Thursday, December 7, 2023

HomeArticlesArticlesകുട്ടനാട് - മാറ്റങ്ങളും തകരുന്ന സ്വപ്നങ്ങളും (ഭാഗം 1: ആൻറണി ജോസഫ് കുറുപ്പശ്ശേരി)

കുട്ടനാട് – മാറ്റങ്ങളും തകരുന്ന സ്വപ്നങ്ങളും (ഭാഗം 1: ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

കുട്ടനാട് പുഴകളുടേയും തോടുകളുടേയും പാടങ്ങളുടേയും കൊച്ചു കൊച്ചു തുരുത്തുകളുടേയും കായലുകളുടേയും നാടാണ്. കരഭൂമി വളരെ കുറവായിരുന്നു. ആറ്റിൽ നിന്നും കായലിൽ നിന്നും കട്ടകുത്തി പൊക്കിയാണ് കൂടുതൽ കരഭൂമികൾ സൃഷ്ടിച്ചെടുത്തത്. ചിറയിൽ ഒക്കെ ധാരാളമായി തെങ്ങുകൾ വെച്ച് സംരക്ഷിച്ചു പോന്നു. കുട്ടനാട്ടിലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചെറു തോടുകളൊക്കെ ഒരുകാലത്ത് വളരെ സജീവമായിരുന്നു.

ആലപ്പുഴ – ചങ്ങനാശേരി റോഡ് ആയിരുന്നു കുട്ടനാട്ടിലെ ആദ്യത്തെ പ്രധാന റോഡ്. 1958 ലാണു ഈ റോഡ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആദ്യ കാലത്ത്‌ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ പാലം ഇല്ലായിരുന്നു. പകരം, ചങ്ങാടം വഴിയായിരുന്നു വളരെ വിരളമായി ഓടുന്ന കാറുകളും KSRTC ബസുകള്‍ ഒഴിച്ചുള്ള മറ്റു വാഹനങ്ങളും കടന്നു പോയിരുന്നത്. 1970 കളില്‍ ഈ പാലങ്ങളുടെ പണി തുടങ്ങിയെങ്കിലും പലവിധ പ്രശ്നങ്ങളാല്‍ പണി നീണ്ടു പോകുകയും 1984ല്‍ കിടങ്ങറ പാലവും 1986 ല്‍ നെടുമുടി പാലവും പള്ളാത്തുരുത്തി പാലവും യാത്രയ്കായി തുറന്നു കൊടുത്തു. അന്നു പണി വളരെ ദീർഘമായി നീണ്ടു പോകാനുണ്ടായ പല കാരണങ്ങളില്‍ ഒരു കാരണം അവിടെ വഞ്ചിയിൽ കടത്ത് ഇറക്കിയിരുന്ന തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ടുള്ള സമരങ്ങളായിരുന്നു.

അന്നു കുട്ടനാട്ടുകാര്‍ പൂര്‍ണമായും ജലഗതാഗതത്തെയാണു പ്രത്യേകിച്ചു ഗവര്‍ണ്‍മെന്റ് അധീനയിലുള്ള സംസ്ഥാന ജല ഗതാഗത വകുപ്പ്‌ (SWTD) ബോട്ടുകളെയാണ് ആശ്രയിച്ചിരുന്നത്‌. ഒരുകാലത്ത് ജലഗതാഗതം കുട്ടനാട്ടുകാരെ സംമ്പത്തിച്ച്‌ വളരെയേറെ ചിലവുകുറഞ്ഞ ഒരു യാത്രാ ഉപാധിയായിരുന്നു. ആലപ്പുഴയാണു ജലഗതാഗതത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌. ആലപ്പുഴയും കോട്ടയവും ചങ്ങനാശേരിയും കേന്ദ്രീകരിച്ചു വളരെ വലിയ ഒരു ഗതാഗത ശ്ര്യംഖല തന്നെ കുട്ടനാട്ടില്‍ രൂപപ്പെട്ടിരുന്നു.

കുട്ടനാടിന്റെ പല ഭാഗങ്ങളിലേയ്കും യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്നും കൈനകരി, കാവാലം, വെളിയനാട്, കിടങ്ങറ വഴി ചങ്ങനാശ്ശേരിയിലേക്കും ആലപ്പുഴയിൽ നിന്നും നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന്, രാമങ്കരി, കിടങ്ങറ വഴി ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും ഒരുപാട് സർവീസുകൾ നടത്തിയിരുന്നു. കോട്ടയത്തുനിന്നു മാന്നാര്‍, പുളിക്കീഴ്, അമ്പലപ്പുഴ, എടത്വാ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഒരുപാട് ഉൾനാടൻ പ്രദേശങ്ങൾ ബന്ധിപ്പിച്ചു കൊണ്ടും മറ്റ് അനേകം സർവീസുകൾ നടത്തിപ്പോന്നിരുന്നു.

മറ്റൊരു വസ്തുത ആലപ്പുഴയില്‍ നിന്നും കാവാലം കൃഷ്ണപുരം വരെ റോഡ് മാര്‍ഗം 28 KM ആണെങ്കില്‍ ബോട്ട്‌ മാര്‍ഗം 17 KM മാത്രമേയുള്ളു എന്നതാണു. പൊതു ജലഗതാഗത യാത്ര സൗകര്യങ്ങളിലൂടെ രാത്രി 11 മണി വരെ കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക്‌ വീടുകളില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നു. എന്നാൽ ഇന്ന് തലങ്ങും വിലങ്ങും റോഡ് സൗകര്യങ്ങൾ എത്തിയെങ്കിലും പൊതുഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഒരു ഗതികേടിലേക്ക് കുട്ടനാടൻ ജനത എത്തിച്ചേർന്നിരിക്കുന്നു.

അന്ന് SWTD സര്‍വീസുകളിലൂടെ വലിയ ഒരു അളവില്‍ ചരക്കു ഗതാഗതവും നടന്നിരുന്നു എന്നുള്ളതാണു മറ്റൊരു കാര്യം. ചരക്കു ഗതാഗതത്തിന് മാത്രമായി പ്രത്യേകം രൂപകല്പനചെയ്ത ബോട്ടുകളും സര്‍വീസ് നടത്തിയിരുന്നു എന്നത്‌ ആ കാലത്ത്‌ ആ മേഖലയില്‍ എത്രമാത്രം പുരോഗതി ലക്ഷ്യം വെച്ചിരുന്നുവെന്നും പുരോഗതി നേടിയിരുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്‌.

എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങളും ഗതാഗത മേഖലയുടെ സുസ്ഥിരമായ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തി. പിന്നീട്‌ ഇത്തരത്തിലുള്ള സര്‍വീസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കി എന്നുള്ളത്‌ ഈ സര്‍വീസുകളെ ആശ്രയിച്ചിരുന്ന ഒരു ജനതയെത്തന്നെ ക്ലേശത്തിലാക്കി. പല ഉൾനാടൻ പ്രദേശങ്ങളും ഒറ്റപ്പെട്ടുപോയി. ഇത് അവരുടെ ഭാവിയെ തന്നെ ഇരുളടഞ്ഞതാക്കി തീർത്തു.

ഇത് എഴുതുമ്പോൾ എവിടെയോ വായിച്ച ഒരു വാർത്തയാണ് ഓർമ്മയിൽ വരുന്നത്. യാത്രക്കാർ ഇല്ലാത്തതിനാൽ ജപ്പാനിലെ നിർത്തലാക്കാൻ തീരുമാനിച്ച ഒരു റെയിൽവേ ലൈനിൽ അത് നിർത്തലാക്കുന്ന സമയത്താണ് അധികൃതർക്ക് മനസ്സിലായത് ആ റെയിൽവേയിൽ ഒരേയൊരു യാത്രക്കാരിയാണ് സ്ഥിരമായി

യാത്ര ചെയ്യുന്നത് എന്ന്. ആ യാത്രക്കാരി ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി സ്കൂളിൽ പോകാൻ വേണ്ടിയാണ് അത് ഉപയോഗപ്പെടുത്തിയിരുന്നത്. ഇത് മനസ്സിലാക്കിയ അധികൃതർ ആ വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ കാലയളവ് അവസാനിക്കുന്നത് വരെ റെയിൽവേ ലൈൻ തുടരുവാൻ തീരുമാനിച്ചു എന്നത് ഏറ്റവും മഹത്തായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കാര്യമായി മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ.

ഇന്ന്‌ അന്തര്‍സംസ്ഥാന ജലഗതാഗതത്തിനും ചരക്കു ഗതത്തിനുമായി വലിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കുട്ടനാട്ടില്‍ കാലങ്ങളായി നടന്നുപോന്നിരുന്ന ഒരു സംവിധാനത്തെ ഇല്ലായ്മ ചെയ്യുവാനാണ്‌ ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്‌. കാലത്തിനും കുട്ടനാടിന്റെ പ്രകൃതിക്കും അനുയോജ്യമായ ആധുനികമായ മാറ്റങ്ങള്‍ ജലഗതഗത സൗകര്യങ്ങളിൽ വരുത്തുവാന്‍ ആരും ശ്രദ്ധിച്ചില്ല.

അതിന്‌ ആവശ്യമായ ശാസ്ത്രീയ പഠനങ്ങളും നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ ആരും ശ്രമിച്ചില്ല. എന്നാല്‍ ഇന്നു വാട്ടര്‍ മെട്രോ (Water Metro) എന്ന പേരില്‍ കൊച്ചി കേന്ദ്രമായി ബ്രഹുത്തായ ഒരു പദ്ധതി നടപ്പിലാക്കുന്നത്‌ കാണുമ്പോള്‍ ജലഗതാഗതത്തിനെ മാത്രം ആശ്രയിച്ചിരുന്ന ഒരു നാടിനെ പൂര്‍ണമായും തഴയുകയായിരുന്നു എന്നേ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിയ്കുകയുള്ളു.

അന്ന്‌ കുട്ടനാട്ടില്‍ പലരൂപത്തിലും വലുപ്പത്തിലുമുള്ള വള്ളങ്ങള്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നു, ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കൊതുമ്പു വള്ളം എന്നറിയപ്പെടുന്ന ചെറുവള്ളങ്ങളും യാത്രാ ആവശ്യങ്ങള്‍ക്കായുള്ള വളവര (മേൽക്കൂരയുള്ള) വള്ളങ്ങളും ചരക്കു കൊണ്ടുപോകാനുള്ള ചെറിയ വള്ളങ്ങളും കെട്ടുവള്ളം കേവുവള്ളം പോലുള്ള ചരക്കു ഗതഗത്തിനായി മാത്രമുള്ള വലിയ വള്ളങ്ങളും ഉണ്ടായിരുന്നു.

കെട്ടുവള്ളത്തിന്റേയും കേവുവള്ളത്തിന്റേയും നിര്‍മാണരീതിതന്നെ വളരെ വ്യത്യസ്തമായിരുന്നു. മരപ്പലകകള്‍ കയറും ചകിരിയും ഉപയോഗിച്ചു യോജിപ്പിച്ചാണ്‌ ഇവ ഉണ്ടാക്കിയിരുന്നത്‌. കേവുവള്ളം പൂര്‍ണമായും പനമ്പുകൊണ്ടും ഓലകൊണ്ടും മേഞ്ഞ മേല്‍ക്കൂരയൊടു കൂടിയതായിരുന്നു. അതുകൊണ്ടുതന്നെ ഏതു കാലാവസ്തയിലും എല്ലാവിധ ചരക്കു ഗതഗതത്തിനും അനുയോജ്യമായിരുന്നു. ഇന്നു കേവുവള്ളങ്ങളെല്ലാം തന്നെ ഹൌസ്‌ ബോട്ടുകളായി രൂപമാറ്റം സംഭവിച്ചു. വള്ളങ്ങളിലൂടെയുള്ള കച്ചവടങ്ങള്‍ ഒരു സാധാരണ അനുഭമായിരുന്നു അന്ന് കുട്ടനാട്ടിൽ. ചെറുവള്ളങ്ങളിൽ മീനും പച്ചക്കറിയും കപ്പയും ഒക്കെ കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. കച്ചവട സ്ഥാപനങ്ങൾ തന്നെ തങ്ങളുടെ വീട്ടുമുറ്റത്ത്‌ എത്തിയിരുന്നുവെന്നത്‌ ചെറുതായിക്കാണേണ്ട ഒരു കാര്യമല്ല. ഒഴുകുന്ന സൂപ്പർമാർക്കറ്റുകൾ തന്നെ ഇക്കൂട്ടത്തിൽ പെടുന്നതാണ്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചു ജെര്‍മനിയിലും നെതര്‍ലാന്‍ഡ്‌സിലുമൊക്കെ ഇത്തരം പ്രദേശങ്ങളൊക്കെ എങ്ങനെയാണ്‌ സംരക്ഷിച്ച് പരിപാലിച്ചു പോകുന്നതെന്ന്‌ ഇന്നീ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക്പോലുമറിയാവുന്ന ഒരു സത്യമാണ്‌. ഇതൊക്കെ പഠിക്കാന്‍ ഇനി അവിടേയ്ക്കൊന്നും പോകേണ്ട കാര്യമില്ല. ഒരു നല്ല സർവ്വേ നടത്തി ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ താൽപര്യങ്ങളും ആശയങ്ങളും മനസ്സിലാക്കി നല്ല പദ്ധതികൾ തയ്യാറാക്കി ഇനിയും കുട്ടനാട്ടിനെ മെച്ചപ്പെട്ട ഒരു പ്രദേശമായി മാറ്റിയെടുക്കാൻ സാധിക്കും, സാധിക്കട്ടെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments