Saturday, March 2, 2024

HomeFeaturesഎല്ലോറ ഗുഹകള്‍: നിഗൂഢതകളുടെയും...പിന്നെ, അത്ഭുതങ്ങളുടെയും...

എല്ലോറ ഗുഹകള്‍: നിഗൂഢതകളുടെയും…പിന്നെ, അത്ഭുതങ്ങളുടെയും…

spot_img
spot_img

മഹാരാഷ്ട്രയിലെ ഔറങ്കാബാദിനടുത്തുള്ള എല്ലോറാ ഗുഹകള്‍ അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും പറുദീസയാണ്. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന 34 ഗുഹകള്‍ ഉള്‍പ്പെടുന്ന ഗുഹാസമുച്ചയമാണിത്.

ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്ന് നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ടാണ് ഇവ ഗുഹകള്‍ എന്നറിയപ്പെടുന്നത്. എല്ലോറയെ യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

ആദ്യത്തെ 12 ഗുഹകള്‍ ബുദ്ധമതസ്ഥരാലും, 13 മുതല്‍ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതല്‍ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിര്‍മ്മിതമാണ്. ഇതിലെവിടെയും ഒരു ചെറിയ കല്ല് പോലും പുറത്ത് നിന്ന് കൊണ്ട് വന്ന് ഉപയോഗിച്ചിട്ടില്ല. 1500 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും സര്‍വ്വാഢംബരങ്ങളോടു കൂടെ നിറവേറ്റിയിരുന്നു ഈ നിര്‍മ്മിതികള്‍.

ക്ഷേത്രങ്ങള്‍, ബഹുനില സത്രങ്ങള്‍, വിശാലമായ ഊട്ടുപുരകള്‍, പഠനമുറികള്‍, ആദിവാസി സമൂഹത്തിനായുള്ള മഴക്കാല വസതികള്‍, സമ്മേളന ഹാളുകള്‍, ബുദ്ധവിഹാരങ്ങള്‍ എന്നിവയടങ്ങിയ ലോകത്തിലെ എറ്റവും പഴക്കം ചെന്ന ആധുനിക സാമൂഹ്യ ജീവിതത്തിന്റെ ശേഷിപ്പുകള്‍.

ബാല്‍ക്കണിയോട് കൂടിയ പൂമുഖം, വിശാലമായ പ്രാര്‍ത്ഥനാ ഹാള്‍, അര്‍ദ്ധവൃത്താകൃതിയിലുള്ള 50 അടിയോളം ഉയര്‍ന്ന മച്ച്, പുറത്ത് ചുട്ടുപൊള്ളുമ്പോഴും സുഖശീതളമായ അകത്തളം, ഭീമാകാരമായ ഭൗമസാക്ഷീ ബുദ്ധവിഗ്രഹം, സൂക്ഷ്മമായ കൊത്ത് പണികളോടു കൂടിയ തൂണുകള്‍ എന്നിവ പത്താം നമ്പര്‍ ഗുഹയെ അതീവ ഹൃദ്യമാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍ നിര്‍മ്മിതിയായ കൈലാസനാഥ ക്ഷേത്രം (16-ാം നമ്പര്‍ ഗുഹ) ആണ് എല്ലോറയിലെ മുഖ്യആകര്‍ഷണം. ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് കല്ലുകള്‍ വെട്ടിമാറ്റി നിര്‍മ്മിച്ചതാണിത്. ഇത്തരത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏക നിര്‍മ്മിതിയാണിത്.

ഒരു വലിയ കരിങ്കല്ലിന്റെ പാറ കുഴിച്ച് അതിന്റെ ഉള്‍വശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകള്‍ മാത്രം ബാക്കി വച്ച് ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ചയമാക്കി മാറ്റിയിരിക്കുന്നു. എല്ലോറ ക്ഷേത്ര സമുച്ചയങ്ങള്‍ അത്ഭുദങ്ങളുടെ പറുദീസയാണ്.

ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുദങ്ങളും ചേര്‍ത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ ഏഴ് അയലത്ത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് കല്ലുകളോ മറ്റൊ ചെര്‍ത്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്‍ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാര്‍ പറയുന്നത് ഒരു വലിയ മലയെ മുകളില്‍ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു എന്നാണ്.

അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാര്‍ക്കും പുരാവസ്തു ഗവേഷകന്മാര്‍ക്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളില്‍ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി, എന്നത്. പുരാവസ്തു ഗവേഷകര്‍ പറയുന്നത് ഏകദേശം നാല് ലക്ഷം ടണ്‍ പാറയെ ങ്കിലും അതിനുള്ളില്‍ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.

ആള്‍ക്കാരെ വച്ച് തുരന്നു മാറ്റിയാല്‍ നൂറുകണക്കിന് വര്‍ഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാര്‍ പറയുന്നത് ഇത് നിര്‍മിക്കാന്‍ കേവലം 20 വര്‍ഷത്തില്‍ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കില്‍ ഒരു മണിക്കുറില്‍ അഞ്ച് ടണ്‍ പാറയെങ്കിലും തുരന്നു മാറ്റണം.

ഇന്നത്തെ അഡ്വാന്‍സ്ഡ് ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കൂറില്‍ അര ടണ്‍ പോലും തുരന്നു മാറ്റാന്‍ പറ്റില്ലെന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണിലുമുള്ള കൊത്തുപണികള്‍. ഇതുപോലൊന്ന് നിര്‍മിക്കാന്‍ പോയിട്ട് ഇത് ഒന്ന് തകര്‍ക്കാന്‍ പറ്റുമോ നോക്കുക. 1682 ഇല്‍ ഔറങ്കസീബ് എന്ന മുഗള്‍ രാജാവ് ഇത് മുഴുവനും തകര്‍ത്തു കളയാന്‍ ഉത്തരവിട്ടു. 1000 ആള്‍ക്കാര്‍ 3 വര്‍ഷം നിരന്തരം പരിശ്രമിച്ചിട്ടും കൊത്തുപണികള്‍ അല്പം തകര്‍ക്കാന്‍ പറ്റി എന്നല്ലാതെ വേറൊന്നിനും കഴിഞ്ഞില്ല അവസാനം ഔറങ്കസീബ് ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.

എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളില്‍ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാല്‍ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോള്‍ അതിനുമുകളില്‍ കൊത്തിവച്ചിട്ടുള്ള നാല്‌സിംഹരൂപങ്ങള്‍ ‘x’ രൂപത്തില്‍ ആണ് കാണുന്നത്. ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹമാണ്.

ഏതു ടെക്‌നോളജി ഉപയോഗിച്ചാണ് അവര്‍ ഈ ക്ഷേത്രങ്ങള്‍ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തില്‍ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളില്‍ നിന്നും തുടങ്ങി തൂണുകളും ബാല്കണിയും അനേകം മുറികളൊക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാര്‍കും ആധുനിക ശാസ്ത്രജ്ഞാന്മാര്‍ക്കും ഇന്നും പിടി കൊടുക്കാതെ ദുരുഹമായി ഇന്നും അതിന്റെ നിര്‍മാണ രഹസ്യം നിലനില്‍ക്കുന്നു.

മഹാദേവന്റെ ശ്രീകോവില്‍, നന്ദീമണ്ഡപം, മുഖമണ്ഡപം, ഇവയുടെ രണ്ടാം നിലകള്‍ തമ്മിലുള്ള പാലം, 100 അടി ഉയരമുള്ള രണ്ട് അലങ്കാരത്തൂണുകള്‍, ഗജ പ്രതിമകള്‍, ചുറ്റിനുമുള്ള വരാന്തകള്‍ എന്നിവയടങ്ങിയ ഈ ക്ഷേത്രം, നാല് ലക്ഷം ടണ്‍ പാറക്കല്ല് ഉളിയും പിക്കാക്ക്‌സും ഉപയോഗിച്ച് തുരന്നുകളഞ്ഞ് നിര്‍മ്മിക്കുന്നതിന് 20 വര്‍ഷം എടുത്തു എന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്ക്.

എന്നാല്‍ ഈ ക്ഷേത്രം മനുഷ്യനിര്‍മ്മിതമല്ല എന്ന് തെളിവുകള്‍ നിരത്തി വാദിക്കുന്നവരും ഏറെയാണ്. ആര്‍ക്കിടെക്ച്ചര്‍ അനുബന്ധമായ ജോലി ചെയ്യുന്നവര്‍ ലഭ്യമായ വസ്തുതകള്‍ വിശകലനം ചെയ്തതിന് ശേഷം പറഞ്ഞത് മനുഷ്യനിര്‍മ്മിതമാണെങ്കില്‍ തന്നെ പണിയുന്നതിന് ഏകദേശം 100 വര്‍ഷമെങ്കിലും എടുത്തിരിക്കും എന്നാണ്. ഏതായാലും ലോകത്തിലേ തന്നെ ഏറ്റവും സുന്ദരവും അത്ഭുതകരവുമായ ഈ നിര്‍മ്മിതി ഒരോ ഭാരതീയന്റെയും അഭിമാനമാണ്.

അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതിചെയ്യുന്ന 18 മുതല്‍ 34 വരെ ഗുഹകള്‍ കാണുന്നതിന് മഹാരാഷ്ട്രയുടെ ബസ് സര്‍വ്വീസ് ലഭ്യമാണ്. ഹിന്ദു ഗുഹകളും അതേ നിര്‍മ്മാണ ശൈലി പിന്‍തുടരപ്പെട്ട ജൈന ഗുഹകളും സൂക്ഷ്മവും അതിസുന്ദരവുമായ കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്.

ഹിന്ദു ഗുഹകളില്‍ രാമായണം മഹാഭാരതം കഥകളിലെ രംഗങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാവീരന്‍, ബാഹുബലി, ഇന്ദ്രാണി, പത്മാവതി, തീര്‍ത്ഥങ്കരന്മാര്‍ എന്നിവരുടെ നൂറുകണക്കിന് വിഗ്രഹങ്ങള്‍ ജൈന ഗുഹകളില്‍ ഒറ്റക്കല്‍ വിസ്മയങ്ങളായി നിലനില്‍ക്കുന്നു.

എല്ലോറാ ഗുഹകളെ സംബന്ധിച്ച് ഒരു പാട് അതിശയകരമായ വസ്തുതകള്‍ നിലനില്‍ക്കുണ്ട്. ഏറ്റവും അത്ഭുതം ഉണ്ടാക്കുന്നത്, ഈ 34 ഗുഹകളില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ട ഏകദേശം 80 ലക്ഷം ടണ്‍ പാറക്കല്ല് ഇതിനടുത്ത പ്രദേശങ്ങളില്‍ ഒന്നും തന്നെ കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിതികളില്‍ ഒന്നായ ഗിസയിലെ പിരമിഡ് നിര്‍മ്മിക്കാന്‍ 50 ലക്ഷം ടണ്‍ കല്ലുമാത്രമേ വേണ്ടിവന്നുള്ളൂ എന്നിരിക്കെ, 80 ലക്ഷം ടണ്‍ മുറിഞ്ഞ കല്ലിന്‍ കഷണങ്ങള്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എവിടെ കൊണ്ടുപോയി ഒളിപ്പിച്ചിരിക്കും..?

ഈ ഗുഹകള്‍ക്ക് താഴെ വിശാലമായ ഒരു ഭൂഗര്‍ഭ നഗരം സ്ഥിതി ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊന്ന്. ഭൂഗര്‍ഭത്തിലേക്ക് നീളുന്ന തുരംഗങ്ങളും, വെള്ളച്ചാലുകളും, താഴെ വായുസമഞ്ചാരത്തിനെന്ന് തോന്നിപ്പിക്കുന്ന പുറത്ത് നിന്ന് കാണാവുന്ന നൂറുകണക്കിന് അഗാധമായ നേര്‍ത്ത ഗര്‍ത്തങ്ങളും ഇപ്പോഴും കാണാന്‍ സാധിക്കും.

കണ്ടു പിടിക്കപ്പെട്ട എല്ലാ തുരംഗങ്ങളും താഴേക്ക് ചെല്ലുംതോറും മനുഷ്യര്‍ക്ക് കടക്കാനാകാത്ത വിധം ചെറുതാണ്. ഇവിടെ ക്ഷേത്രങ്ങളിലെ പല കൊത്തുപണികളിലും ചെറു മനുഷ്യരും, നാഗങ്ങളും, നാഗദേവന്മാരും, നാഗകന്യകമാരും, കന്നുകാലികളും ഭൂഗര്‍ഭത്തില്‍ ജീവിക്കുന്നതായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് സത്യമാകുമോ..?

ടര്‍ക്കിയില്‍ 1600 വര്‍ഷങ്ങളോളം അജ്ഞാതമായി കിടന്ന 200 അടി താഴ്ച്ചയില്‍ 13 നിലകളായി 20000 ത്തോളം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ‘ഡെറിന്‍കുയു’ എന്ന ഭൂഗര്‍ഭ നഗരം1965 ല്‍ കണ്ടുപിടിക്കപ്പെട്ടപോലെ എന്നെങ്കിലും എല്ലോറയിലെ ഭൂഗര്‍ഭവിസ്മയവും മറനീക്കി പുറത്ത് വരുമോ..?

നമുക്ക് കാത്തിരുന്നു കാണാം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments