Sunday, September 15, 2024

HomeFeaturesകുര്യച്ചൻറെ സാഹസികത (കഥ: ആൻറണി ജോസഫ് കുറുപ്പശ്ശേരി)

കുര്യച്ചൻറെ സാഹസികത (കഥ: ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

പണിയെല്ലാം തീർന്നപ്പോൾ കുര്യച്ചനും സഹായത്തിനായെത്തിയ സത്യനും നന്നേ ക്ഷീണിച്ചിരുന്നു. അതിരാവിലെ തുടങ്ങിയ ജോലികളായിരുന്നു. സമയം ഏറെയായി. നന്നായി ഇരുട്ട് വീണു തുടങ്ങി. രണ്ടുപേരും ആറ്റിൽ ഇറങ്ങി കുളിച്ച് വന്നു. അമ്മ ആഹാരം വിളമ്പി. കുര്യച്ചന് ഇഷ്ടമുള്ള കറികളാണ് തയ്യാറാക്കിയിരുന്നത്. കുര്യച്ചന് പ്രായം പതിനാറെ ആയുള്ളൂ, പ്രായത്തെക്കാളുപരി ഉത്തരവാദിത്തം കാട്ടുന്നവനാണെന്ന് അമ്മ എല്ലാവരോടും പറയുമായിരുന്നു. ആഹാരം കഴിഞ്ഞപ്പോൾ സമയം 9 മണിയോളമായി. സത്യന്റെ വീട് അല്പം ദൂരത്താണ്. നല്ല ഇരുട്ടായി. നിലാവിന്റെ ലാഞ്ചനപോലുമില്ല. എങ്ങും നിശബ്ദതയാണ്. സത്യനോട് ഇന്നിവിടെ കിടന്നിട്ട് രാവിലെ പോകാമെന്ന് പറഞ്ഞു. അവന് വീട്ടിൽ പോകണം. എന്നാൽ ഒറ്റക്ക് പോകാൻ അവൻ തയ്യാറല്ല. താൻ കൂട്ട് പോകുകയും ചെയ്യണം. പലവട്ടം പറഞ്ഞു നോക്കി. അവൻ സമ്മതിക്കുന്നില്ല. കുര്യച്ചന് അല്പം ഭയം തോന്നി. അവനെ കൊണ്ടുവിട്ടാൽ ഒറ്റക്ക് വേണം തിരിച്ചുവരാൻ. വഴി അത്ര സുഖകരമല്ല. പൊന്തക്കാടുകളാണ്. സിമിത്തേരിയും കടന്നു വേണം അവന്റെ വീട്ടിൽ എത്താൻ. പക്ഷെ വേറെ പോംവഴിയൊന്നുമില്ല. അവനെ കൊണ്ടാക്കുകതന്നെ വേണം. അതാണ് സാമാന്യമര്യാദ. അവന്റെ മുൻപിൽ ധൈര്യക്കുറവ് കാണിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ടോർച്ചുമെടുത്ത് അവന്റെ കൂടെയിറങ്ങി.

അടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ സാധിക്കാത്തത്ര ഇരുട്ടാണ്. കൈതക്കാടുകളിലൊക്ക മിന്നാമിനുങ്ങുകൾ പ്രകാശം ചൊരിയുന്നുണ്ട്.

ചുറ്റും ചീവീടുകളുടെ ഒച്ചയാണ്. ടോർച്ചുമടിച്ച് കുര്യച്ചൻ, സത്യന് മുൻപേ നടന്നു. തന്റെ ധൈര്യക്കുറവ് പുറത്ത് കാണിക്കാതെയാണ് നടത്തം. സത്യൻറെ മുൻപിൽ ധൈര്യക്കുറവ് ഉണ്ടാകരുതല്ലോ. വഴിയിൽ ചെറിയ ചെറിയ തോടുകളും അവക്ക് കുറുകെ ചെറിയ ഉരുളൻ തട്ടികളുടെ പാലങ്ങളുമുണ്ട്. പകലൊക്കെ അതിലൂടെ ഓടിയിറങ്ങുന്നതാണ്. പക്ഷെ ഇപ്പോൾ സൂക്ഷിച്ചാണ് കടക്കുന്നത്. ഗ്രാമമാണ്. എല്ലാവരും 8 മണിയാകുമ്പോഴേ ഉറങ്ങും. എങ്ങും നിശബ്തത മാത്രം. കൂരിരുട്ടും ചീവിടുകളുടെയും തവളകളുടെയും ഒച്ചമാത്രം. ഗ്രാമങ്ങൾ എപ്പോഴും ഇങ്ങനെയാണ്. നേരത്തെ ഉറങ്ങുകയും പുലർച്ചെ നേരത്തെ ഉണരുകയും ചെയ്യുന്നതാണ് ശീലം. നിലത്തേക്ക് ടോർച്ചടിച്ച് ചുറ്റും നോക്കുന്നുണ്ട്. ഇഴജന്തുക്കളെ പണ്ടേ ഭയമാണ്. പാലങ്ങൾ കടന്ന് മുന്നോട്ടു പോയി. ഇനി പൊന്തക്കാടുകൾക്ക് നടുവിലൂടെയാണ് നടക്കേണ്ടത്. അതിന് ശേഷം സിമിത്തേരിയാണ്. കൂട്ടിന് ആളുള്ളതിനാൽ സത്യൻ ശാന്തനും ധൈര്യവാനുമായി തോന്നി. പക്ഷെ തനിക്കാണ് ഭയം തോന്നുന്നത്. തിരിച്ച് ഒറ്റക്ക് വരേണ്ടതിനെക്കുറിച്ച് ഓർത്തിട്ടാണ് ഭയം. സത്യനോട് എന്തെങ്കിലും ഇടക്കൊക്കെ സംസാരിക്കുന്നുണ്ടെങ്കിലും ചിന്ത മുഴുവനും തിരിച്ചു വരേണ്ട വഴിയെക്കുറിച്ചാണ്. പൊന്തക്കാടിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാതയിലേക്ക് തിരിഞ്ഞു. പകൽ പോലും ചേരയൊക്കെ ഇഴഞ്ഞു പോകുന്നത് കാണാം.

“സത്യാ ശ്രദ്ധിച്ചോണം , ചേരയൊക്കെ കാണും” സത്യനോട് സ്വരം താഴ്ത്തി പറഞ്ഞു. സത്യൻ പുറകിലുണ്ടോയെന്ന് അറിയാനാണ് പറഞ്ഞത്.

“രാവിലെ ഇങ്ങോട്ടു വന്നപ്പോൾ ഒരു ചേരയെ കണ്ടായിരുന്നു” സത്യന്റെ മറുപടിയാണ്. സമാധാനമായി. ഇരുട്ടായതുകൊണ്ടും ഒന്നും സംസാരിക്കാത്തതുകൊണ്ടും പുറകിൽ ആളുണ്ടോയെന്ന് അറിയാൻ പറ്റില്ലാത്ത അവസ്ഥയിലാണ്. പതിഞ്ഞ മണ്ണിലൂടെയുള്ള നടപ്പായതിനാൽ കാൽപെരുമാറ്റവും കുറവാണ്. അവന് മറ്റുള്ള ചിന്തയൊന്നുമില്ല. വഴിയിലാണ് അവൻ്റെ ശ്രദ്ധ മുഴുവനെന്ന് മനസ്സിലായി. വേഗത്തിൽ നടന്നിട്ടും വഴി തീരുന്നില്ലെന്നു തോന്നി. പൊന്തക്കാട് കടന്നു കിട്ടി. ആശ്വാസം തോന്നിയെങ്കിലും ഇനി സിമിത്തേരിയാണ്. സിമിത്തേരിക്ക് ചുറ്റും അല്പം തുറന്ന സ്ഥലമായതിനാൽ സിമിത്തേരിയുടെ വെള്ളയടിച്ച ചുറ്റുമതിൽ ഇരുട്ടിലും കാണാമായിരുന്നു. അതിന്റെ മതിലിനു ഇടക്കിടക്ക് വിടവുകളിട്ടതിനാൽ പകലൊക്കെ നോക്കിയാൽ കുഴിമാടങ്ങൾ കാണാമായിരുന്നു. സത്യനെ വിട്ടിട്ട് ഇതിലെ ഒറ്റക്ക് വേണം തിരിച്ചു വരാൻ. സത്യനുമായുള്ള സംഭാഷണം തനിയെ നിന്നു. സത്യൻ തന്റെ മുൻപിൽ കയറി വേഗത്തിൽ നടക്കാൻ തുടങ്ങി. ശ്വാസഗതിയിൽ മാറ്റമുണ്ടായി. പരേതാത്മാക്കളുടെ വാസ സ്ഥലമാണ്. സിമിത്തേരിയിലേക്ക് കൂടുതൽ ശ്രദ്ധിച്ചില്ല. വേഗം അവനെ വീട്ടിൽ വിട്ടിട്ട് തിരിച്ച് വരേണ്ടതാണ്. ധൈര്യമെല്ലാം ചോർന്നു പോകുന്നപോലെ തോന്നി. സിമിത്തേരി കടന്നു കിട്ടി.

“ഇനി ഞാൻ ഒറ്റക്ക് പൊക്കോളാം” സത്യൻ തിരിഞ്ഞു നിന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുട്ടിലും അവന്റെ പല്ലുകൾ കാണാമായിരുന്നു. കുറച്ച് കൂടിയുണ്ട് അവന്റെ വീട്ടിലേക്ക്. ആകെ അരിശം തോന്നി. നേരത്തെകൂട്ടി പറയാതെ അവൻ ഇങ്ങനെ പെട്ടെന്ന് പറയുമെന്ന് കരുതിയില്ല. ആകെ ഭയം തോന്നി. സിമിത്തേരി കടന്നു കിട്ടുക എന്നതായിരുന്നു അവന്റെ ആവശ്യമെന്ന് മനസ്സിലായി. താൻ ഇപ്പോൾ ഒറ്റക്കായി.

“ശരി എന്നാൽ ഞാൻ പോകുവാ …” കുര്യച്ചൻ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ആരെങ്കിലും പരിചയക്കാർ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു.

വീണ്ടും സിമിത്തേരി മുൻപിൽ. സിമിത്തേരിയിലേക്ക് നോക്കാൻ ഭയമാണെങ്കിലും കണ്ണുകൾ താനെ അവിടേക്ക് തിരിയുന്നു. ചുറ്റുമതിലിനുള്ളിൽ തീ കത്തുന്നുണ്ടോ.. സ്‌കൂളിൽ പഠിച്ച പാഠങ്ങളെല്ലാം ഓർമ്മയിലേക്ക് വരികയാണ്. സിമിത്തേരിയിൽ ഉണ്ടാകുന്ന തീയെക്കുറിച്ച് ഭയക്കരുതെന്ന് മനസ്സിനെ ഒരുക്കിയെടുക്കുകയാണ് കുര്യച്ചൻ. എല്ലുകളിലുള്ള ഫോസ്‌ഫറസ്‌ വായുവുമായി കൂടി തനിയെ കത്തുമെന്നും അത് ഇരുട്ടിൽ കൂടുതൽ പ്രകടമാകുമെന്നുമാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. അതിനാൽ അങ്ങനെ തീ കണ്ടാൽ ഭയക്കേണ്ടതില്ലായെന്നും സ്വയം ആശ്വസിച്ചു. യുക്തിബോധം കൂടുതൽ ധര്യം തന്നു. ഇനി ആത്മാക്കൾ തന്നെ ശല്യപ്പെട്ടുത്തുമോയെന്നും ഭയം തോന്നി. അങ്ങനെയെങ്കിൽ മരിച്ചു പോയ തൻറെ പിതാവിൻ്റെ ആത്മാവ് തനിക്കുവേണ്ടി മറ്റ് ആത്മാക്കളെ തുരത്തി തന്നെ രക്ഷപെടുത്തുമല്ലോ എന്നും മനസ്സിനെ ആശ്വസിപ്പിച്ചു.

കണ്ണും കാതും വട്ടം പിടിച്ചാണ് നടത്തം. കരിയിലകളുടെ അനക്കം പോലും കൃത്യതയോടെ ശ്രദ്ധിക്കുന്നുണ്ട്. ശ്മാശാന മൂകതയാണ് ചുറ്റും. ചീവീടുകളുടെ ഒച്ചപോലുമില്ല. വീണ്ടും വീണ്ടും കണ്ണുകൾ സിമിത്തേരിക്കുള്ളിൽ പരതുകയാണ്. പരേതാത്മാക്കൾ വെള്ള വസ്ത്രധാരികളായി കുഴിമാറ്റങ്ങളുടെ മുകളിലിരിപ്പുണ്ടോ? നെഞ്ചിടിപ്പ് കൂടുന്നുണ്ട്. തൊണ്ട വരളുന്നപോലെ തോന്നുന്നു. എങ്കിലും മറ്റൊരു കഥയാണ് കുര്യച്ചന് പിന്നെ ഓർമ വന്നത്. ഒരിക്കൽ ധൈര്യവാനായ ഒരു പള്ളി വികാരി തന്റെ ധൈര്യത്തെക്കുറിച്ച് ചില ഇടവകാംഗങ്ങളുമായി വാതു വെച്ചു. അർദ്ധ രാത്രിയിൽ അദ്ദേഹം സിമിത്തേരിയുടെ നടുക്ക് നിൽക്കുന്ന കുരിശിൽ ആണി അടിക്കണം എന്നാണ് വാത്. അദ്ദേഹം അതുപോലെ ആണി അടിച്ച് തിരിഞ്ഞു പോകാൻ തുനിഞ്ഞപ്പോൾ പുറകിൽ നിന്നും ആരോ ളോഹയിൽ പിടിച്ച് വലിച്ചു. ഭയപ്പെട്ടു പോയ അദ്ദേഹം അവിടെ വെച്ച് മരിച്ചു. പിറ്റെന്നാൾ ഇടവകാംഗങ്ങൾ വന്ന് നോക്കിയപ്പോളാണ് അച്ഛൻ ളോഹ കൂട്ടിയാണ് കുരിശിൽ ആണി അടിച്ചതെന്ന് മനസ്സിലായത്.

ഇതൊക്കെ ചിന്തിച്ച് കുര്യച്ചൻ സിമിത്തേരി കടന്നു. വലിയ ആശ്വാസം തോന്നിയെങ്കിലും ഇനി കടന്നുപോകേണ്ടത് പൊന്തക്കാടിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെയാണ്. ഇങ്ങോട്ട് വന്നപ്പോൾ കൂടെ ഒരാളുണ്ടായിരുന്നു. വീണ്ടും യുക്തിപൂർവം മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചു. ഓരോ ചലങ്ങളെയും കൃത്യതയോടെ മനസ്സിലാക്കണം. ഉപ്പൻ കാക്കയെ പകൽ കാണാറുണ്ട്. അതിൻ്റെ ചുവന്ന കണ്ണുകളും അവയുടെ അനക്കം വലിയ ശബ്ദവും ഉണ്ടാക്കാം. ടോർച്ചിൻറെ വെളിച്ചം കുറയുന്നുണ്ടോയെന്ന് ഒരു സംശയം. പൊന്തക്കാടും കഴിഞ്ഞു. ഇനി പാലങ്ങൾ കടക്കണം, എങ്കിലും ഇനി തനിക്ക് പരിചിതമായ വീതികൂടിയ വഴിയാണ്. വലിയ ആശ്വാസവും സന്തോഷവും തോന്നി. തന്റെ സാഹസികതയിൽ സ്വയം അഭിമാനിച്ചു. അല്പം തലയൊന്നുയർത്തി ഗർവോടെ നടന്നു.

കുര്യച്ചൻ വീട്ടിലെത്തുന്നതും നോക്കി അമ്മയിരിപ്പുണ്ടായിരുന്നു. കടവിൽ പോയി കാലു കഴുകി വീട്ടിൽ കയറി. അമ്മയോട് ഭയപ്പെട്ട കാര്യമൊന്നും പറഞ്ഞില്ല. താനൊരു ധൈര്യവാനാണെന്ന് അമ്മ കരുതിക്കോട്ടെ. കൂടുതൽ ചിന്തകൾക്ക് വഴി കൊടുക്കാതെ കട്ടിലിൽ കയറി കിടന്നു. പകലത്തെ അലച്ചിലിൽ പെട്ടെന്ന് തന്നെ കുര്യച്ചൻ ഉറങ്ങിപ്പോയി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments