ന്യൂഡല്‍ഹി: മലിനീകരണം മൂലം ഇന്ത്യയില്‍ 2019ല്‍ 23.5 ലക്ഷം പേര്‍ മരിച്ചതായി പഠനം. ഇതില്‍ 16.7 ലക്ഷം മരണവും അന്തരീക്ഷ മലിനീകരണം മൂലം. ലാന്‍സെറ്റ് ഹെല്‍ത്ത് ജേണലാണ് പഠനം പുറത്തുവിട്ടത്.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇന്ത്യയില്‍. ആഗോളതലത്തില്‍, 2019-ല്‍ 90 ലക്ഷം പേരാണ് മലിനീകരണം മൂലം മരിച്ചത്. രാജ്യത്തെ 16.7 ലക്ഷം മരണത്തില്‍ 9.8 ലക്ഷവും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5 തോത് ഉയര്‍ന്നതു മൂലമാണ് 6.1 ലക്ഷം മരണം വീടുകളിലെ വായു മലിനീകരണം മൂലമാണെന്നും ലാന്‍സെറ്റ് വിശദീകരിക്കുന്നു.
ഇന്ത്യയിലെ 93 ശതമാനം പ്രദേശങ്ങളിലും പി.എം 2.5 മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിശ്ചയിച്ച അളവിന് മുകളിലാണ്. ഇന്തോ-ഗംഗ സമതലത്തിലാണ് മലിനീകരണം രൂക്ഷം. ഇവിടത്തെ, ഭൂപ്രകൃതി, കാലാവസ്ഥ, വ്യവസായം, കൃഷി, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും വലിയതോതില്‍ അന്തരീക്ഷം മലിനീകരിക്കപ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു.
വിറകു കത്തിക്കുന്നതും മറ്റും മൂലം വീടുകളിലുണ്ടാകുന്ന മലിനീകരണം ഇന്ത്യയില്‍ മരണങ്ങളുയരാന്‍ പ്രധാന കാരണമാണ്. കല്‍ക്കരി, വിളകള്‍ കത്തിക്കല്‍ എന്നിവ മൂലവും അന്തരീക്ഷ മലിനീകരണ തോത് ഉയരുന്നു. വായു മലിനീകരണ നിയന്ത്രണത്തിനാവശ്യമായ ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനം ഇന്ത്യക്കില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.
ഫോസില്‍-ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം ആഗോളതലത്തില്‍ മൊത്തം 6.7 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2015 ല്‍ ഇത് 4.2 ദശലക്ഷവും 2000ല്‍ 2.9 ദശലക്ഷവുമായിരുന്നു.