Thursday, June 1, 2023

HomeArticlesArticlesപൊട്ടക്കുളം പഞ്ചായത്തിലെ അവാർഡ് ദാനവും, മഹത് വ്യക്തികളെ ആദരിക്കലും...(നർമ്മ കഥ: റോബിൻ കൈതപ്പറമ്പ്)

പൊട്ടക്കുളം പഞ്ചായത്തിലെ അവാർഡ് ദാനവും, മഹത് വ്യക്തികളെ ആദരിക്കലും…(നർമ്മ കഥ: റോബിൻ കൈതപ്പറമ്പ്)

spot_img
spot_img

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു പഞ്ചായത്താണ് പൊട്ടക്കുളം പഞ്ചായത്ത് . തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്നതാകട്ടെ പുത്തൻ പണക്കാരനും രാഷ്ട്രീയത്തിൽ ആരൊക്കെയോ ആണെന്നും മേനി പറഞ്ഞു നടന്നിരുന്ന അട്ടക്കുളം രാജനും. മറ്റൊരു പ്രാഞ്ചിയേട്ടനെപ്പോലെ; എത്ര കാശുണ്ടായിട്ടും ആൾക്കാരുടെ ഇടയിൽ ഒരു മതിപ്പില്ലെന്ന സ്വയം ബോധത്തിൽ നിന്നുമാണ് പഞ്ചായത്തിലേക്ക് മത്സരിച്ചത്. ഏതോ പൊട്ടക്കണ്ണൻ്റെ മാവേലേറുപോലെ പഞ്ചായത്ത് പ്രസിഡൻ്റും ആയി.

തൻ്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നതേ നല്ലൊരു പൊതു പരിപാടിയോടെ ആകണം എന്നത് അട്ടക്കുളം രാജൻ്റെ അതിയായ ആഗ്രഹമായിരുന്നു. പഞ്ചായത്ത് മാത്രമല്ല ജില്ല മുഴുവനും തൻ്റെ പേര് അറിയണം.അതിനായി വേണ്ടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാനായി ഇത്തിൾക്കണ്ണികളെപ്പോലെ എപ്പോഴും കൂടെ നടക്കുന്ന ഏറാൻ മൂളികളെ ഏർപ്പാടാക്കി. പല പല നിർദേശങ്ങളും അഭിപ്രായങ്ങളും പല വഴിക്കൂടെ വന്നെങ്കിലും അട്ടക്കുളം രാജന് അതിലൊന്നും ഒരു തൃപ്തിയും തോന്നായ്കയാൽ തൻ്റെ സുഹൃത്തും ബാർബർ ഷോപ്പ് ഉടമയുമായ ശ്രീ ഉണ്ണിക്കുട്ടൻ്റെ സഹായം തേടാൻ തീരുമാനിച്ചു. അട്ടക്കുളം രാജൻ തൻ്റെ പരിവാരങ്ങളുമായി ഉണ്ണിക്കുട്ടൻ്റെ ബാർബർ ഷോപ്പ് ലക്ഷ്യം വെച്ച് നീങ്ങി

മുടിവെട്ടുന്നതിനിടയിലൂടെ തൻ്റെ ലോക വിവരം മുടിവെട്ടാനിരിക്കുന്നവരിലേക്ക് നിർദാക്ഷണ്യം പ്രയോഗിച്ചുകൊണ്ടിരിക്കുംബോഴാണ് വലിയൊരാൾക്കൂട്ടം അട്ടക്കുളം രാജൻ്റെ നേതൃത്തത്തിൽ തൻ്റെ കട ലക്ഷ്യം വെച്ച് വരുന്നത് ഉണ്ണിക്കുട്ടൻ കണ്ടത്; ഇടനെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നിയത് മാത്രം ഓർമ്മയുണ്ട്, വെട്ടിക്കൊണ്ടിരുന്ന തല അവിടെത്തന്നെ വെച്ച് ഉണ്ണിക്കുട്ടൻ റോഡിലേക്കിറങ്ങി നേരെ തെക്കോട്ട് ഓടി. പുറകെ രാജനും കൂട്ടാളികളും, കാര്യം ഒന്നും മന:സിലായില്ലെങ്കിലും പഞ്ചായത്തിലെ കുറെ നായ്ക്കളും കൂട്ടത്തിൽ കൂടി. ഓടുന്നതിന്നിടയിൽ “ഞാനല്ല അന്ന് അവിടെ കേറിയത് , ശരിക്കും ഞാനല്ല ഫോൺ വിളിച്ചത് ” എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

പുറകെ കിതച്ചും വലിച്ചും ഓടിവന്നിരുന്ന രാജന് ഒന്നും മന:സിലായില്ല. നാട്ടുകാരുടെയും പഞ്ചായത്തിലെ നായിക്കളുടെയും സഹായത്തോടെ രാജനും കൂട്ടരും ഉണ്ണിക്കുട്ടനെ വളഞ്ഞിട്ട് പിടിച്ച് അടുത്തുള്ള വേലപ്പൻ ചേട്ടൻ്റെ ചായപ്പീടികയിൽ കൊണ്ട് ചെന്നിരുത്തി.അട്ടക്കുളം രാജൻ്റെ പതിവില്ലാതെയുള്ള ഓട്ടം കാരണം ഉണ്ടായ ശ്വാസതടസം നീങ്ങാൻ വേണ്ടി പോക്കറ്റിൽ നിന്നും എന്തോ ഒന്ന് എടുത്ത് വായിലൂടെ അടിച്ച് കയറ്റി ശ്വാസം മുട്ടിന് തൽക്കാല ആശ്വാസം വരുത്തി. എല്ലാവരുടെയും അണപ്പും ക്ഷീണവും മാറിയതോടെ വേലപ്പൻ ചേട്ടനെ വിളിച്ച് കൂട്ടത്തിലോടിയ എല്ലാവർക്കും ചായക്കും പരിപ്പുവടക്കും അട്ടക്കുളം രാജൻ ഓർഡർ കൊടുത്തു. ഞങ്ങളും കൂടെ ഓടിയതല്ലെ ഞങ്ങൾക്കും വേണം പരിപ്പുവട എന്ന മട്ടിൽ കൂട്ടത്തിലോടിയ നായിക്കളും വേലപ്പൻ ചേട്ടൻ്റെ ചായപ്പീടികയ്ക്ക് മുൻപിൽ കുത്തിയിരുന്നു. അപ്പോഴും കഥയൊന്നും അറിയാതെ ഉണ്ണിക്കുട്ടൻ കൈയ്യിൽ കിട്ടിയ വടയിലേക്കും രാജൻ്റെ മുഖത്തേക്കും മാറി മാറി നോക്കി ..

താനും പരിവാരങ്ങളും ഉണ്ണിക്കുട്ടനെ ഓടിച്ചിട്ട് പിടിച്ചതിൻ്റെ ആവശ്യകഥ രാജൻ ഉണ്ണിയെ അറിയിച്ചു.ഹിമാലയ സാനുക്കളിൽ സന്യാസിമാർ തപസ്സിരിക്കുന്നതു പോലെ ഉണ്ണിക്കുട്ടൻ കുറച്ചു നേരം ധ്യാനനിമഗ്നനായി ഇരുന്നു. മനസിലൂടെ കടന്ന് പോയത് മറ്റു പലതും ആയിരുന്നെങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല. തലയിലേക്ക് പുതിയ ഐഡിയകൾ ഒന്നും വരാത്തതിനാൻ ചുറ്റും നിന്നിരുന്ന പരിവാരങ്ങളെ ഒന്ന് ഇരുത്തി നോക്കി; ആരും ഒന്നും തന്നെ മിണ്ടാതെ ഉണ്ണിയുടെ നോട്ടത്തെ അവഗണിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് നോട്ടം പായിച്ചു.ജനങ്ങളിൽ കൗതുകം ഉണർത്തുന്ന ഒരു അഭിപ്രായവും ആരിൽ നിന്നും ഉയർന്ന് വന്നില്ല എങ്കിലും വേലപ്പൻ ചേട്ടൻ്റെ ചില്ലലമാരയിലെ പരിപ്പുവടയുടെ എണ്ണം കാര്യമായി കുറഞ്ഞും കൊണ്ടും ആലോചനയുടെ സമയം കൂടിക്കൊണ്ടും ഇരുന്നു.

അഞ്ചാമത്തെ പരിപ്പുവട എത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ്റെ തലയിലെ ലഡു പൊട്ടി….”നമുക്കൊരു അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും” സംഘടിപ്പിച്ചാലോ. അതാകുംബോൾ പഞ്ചായത്ത് മുഴുവനും ചിലപ്പോൾ അടുത്തുള്ള പഞ്ചായത്തുകളിൽ പോലും അട്ടക്കുളം രാജൻ്റെ പേരും പ്രശസ്തിയും എത്തിപ്പെടുകയും ചെയ്യും. ഉണ്ണിക്കുട്ടൻ്റെ തലയിൽ വിരിഞ്ഞ ഈ ആശയത്തിൽ അട്ടക്കുളം രാജൻ ഫ്ലാറ്റായി. തന്നെ ഒരു വിലയും കൽപ്പിക്കാത്ത എല്ലാ ഏറാൻ മൂളികൾക്കും കൊടുക്കുന്ന ഇരുട്ടടി ആവണം ഈ അവാർഡ് ദാനവും ആദരിക്കലും. മാത്രമല്ല തൻ്റെ ആജീവനാന്ത ശത്രുവായ ചെട്ടിക്കുളം തോമായുടെ വായടപ്പിക്കാൻ കിട്ടുന്ന അസുലഭ മുഹൂർത്തം കൂടെയാവും ഇത്. അങ്ങനെ അവാർഡ് ദാനവും ആദരിക്കലും പരിപാടി വേലപ്പൻ ചേട്ടൻ്റെ ചായക്കടയിൽ വെച്ച് ഫെനൽ ആക്കി സഭ തൽക്കാലത്തേക്ക് പിരിഞ്ഞു. അട്ടക്കുളം രാജൻ ഉണ്ണിയേയും കൂട്ടി സ്വ ഭവനത്തിലേക്ക് യാത്രയായി. ഏതൊക്കെ അവാർഡുകൾ ആർക്കൊക്കെ എന്ന തീരുമാനം എടുക്കാൻ വേണ്ടി ആയിരുന്നു ആ പോക്ക്

വീട്ടിലെത്തിയതും ഉണ്ണിക്കുട്ടനെയും കൂട്ടി വീടിൻ്റെ പിറകിൽ എരുത്തിലിനോട് ചേർന്ന് പുതുതായി പണിത ഔട്ട് ഹൗസിലേക്ക് ചെന്നു. ഓരാഴ്ച്ച മുൻപ് അട്ടയും ബാറ്ററിയും മറ്റു പലവകകളും ചേർത്ത് സ്വന്തമായി വാറ്റി വെച്ചിരുന്ന കുപ്പി എടുത്ത് ഉണ്ണിക്കുട്ടൻ്റെ മുൻപിലേക്ക് വെച്ചു.കുപ്പി കണ്ടതും “ഇനി അവാർഡ് ദാനം കഴിഞ്ഞേ തൻ്റെ ജീവിതത്തിൽ മറ്റെന്തും ഉള്ളു” എന്ന് ഉണ്ണിയും തീരുമാനിച്ചു. ആർക്കൊക്കെ എന്തിനൊക്കെ അവാർഡ് കൊടുക്കും എന്നായി പിന്നീടുള്ള ആലോചന. ആദ്യമായി “ആയുഷ്കാല അവാർഡ്” കൊടുക്കാം. ഞാൻ ജനിച്ച് വളർന്ന കാലം മുതൽ നമ്മുടെ പൊട്ടക്കുളം പഞ്ചായത്തിൻ്റെ കലുങ്കിൽ “ബീഡിയും വലിച്ചിരിക്കുന്ന തുളസി” അണ്ണന് തന്നെ അത് കൊടുക്കണം, അട്ടക്കുളം രാജൻ തൻ്റെ ആദ്യത്തെ അവാർഡ് പ്രഖ്യാപിച്ചു. അടുത്തത് “സമഗ്ര സംഭാവന” അത് ആർക്ക് കൊടുക്കും രണ്ട് പേരും തമ്മിൽ തല പുകച്ചു കൊണ്ടിരിക്കെ അട്ടക്കുളം രാജൻ്റെ ഇളയ സന്താനം പൊട്ടക്കുളം സ്കൂളിൽ പഠിക്കുന്ന വിക്രിതി കുട്ടൻ കയറിവന്നു.

“ഞങ്ങടെ ഇസ്കൂളിൽ കഞ്ഞി വെക്കുന്ന ചാണ്ടിച്ചേട്ടനും കൊടുക്കണം ഒരവാർഡ്” അങ്ങനെ സമഗ്ര സംഭാവനക്കുള്ള അവാർഡ് പൊട്ടക്കുളം സ്കൂളിൽ കഞ്ഞി വെക്കുന്ന ചാണ്ടിച്ചേട്ടന് ഉറപ്പിച്ചു. ചെക്കൻ പറഞ്ഞതു ഇനി കേട്ടില്ലെങ്കിൽ വഴിയെ പോകുബോൾ വല്ല കല്ലും വലിച്ചെറിഞ്ഞാലോ. സ്ത്രീകൾക്കും പ്രാധാന്യം വേണം, രാജൻ്റെ കെട്ടിയവളുടെ ഊഴം ആയിരുന്നു. കേട്ടേക്കാം ഇല്ലെങ്കിൽ ചോറിനകത്ത് പാഷാണം കലക്കി തന്നാലോ. രാജൻ മനസിലോർത്തു. “ആകട്ടെ എന്ത് അവാർഡ് കൊടുക്കും ,ആർക്ക് കൊടുക്കും”
“അതിനല്ലെ മനുഷ്യാ അയൽക്കുട്ടം” പെണ്ണുംബിള്ള വിടുന്ന ലക്ഷണം ഇല്ല. “രാജമ്മ ക്ക് തന്നെ വേണം അവാർഡ്‌ കൊടുക്കാൻ അവളെന്നെ അടുക്കളയിലൊക്കെ ഒത്തിരി സഹായിക്കുന്നതാ … മാത്രമല്ല ഈ നാട്ടിലെ എല്ലാ കാര്യങ്ങും അപ്പോഴപ്പോൾ അവളെന്നെ അറിയിക്കുന്നതുമാ .. അവാർഡ് അവൾക്ക് തന്നെ കൊടുക്കണം” രാജൻ്റെ ഭാര്യ ഒറ്റക്കാലിൽ നിൽപ്പായി .. ഒടുവിൽ “പരമ cleaning അവാർഡ്” രാജമ്മക്ക് ഉറപ്പിച്ചു.

അപ്പോഴാണ് ഉണ്ണിക്കുട്ടൻ കരയിലെ ലൈബ്രറിയും അവിടെ ജോലിക്ക് എത്തുന്ന പാഷാണം കല്യാണിയേയും ഓർത്തത് അവൾക്കും കൊടുക്കണം അവാർഡ് ; “കല്യാണിക്കും കൊടുക്കണം അവാർഡ്‌ ” ഉണ്ണി ആവശ്യപ്പെട്ടു, ഏറ്റവും നല്ല “വായനക്കാരിക്കുള്ള” അവാർഡ് കല്യാണിക്ക് കൊടുക്കാം . അവാർഡിൻ്റ പേര് “BEST READER IN THE LIFE TIME” പേര് ഇംഗ്ലീഷിൽ തന്നെ കിടക്കട്ടെ കേൾക്കുന്നവർക്കും കല്യാണിക്കും ഒരു സുഖം കിട്ടും. അപ്പോഴാണ് അട്ടക്കുളം രാജൻ പെട്ടെന്ന് ഓർത്തത് നമ്മുടെ നാട്ടിൽ റേഷൻ കട നടത്തുന്ന വിൻസൻ്റ് ചേട്ടനും ഒരു അവാർഡ്‌ കൊടുക്കണം എന്നത് .പാർട്ടിക്ക് വേണ്ടി ധാരാളം സംഭാവനകൾ നൽകുന്ന ആളാണ് വിൻസൻ്റ് ചേട്ടൻ. ഏറ്റവും നല്ല ബിസിനസ്മാൻ അവാർഡ് വിൻസൻ്റ് ചേട്ടന്. അപ്പോഴേക്കും കള്ള് തലക്ക് പിടിച്ചതിനാൽ അവാർഡ്കൾക്ക് വിട നൽകി രണ്ട് പേരും പിരിഞ്ഞു.

നിർത്താതെയുള്ള ഫോണിൻ്റെ അലർച്ച കേട്ടാണ് പിറ്റേന്ന് രാവിലെ അട്ടക്കുളം രാജൻ കണ്ണ് തുറന്നത്. തൊട്ടടുത്ത പഞ്ചായത്തിലെ പെയിൻ്റ് പണി മൊത്തമായി എടുത്തു നടത്തുന്ന “ഷിബു”

ഇവിടെ ഇപ്പോ പെയിൻ്റ് പണി ഒന്നും ഇല്ലല്ലോ, മാത്രമല്ല ഈ പഞ്ചായത്തിൽ തന്നെ ആവശ്യത്തിന്ന് പെയിൻ്റ് പണിക്കാരും ഉണ്ട് . ഏതായാലും നോക്കിയേക്കാം അട്ടക്കുളം രാജൻ മന:സില്ലാ മന:സോടെ ഫോൺ എടുത്തു.” ചേട്ടാ ഒരു അവാർഡ് എനിക്കും കൂടെ തരണം, പാർട്ടിക്കും ചേട്ടനും എത്ര രൂപാ വേണമെങ്കിലും സംഭാവന തരാം” ഷിബു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. വാർത്ത ഇത്ര വേഗം പടർന്നോ, അട്ടക്കുളം രാജൻ പുളകിതനായി. “കാശു തരുമെങ്കിൽ അവാർഡ്‌ തരാം, കുഴപ്പമില്ല”

അയ്യായിരം രൂപയ്ക്ക് പെയിൻറ് കോൺട്രാക്ട്ടർ ഷിബു അവാർഡ് സ്വന്തമാക്കി. ഏണിയിലും മറ്റും വളരെ സാഹസികമായി കയറി നിന്ന് പെയിൻ്റ് അടിക്കുകയും തൻ്റെ പണിക്കാരെകൊണ്ട് അടിപ്പിക്കുകയും ചെയ്യും ഷിബുവിന് “പരം വീര” അവാർഡ് തന്നെ അട്ടക്കുളം രാജൻ ഓഫർ ചെയ്തു. കാശ് കിട്ടിയതു കൊണ്ട് രാജനും അവാർഡ് കിട്ടിയതു കൊണ്ട് ഷിബുവും ഹാപ്പി ..

അങ്ങനെ അവാർഡ് കിട്ടിയവരും, അട്ടക്കുളം രാജനും ജനങ്ങളും കാത്തിരുന്ന ആ ശുഭ ദിനം വന്നെത്തി. മൈക്ക് വെച്ച് നാടു നീളെ അറിയിപ്പ് കൊടുത്തതിനാൽ ജനം പൊട്ടക്കുളം പഞ്ചായത്തിലേക്ക് ഒഴുകി എത്തി.ഇതെല്ലാം കണ്ടും കേട്ടും ഒരു ചെറുവിരൽ പോലും അനക്കാനാകാതെ പേരിന് മാത്രം പ്രതിപക്ഷമുള്ള പ്രതിപക്ഷ നേതാവ് ശ്രീ തോമാ പല്ല് മുറുകെ കൂട്ടി അരച്ച് തൻ്റെ അരിശം തീർക്കാൻ ശ്രമിച്ചു.സദസിൽ ജനം തിങ്ങിക്കൂടി, ആദ്യമായാണ് പെട്ടക്കുളം പഞ്ചായത്തിൽ ഇങ്ങനെ ഒരു സംഭവം. അത് കാണാനും കേൾക്കാനും അനുഭവിക്കാനുമായി തൊട്ടടുത്തുള്ള പഞ്ചായത്തിൽ നിന്നുവരെ ആളുകൾ കൂട്ടമായി എത്തി.സ്റ്റേജിൽ ഇരുന്ന് അട്ടക്കുളം രാജൻ സദസിലേക്ക് നോക്കുംബോൾ അതാ ഒരു പരിചിത മുഖം. ഇല്ല തനിക്ക് തെറ്റിയിട്ടില്ല തൻ്റെ ഉറ്റ സുഹൃത്ത് ബോബെയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ “സുമേഷ്”.

ഒട്ടും താമസിച്ചില്ല സുമേഷിനും ഒരു അവാർഡ് കൊടുക്കണം എന്ന് അപ്പോ തന്നെ തീരുമാനിച്ചു. രംഗം പന്തിയല്ലെന്ന് തോന്നി മുങ്ങാൻ ശ്രമിച്ച സുമേഷിനെ അട്ടക്കുളം രാജൻ്റെ വാനരപ്പട കൈയ്യോടെ പൊക്കി സ്റ്റേജിൽ കൊണ്ടിരുത്തി. പൊട്ടക്കുളം പഞ്ചായത്തിലെ ശോഭനാ ടെക്സ്റ്റയിൽസിൽ നിന്നും പത്തു രൂപക്ക് പത്തെണ്ണം വിൽക്കുന്ന നേരിയ കസവ് തോർത്ത് അവാർഡ് ലഭിച്ചവർക്കായി ശ്രീ അട്ടക്കുളം രാജൻ കൈമാറി. പൊട്ടക്കുളം പഞ്ചായത്തിൽ ലോക്കൽ TV സ്റ്റേഷൻ നടത്തുന്ന പ്രദീപിൻ്റെ ചാനലിലൂടെ പരിപാടിയിൽ പങ്കെടുക്കാൻ എത്താത്തവർക്കായി സംപ്രേഷണം ചെയ്തു. വന്നവർക്കെല്ലാം വയറുനിറച്ച് പച്ചവെള്ളവും മിച്ചറും സംഘാടകർ പ്രത്യേകം കരുതിയിരുന്നു. അട്ടക്കുളം രാജനും ഹാപ്പി ഉണ്ണിക്കുട്ടനും ഹാപ്പി അവാർഡ് ലഭിച്ചവരും ഹാപ്പി….

വരവ് ചിലവുകൾ കൂട്ടിക്കുറച്ച് വന്നപ്പോൾ മിച്ചം രണ്ടായിരത്തഞ്ഞൂറ് കാ നീക്കിയിരിപ്പ് ബാക്കി. ഈ പരിപാടി കൊള്ളാമല്ലോ എന്ന് അട്ടക്കുളം രാജനും തോന്നി. പറ്റുമെങ്കിൽ ഉടനെ തന്നെ മറ്റൊരു അവാർഡ് ദാനമോ മറ്റെന്തെങ്കിലുമോ ഒന്ന് സംഘടിപ്പിക്കണം, പേരിന് പേരും പ്രശസ്തിക്കു പ്രശസ്തിയും കൂട്ടത്തിൽ പണവും .. ഹോയ് ….. ഹോയ് … അട്ടക്കുളം രാജൻ അറിയാതെ തുള്ളിപ്പോയി……. പൊട്ടക്കുളം പഞ്ചായത്തിൽ നടക്കാൻ പോകുന്ന അടുത്ത പരിപാടിക്കായി നമുക്കും കാത്തിരിക്കാം .. “ദീപസ്തംഭം മഹാശ്ചര്യം….. നമുക്കും കിട്ടണം അവാർഡ് ….” എന്ന് പണ്ടാരോ പറഞ്ഞതു പോലെ …….
റോബിൻ കൈതപ്പറമ്പ് …

വാൽക്കഷ്ണം ….ഈ നർമ്മകഥ എൻ്റെ ഭാവനയിൽ നിന്നും എടുത്തെഴുതിയതു മാത്രമാണ് … സംഭവിച്ചു കഴിഞ്ഞതോ സംഭവിക്കാൻ ഇരിക്കുന്നതുമായ കാര്യങ്ങളുമായി യാതൊരു വിധ ബന്ധവും ഇതിനില്ല .. അഥവാ ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് കരയിലുള്ള ആർക്കെങ്കിലും തോന്നിയാൽ അതിന് ഞാൻ ഉത്തരവാദിയല്ല

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments