ന്യൂഡല്‍ഹി: സ്ത്രീധന പീഡനവും മറ്റ് പ്രശ്‌നങ്ങളാലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം രാജ്യത്ത് 40,772 പേര്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. ദാമ്പത്യ ജീവിതത്തിലെ അരുതായ്കകളുടെയും പീഡനങ്ങളുടെയും പേരിലെന്ന് തെളിഞ്ഞ കേസുകളുടെ കണക്കുകളായാണ് എന്‍.സി.ആര്‍.ബിയുടെ ആക്സിഡന്റല്‍ ഡെത്ത് ആന്‍ഡ് സൂയ്സൈഡ്സ് ഇന്‍ ഇന്ത്യ എന്ന പഠനറിപ്പോര്‍ട്ടില്‍ ഈ വിവരമുള്ളത്. 2017 മുതല്‍ 2021 വരെ 40,772 പേരാണ് വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് മാത്രം ആത്മഹത്യ ചെയ്തത്. കൊലപാതകങ്ങളും കാരണം സ്ഥിരീകരിക്കാത്ത മരണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
വിവാഹബന്ധം വേര്‍പെടുത്തിയ 4638 പേരാണ് ഈ കാലത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ ഏറെയും സ്ത്രീകളാണ്. സ്ത്രീധനവും പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് പ്രധാന വില്ലന്മാര്‍.
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാല്‍ 2017 മുതല്‍ 2021 വരെ 23,750 സ്ത്രീകളും 17,921 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. 11,335 വനിതകള്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ മൂലവും ആത്മഹത്യ ചെയ്തു. വിവാഹേതര ബന്ധങ്ങള്‍, വിവാഹമോചനം എന്നിവയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരാണ് കൂടുതല്‍ ഉള്‍പ്പെട്ടത്. 2020ല്‍ മാത്രം 497 പുരുഷന്മാരാണ് ഇക്കാരണങ്ങളാല്‍ ജീവനൊടുക്കിയത്.
2021ല്‍ മാത്രം രാജ്യത്ത് 1,79,052 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019നെക്കാള്‍ 7.9 ശതമാനം കൂടുതലാണിത്. 2018, 2019, 2020 വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് ഉയര്‍ന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. 2018ല്‍ നാലാം സ്ഥാനത്തായിരുന്നു കേരളം. 2020ല്‍ അഞ്ചാം സ്ഥാനത്തും.