യാത്രകള്‍ വിനോദം മാത്രമല്ല വിജ്ഞാനവും നല്‍കുന്നു. ഞങ്ങള്‍ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്രയിലാണ്. സൂര്യന്‍ ഭൂമിയെ അലങ്കരിച്ചെങ്കിലും ട്രാന്‍സല്‍വാനിയ പര്‍വ്വതങ്ങള്‍ മൂടല്‍മഞ്ഞിന്റെ വെള്ളപുതപ്പുമൂടി ഉറക്കത്തിലാണ്. പ്രകൃതി രമണീയങ്ങളായ മലയടിവാരങ്ങളില്‍ ചെറിയ വീടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മനസ്സിലെത്തിയത് തെക്കന്‍ കേരളത്തില്‍ നിന്ന് മൂന്നാര്‍ താഴ്‌വാരങ്ങളിലൂടെയുള്ള വനയാത്രയാണ്. അതിനേക്കാള്‍ ഭയാനകവും ദുര്‍ഘടം പിടിച്ചതുമാണ് ഇവിടുത്തെ പര്‍വ്വതകാഴ്ചകള്‍. ആകാശത്തു പ്രളയമേഘങ്ങള്‍ ഇളകിമറിയുന്നു. അന്ധകാരം പരത്തി നില്‍ക്കുന്ന പച്ചിലക്കാടുകള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. അവിടേക്ക് ഇമവെട്ടാതെ യാത്രികര്‍ നോക്കിയിരിക്കുന്നു. ചിലര്‍ വീഡിയോയില്‍ പകര്‍ത്തുന്നു.

ഡ്രാക്കുള നോവലിലെ വീരോതിഹാസ വ്‌ലാഡ് ഡ്രാക്കുള രാജാവ് ശത്രുക്കളെ സംഹരിച്ച് ഭൂതപ്രേത ചെകുത്താനായി ആരെയെങ്കിലും അമ്പരിപ്പിക്കുന്നെങ്കില്‍ അതിലൊരു പങ്ക് മനുഷ്യരെ ഭയാക്രാന്തരാക്കുന്ന ഈ പര്‍വ്വതശിഖരങ്ങള്‍ക്കുമുണ്ടെന്ന് തോന്നി. ഈ വനാന്തരങ്ങള്‍ ചെകുത്താന്മാരുടെ കലവറയാണോ? ഹിമാലയത്തിലേതുപോലെ ഇവിടെ ഗുഹകളുണ്ടോ? അതില്‍ പാര്‍ക്കുന്നത് ഇവിടുത്തെ വന്യമൃഗങ്ങളാണോ അതോ കാട്ടാളന്മാരോ? വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനമാണോ വ്‌ലാഡ് മൂന്നാമന്‍ ഡ്രാക്കുള രാജാവ്?
എങ്ങും വ്യാപിച്ചുകിടക്കുന്ന വനങ്ങളിലൂടെ വളഞ്ഞുതിരിഞ്ഞെത്തിയത് ഡ്രാക്കുള കോട്ടയുടെ താഴ്‌വാരത്തിലാണ്. ആരുടെയും കണ്ണുകള്‍ കവരുന്ന മലമുകളില്‍ ഡ്രാക്കുള കോട്ട സൂര്യപ്രഭയില്‍ തിളങ്ങുന്നു. വ്‌ലാഡ് ദി ഇംപാലര്‍ അല്ലെങ്കില്‍ വ്‌ലാഡ് ഡ്രാക്കുള വല്ലാച്ചിയന്‍ ചരിത്രത്തിലെ ധീരനും ക്രൂരനുമായിരുന്ന ഭരണാധികാരി മാത്രമല്ല റൊമാനിയയുടെ ദേശീയ നായകന്‍ കൂടിയാണ്. ബ്രാസോവ് നഗരത്തിലെ കാര്‍പാത്തിയന്‍ പര്‍വ്വത നിരകളിലാണ് ഡ്രാക്കുള കോട്ട. ഓട്ടോമന്‍ സാമ്രാജ്യത്തെ ഈ രാജ്യത്ത് നിന്ന് പിഴുതെറിഞ്ഞ ഡ്രാക്കുള രാജാവിന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ മണ്ണിലേക്ക് കാലെടുത്തുവെച്ചു.
മനുഷ്യ മൃഗങ്ങളുടെ രക്തംകുടിച്ചു ദാഹമടക്കിയ രാജാവിനെ ജനഹൃദയത്തി ലെത്തിച്ചത് ഓട്ടോമന്‍ സാമ്രാജ്യം ട്രാന്‍സ്വാനിയയില്‍ അടിയറവ് പറഞ്ഞതാണ്. ഒരു രാജാവിന്റെ ഭീതിജനകമായ ധാര്‍മ്മികാധഃപതനത്തേക്കാള്‍ രാജാവില്‍ കണ്ടത് രാജ്യസ്നേഹിയുടെ അന്തസ്സത്തയാണ്. ഡ്രാക്കുള കോട്ടയുടെ അടിത്തട്ടിലേക്ക് എങ്ങുനിന്നോ സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. മലമുകളില്‍ നിന്നൊഴുകിയെത്തുന്ന കാറ്റിനും ചുഴലികാറ്റിന്റെ ശക്തിയുണ്ട്. ഇത് ഡ്രാക്കുളയുടെ ശക്തിയാണോ? മനുഷ്യരെ കരിയിലപോലെ വലിച്ചിഴച്ചുകൊണ്ടുപോകുമോ?
പ്രധാന റോഡിന്റ ഒരു ഭാഗം മാറ്റിനിര്‍ത്തിയാല്‍ പരിസരപ്രദേശങ്ങളെല്ലാം ഹിമാലയന്‍ പര്‍വ്വതനിരകള്‍ പോലെയാണ്. പച്ചപുതച്ച മലനിരകള്‍ക്ക് മുകളിലെ കോട്ട ഒരു വിസ്മയമാണ്. ഡ്രാക്കുള നോവല്‍ പുറത്തുവന്നതിന് ശേഷമാണ് ഈ കോട്ടയെപ്പറ്റി ലോകമറിഞ്ഞത്. അറിഞ്ഞതൊക്കെ ചെകുത്താന്റെ കോട്ടയെന്നാണ്. സഞ്ചാരികളുമായി വന്ന ധാരാളം വാഹനങ്ങള്‍ താഴ്‌വാരത്തെ നിരന്നുകിടക്കുന്നു. റോഡിന്റെ മറുഭാഗത്ത് കുന്നുകള്‍ക്ക് മുകളില്‍ ചെറിയ വീടുകള്‍, യാത്രികര്‍ക്ക് താമസിക്കാനുള്ള ഹോട്ടലുകള്‍, കടകള്‍. അധിക ജനവാസമില്ലാത്ത പ്രദേശം.

ഗൈഡ് അപ്പൊസ്റ്റാലിനൊപ്പം ബ്രാന്‍ കാസില്‍ / ഡ്രാക്കുളയുടെ കോട്ട കാണാന്‍ മുന്നോട്ട് നടന്ന് വലത്തോട്ട് തിരിഞ്ഞു. കോട്ടയെപ്പറ്റി, ഡ്രാക്കുള നോവലിനെപ്പറ്റി ഗൈഡ് വാചാലനായി. റോഡിന്റെ ഇരുഭാഗങ്ങളിലും സുവനീര്‍ കടകള്‍. കടകളുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്നത് ഡ്രാക്കുളയുടെ ഭീകരരൂപങ്ങളുള്ള ചിത്രശില്പങ്ങള്‍, തുണികള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, പാവകള്‍ തുടങ്ങിയവയാണ്. ഇവിടുത്തെ കച്ചവടക്കാരും ഡ്രാക്കുളയോട് അങ്ങേയറ്റം വിധേയത്വം കാണിക്കുന്നു. ഡ്രാക്കുളയുടെ ഭ്രാന്തമായ ഭീകര മുഖങ്ങള്‍ കാട്ടി കാശുണ്ടാക്കുന്നു, കൊട്ടിഘോഷിക്കപ്പെടുന്നു.
ഗൈഡ് വനത്തിനുള്ളിലെ അപകട സാധ്യതകളെപ്പറ്റി പറഞ്ഞു. ഈ മലകളില്‍ തേന്‍ എടുക്കാന്‍ പോയവര്‍, മരം മുറിക്കാന്‍, ആട്ടിടയന്മാര്‍ തുടങ്ങി നൂറുകണക്കിന് മനുഷ്യര്‍ മടങ്ങി വന്നിട്ടില്ലെന്ന് ഗ്രാമവാസികള്‍ ഭീതിയോടെ പറയുന്നു. മൃഗങ്ങള്‍ കൊന്നുകാണുമെന്നതിനേക്കാള്‍ ഇവര്‍ വിശ്വസിക്കുന്നത് കാണാതായവരുടെ പ്രേതങ്ങള്‍ വനത്തിലും പ്രാന്തപ്രദേശങ്ങളിലും അലഞ്ഞു നടക്കുന്നുണ്ട്. അവരുടെ ആത്മാക്കള്‍ പിശാചിന്റെ രൂപത്തില്‍ നിശബ്ദ കൊലയാളികളായി ഇരുളിന്റെ മറവില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരെ ഭയപ്പെടുത്തുന്നു. കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയവരില്‍ ചിലര്‍ക്ക് കാട്ടുപൂച്ചയുടെ തുളച്ചുകയറുന്ന നോട്ടത്തില്‍ ഭയന്നോടി സുബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ തിരികൊളുത്തി തീപിടിപ്പിച്ചത് ബ്രാം സ്റ്റോക്കറുടെ ഭീകര നോവല്‍ ഡ്രാക്കുളയെന്നും ഗൈഡ് പറഞ്ഞു.
എന്റെ മനസ്സില്‍ വന്നത് ഈ നോവലില്‍ നിന്നാണോ മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി പിറന്നത്? റോമന്‍ സാമ്രാജ്യം ദൈവങ്ങളെ ഇറക്കുമതി ചെയ്തതുപോലെ കാര്‍പ്പത്തിയന്‍ പര്‍വ്വതങ്ങളില്‍ നിന്നായിരിക്കും യക്ഷി-ഭൂത-പ്രേതങ്ങളെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. അതിന് പകരം ഇന്ത്യയില്‍ നിന്ന് കുറെ ദുര്‍മന്ത്രവാദികളെ ഇങ്ങോട്ട് കയറ്റുമതി ചെയ്തിരുന്നെങ്കില്‍ ഇവിടുത്തെ ഭൂതപ്രേതയക്ഷികളെ തളയ്ക്കാനും മനുഷ്യര്‍ക്ക് ശാന്തമായി ഉറങ്ങാനും സാധിക്കുമായിരുന്നുവെന്ന് എനിക്ക് തോന്നി.
ഗൈഡിന്റെ ഓരോ വാക്കിലും ഭയം, ഭീതിയുടെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു. ആരെയും വിസ്മയിപ്പിക്കുന്ന സംഭവങ്ങള്‍ നോവലിലേതുപോലെ അവതരിപ്പിക്കുന്നു. ശാസ്ത്ര അവബോധമില്ലാത്തവര്‍, പരമ്പരാഗത വിശ്വാസികള്‍ക്ക് വിശ്വാസം തന്നെ പ്രമാണമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്ന വിചാരവുമില്ല. ഇങ്ങനെ ഓരോ ദേശങ്ങളിലും പുരാണകഥകളുടെ സാക്ഷ്യപത്രങ്ങളുണ്ട്. ഇരുണ്ട ഭൂതകാല വിശ്വാസങ്ങളില്‍ ജീവിക്കുന്നവര്‍ ഇരുട്ടിനെയകറ്റി വെളിച്ചത്തിലേക്ക് എന്നാണ് വരിക?
എങ്ങും പച്ചമരക്കാടുകളുടെ വശ്യലഹരി. മനുഷ്യരുടെ ഏകാന്തതയെ കിഴടക്കുന്ന കോട്ടയിലേക്ക് നടന്നു. ഇവിടുത്തെ കാറ്റിനുപോലും മരണഗന്ധമുണ്ടെന്ന് തോന്നി. കാഠിന്യം നിറഞ്ഞ ആ ഗന്ധം മധുരാനുഭൂതിയായിട്ടാണ് ഡ്രാക്കുള രാജാവ് കണ്ടത്. ശത്രുക്കളെ കൊന്ന് രക്തം കുടിക്കുന്നത് ആനന്ദം പകരുന്ന ലഹരിയായി ഒപ്പമുള്ള സൈനികര്‍ കണ്ടു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ രാജാധിപത്യം മറ്റുള്ളവരുടെ പിടയുന്ന
വേദനകളില്‍ മാധുര്യം കണ്ടെത്തിയത് ഇങ്ങനെയുള്ള ക്രൂരകൃത്യങ്ങളിലായിരുന്നു. ആ ക്രൂരത ഇന്നത്തെ സോഷ്യല്‍ മീഡിയകളിലും കാണാറുണ്ട്. പ്രൗഢമായ മലയിടുക്കിലൂടെ മുകളിലേക്ക് നടന്നു. കറുത്ത കല്ലുകള്‍ കുതിരലാടത്തിന്റെ രൂപത്തിലുള്ളതാണ്. വസന്തകാലമായതിനാല്‍ മരങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. ആകാശത്ത് ക്യാനോര്‍സ് വര്‍ഗ്ഗത്തിലുള്ള പക്ഷികള്‍ കൂട്ടമായി പറക്കുന്നു. കാണാനഴകുള്ള പക്ഷി. കഴുത്ത് വെളുത്തനിറം. സ്വര്‍ണ്ണംപോലെ തിളങ്ങുന്ന ചുണ്ടുകള്‍, തവിട്ട് നിറമുള്ള ചിറകുകള്‍ക്ക് നല്ല തിളക്കം.
അടിഭാഗം സീബ്രയുടെ വെളുത്ത വരകള്‍ പോലെയാണ്. മരങ്ങളില്‍ നിന്ന് കിളികുജനങ്ങള്‍ കേള്‍ക്കാം. മരത്തിന്റെ ചില്ലകളില്‍ നിന്ന് പക്ഷികള്‍ മലയിടുക്കുകളിലേക്ക് പറന്നു.
താഴെനിന്ന് മുകളിലേക്ക് നോക്കി. യാത്ര ആസ്വാദ്യകരമെങ്കിലും നീണ്ടു കിടക്കുന്ന കുത്തനെയുള്ള മലകയറ്റം അത്ര സുഖപ്രദമല്ലെന്ന് മനസ്സിലാക്കി. താഴെ അഗാധമായ ഗര്‍ത്തങ്ങളാണ്. മനസ്സില്‍ തങ്ങിയത് ഇറ്റലിയിലെ പോംപെ അഗ്‌നിപര്‍വ്വതം കാണാന്‍ പോയപ്പോഴും ഇതുപോലുള്ള അതിദുഷ്‌ക്കരമായ മലകയറ്റമായിരിന്നു. അത്രയും ദൂരയാത്ര ഇവിടെയില്ല. അവിടെ മുകളിലേക്ക് പോകാന്‍ ഒരു ഊന്നല്‍ വടി താഴ്‌വാരത്തില്‍ നിന്ന് കൊടുക്കാറുണ്ട്. ഇവിടെ വടിക്ക് പകരം മുകളിലേക്ക് പിടിച്ചുനടക്കാന്‍ ഒരു കമ്പിവേലിയുണ്ട്.
ആരും താഴ്‌വാരങ്ങളിലേക്ക് വീഴാതിരിക്കാന്‍ കെട്ടിയിരിക്കുന്നു. അതിന്റെ ഓരം ചാരി അതില്‍ പിടിച്ചുകൊണ്ടാണ് പ്രായമുള്ളവര്‍ നടക്കുന്നത്. യാതൊരു മിനുസവുമില്ലാത്ത പാറക്കല്ലുവിരിച്ച വഴിയിലൂടെ നടന്നവര്‍ ഒരല്പം വിശ്രമത്തിനായി ഇടയ്ക്ക് നില്‍ക്കുന്നു. കാടിനുള്ളിലെ കുത്തനെയുള്ള കയറ്റം ക്ലേശകരമാണ്. ക്ഷീണിതരായവര്‍ താഴേക്ക് നോക്കി ദീര്‍ഘശ്വാസം വിടുന്നു. ചിലര്‍ വിശ്രമിക്കുന്നു. എല്ലാവരുടെയും മുഖത്തു് ആകാംക്ഷകളാണ്. വളരെ ദൂരെ നിന്ന് മണിക്കൂറുകള്‍ യാത്രകള്‍ ചെയ്തു വന്നവര്‍. ആ ക്ഷീണവും ഈ കുത്തനെയുള്ള മലകയറ്റവും കഠിനങ്ങളായി തോന്നി.
ഗൈഡിനോട് ഞാന്‍ ചോദിച്ചു. നോവലിസ്റ്റ് ബ്രാം സ്റ്റോക്കര്‍ കുന്നിന്‍ മുകളിലെ കോട്ടയെ ഭീകരമായി അവതരിപ്പിച്ചെങ്കിലും അദ്ദേഹം ഈ കോട്ട കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് കണ്‍കുളിര്‍ക്കെ കണ്ടതുപോലെ എഴുതിയത്? അതിനുള്ള ഉത്തരം കണ്ടെത്താന്‍ ഗൈഡ് ബുദ്ധിമുട്ടുന്നത് കണ്ട് ഞാന്‍ പറഞ്ഞു. ബുദ്ധിശക്തിയും, സൗന്ദര്യബോധവും, ഭാവനയുമുള്ളവര്‍ക്ക് മാത്രമേ ഭാവനാസമ്പന്നമായ ഒരു സൃഷ്ഠി നടത്താന്‍ സാധിക്കൂ. അവര്‍ മേഘങ്ങള്‍ക്ക് മുകളിലും സഞ്ചരിക്കുന്നവരാണ്. ഞാന്‍ പറഞ്ഞതിനോട് ഗൈഡ് യോജിച്ചു. ബ്രാം ഈ കോട്ടയുടെ നെറുകയിലേക്ക് നടന്നുകയറിയിട്ടില്ല. ഇവിടുത്തെ കാട്ടുകല്ലുകള്‍ പാകിയ നടപ്പാതകള്‍, മലനിരകള്‍, മഴക്കാടുകള്‍, താഴ്‌വാരങ്ങള്‍ അദ്ദേഹം കണ്ടിട്ടില്ല. ഇതെല്ലാം ലഭ്യമായത് ഇവിടെ വന്നുപോയ ബ്രിട്ടനിലെ സുഹൃത്തുക്കള്‍ വഴിയും, മലയോര പ്രദേശങ്ങളിലെ നാടോടി പ്രേതകഥകള്‍, എണ്ണമറ്റ ഐതിഹ്യങ്ങളെ കോര്‍ത്തിണക്കിയാണ് നോവല്‍ എഴുതിയത്.
ഈ പര്‍വ്വതത്തില്‍ ഭീമാകാരനായ ഒരു രാക്ഷസന്‍ ജീവിച്ചിരിന്നുവെന്ന് എഴുതിയാലും ആ രാക്ഷസന്റെ ഗുഹ കാണാന്‍ സഞ്ചാരികളെത്തും. അതിന്റെ പ്രധാന കാരണം. ഇവിടുത്തെ ഭയാനകമായ ഭൂപ്രകൃതി കണ്ടാല്‍ ആരും വിശ്വസിക്കും. വെറുതെ ഒരു നോവല്‍ എഴുതിവിട്ടാല്‍ അധികം ആളുകള്‍ വായിക്കില്ലെന്ന് കണ്ടുതന്നെയാണ് ബ്രാം ഭീകര ജീവികളെ ഉള്‍പ്പെടുത്തിയത്. നോവലിസ്റ്റ് ജീവിച്ചിരുന്നെങ്കില്‍ എല്ലാം വര്‍ഷവും ഇവിടെയെത്തുന്ന എഴുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന സഞ്ചാരികളുടെ ഒരു വിഹിതം കിട്ടുമായിരിന്നുവെന്ന് ഞാന്‍ ഗൈഡിനോട് പറഞ്ഞു. അദ്ദേഹം ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ലോകസാഹിത്യത്തിലെ അത്ഭുതവിളക്കാണ് ഡ്രാക്കുള നോവല്‍. ഈ നോവല്‍ റൊമാനിയക്ക് ഒരു നിധി കിട്ടിയതുപോലെയാണ്. ഇങ്ങനെ നിധി കാക്കുന്ന ഭൂതങ്ങളെപോലെ എത്രയോ ഇതിഹാസ പുസ്തകങ്ങള്‍ക്ക് ഭൂതബാധയേറ്റ മനുഷ്യര്‍ കാവല്‍ നില്‍ക്കുന്നു. അതിലെ കഥാപാത്രങ്ങളെ ദൈവങ്ങളായി സങ്കല്‍പ്പിച്ച് ആരാധനകള്‍ നടത്തുന്നു. ആ വിശ്വാസങ്ങളുടെ പേരില്‍ മരമണ്ടന്മാര്‍ പരസ്പരം ഏറ്റുമുട്ടി മരിക്കുന്നു. ഈ നോവല്‍ തന്നെ അതിനുള്ള തെളിവാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിലൂടെയാണ് ഈ രാജാവ് പിശാച്, ചെകുത്താന്‍, രക്തദാഹി തുടങ്ങിയ പേരുകള്‍ക്ക് പ്രസിദ്ധനായത്. സത്യത്തില്‍ ഈ നോവല്‍ മാരകമായ ഒരായുധം പോലെയാണ് ലോകത്തെ ആക്രമിച്ചത്. എന്നാല്‍ അദ്ദേഹം ക്രൂരനായ ഒരു രാജാവായിരിന്നുവെന്ന് ചരിത്രം വിലയിരുത്തപ്പെടുന്നുണ്ട്. അത് ഈ ദേശത്തിനും ദേശീയതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. ഗൈഡ് പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കെ മനസ്സിലുദിച്ചത് ഈ ലോകത്തെ ഒരു പറ്റം മനുഷ്യര്‍ അന്ധകാരശക്തികളോടെ അനുരാഗമുള്ളവരും മാറോടണക്കുന്നവരുമാണ്. മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ഭരിക്കുന്ന പൈശാചിക ശക്തികള്‍.
കടപ്പാട്: കലാകൗമുദി പ്ലസ്