് പച്ച നിറത്തിലാക്കി മാറ്റിയിരിക്കുകയാണ്. പേടിക്കേണ്ട, സസ്യജന്യമായ കളര്‍ ഉപയോഗിക്കുന്നതിനാല്‍ അതുകൊണ്ട് പരിസ്ഥിതിക്കോ ജലജീവികള്‍ക്കോ ദൂഷ്യമില്ല. ഇതിനായി ഉപയോഗിക്കുന്ന ഡൈയുടെ തോത് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ പകുതിയായി കുറച്ചു എന്നുമാത്രം.

സെ. പാാട്രിക്ക്ദിനാഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ് പരേഡുകളും, ഡാന്‍സും. തുടക്കത്തില്‍ അയര്‍ലണ്ടില്‍ തികച്ചും മതപരമായ ഒരു പെരുനാളായിമാത്രം ഭക്തിപൂര്‍വം ആഘോഷിച്ചിരുന്ന സെ. പാട്രിക്ക് ദിനം അമേരിക്കയിലെ ഐറിഷ് കുടിയേറ്റക്കാരാണ് വലിയ ഉല്‍സവ പാര്‍ട്ടിയാക്കി മാറ്റിയത്. അന്നുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സെ. പാട്രിക്ക് പരേഡ് ആദ്യമായി നടത്തിയത് ന്യൂയോര്‍ക്കില്‍ 1762 ല്‍ ആണ്. 1845 ല്‍ അയര്‍ലണ്ടില്‍ ഉരുളക്കിഴങ്ങ് ക്ഷാമം അനുഭവപ്പെട്ടതിനെതുടര്‍ന്ന് അവിടെനിന്നും ധാരാളം ആള്‍ക്കാര്‍ അമേരിക്കയിലേക്ക് കുടിയേറി. 1851 മുതല്‍ ന്യൂയോര്‍ക്കില്‍ പരേഡ് എല്ലാവര്‍ഷവും എന്ന രീതിയിലായി. 

ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ തികച്ചും പരമ്പരാഗതമായ ആത്മീയാഘോഷമായി നടത്തിയിരുന്ന സെ. പാട്രിക്കിന്റെ തിരുനാള്‍ ഇന്ന് ലോകത്തിലെ എല്ലാ ഐറിഷ് അമേരിക്കന്‍ കുടിയേറ്റ സമൂഹങ്ങളും ഐറിഷ് ജനതയുടെ പൈതൃകത്തിന്റെ നേര്‍ക്കാഴ്ച്ചയായി ആഘോഷിക്കുന്നു.

പൗരസ്ത്യ ക്രൈസ്തവര്‍ക്ക്സെന്റ് ജോര്‍ജിനോടുള്ള ഭക്തിക്ക് സമാനമാണ്‌ഐറിഷ് കത്തോലിക്കര്‍ക്ക് സെ. പാട്രിക്കിനോടുള്ളത്. ഐതിഹ്യമനുസരിച്ച് സെ. പാട്രിക്ക് അയര്‍ലണ്ടില്‍നിന്നുംം പാമ്പുകളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. എന്നാല്‍ ശൈത്യം അതികഠിനമായ അയര്‍ലണ്ടില്‍ പാമ്പുകള്‍ ഇല്ലായിരുന്നുവെന്നും, അയര്‍ലണ്ടില്‍നിന്നും പാഗനിസം തുടച്ചുമാറ്റിയതിനെയാണ് വിഷപാമ്പുകളെ ഉന്മൂലനം ചെയ്തു എന്നുപറയുന്നതിലെ യുക്തി.

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏഴാമത്തെ പ്രസിഡന്റ് ആന്‍ഡ്രു ജാക്‌സണ്‍ (1829  – 1837) മുതല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്‍ വരെയുള്ള 45 പ്രസിഡന്റുമാരില്‍ പകുതിയിലധികംപേരും ഐറിഷ് പാരമ്പര്യം ഉള്ളവരാണ്. ഐറിഷ് പൈതൃകവും, കത്തോലിക്കാപാരമ്പര്യവും കുടിയേറ്റനാടുകളിലും അഭംഗുരം കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് 160 ലധികം വര്‍ഷങ്ങളുടെ ഐറിഷ് കത്തോലിക്കാപാരമ്പര്യവുമായി ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന സെ. പാട്രിക്ക് കത്തീഡ്രല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments