Thursday, December 1, 2022

HomeFeaturesവയലാർ

വയലാർ

spot_img
spot_img

ആര്യാട് സനൽകുമാർ
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഇന്ദ്രധനുസ്സിന്റെ തൂവൽ കൊഴിയുന്ന മനോഹര തീരത്ത് ജീവിത കാമനകളുടെ സാഗര ദാഹവുമായി ഒരു ഗന്ധർവൻ വന്നു. പണിതിട്ടും പണിതിട്ടും പണി തീരാത്ത പ്രപഞ്ച മന്ദിരത്തിൽ ഒരു മുറി കൂടി പണിതു് ഗന്ധർവൻ ഇവിടെ താമസമായി. ഭൂമിയെ സ്നേഹിച്ച ഗന്ധർവൻ. മനുഷ്യനെ സ്നേഹിച്ച ഗന്ധർവൻ. ഇന്ദ്രവല്ലരി പൂ ചൂടി വരുന്ന സുന്ദര ഹേമന്ത രാത്രികളിലും, സ്വർണമുകിലുകൾ സ്വപ്നം കാണുന്ന പൗർണമി രാവുകളിലും സ്വർഗ സീമകളെ ഉമ്മ വയ്ക്കുന്ന സ്വപ്നങ്ങളുമായി ഗന്ധർവൻ ഇവിടെ പാടി നടന്നു.

വിശ്വ തലത്തിന്റെ കർമ്മമേഖലകളിൽ ജീവിതം നോവുന്നതു കണ്ട് ഗന്ധർവന്റെ മനസ് പിടഞ്ഞു.നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തേയും സ്നേഹിക്കുകയില്ലെന്ന് ഗന്ധർവൻ പ്രഖ്യാപിച്ചതോടെ അയാൾ ഈ യുഗത്തിന്റെ കവിയായി.വയലാർ രാമവർമ്മയായി.ഇതിഹാസങ്ങൾ മേഞ്ഞു നടക്കുന്നവനങ്ങളിൽ ,സ്മൃതികൾ മന്ത്രം ചൊല്ലും നിർജന ഗുഹകളിൽ ,ഇടിഞ്ഞ ചരിത്രത്തിന്റെ കോട്ടകൊത്തളങ്ങളിൽ, വിടരും സയൻസിന്റെ സർഗമണ്ഡലങ്ങളിൽ ആ കാവ്യഭാവന ചിറകടിച്ചു.ഈ പ്രപഞ്ചത്തിന്റെ വ്യാസത്തോളം ആത്മാവിന്റെ ശില്പശാലയെ വലുതാക്കിയ മനുഷ്യൻ നേടിയ ശാസ്ത്രീയ നേട്ടങ്ങങ്ങളെ വാനോളം പുകഴ്ത്തിയ കവി.

നാലുകെട്ടുകൾക്കുള്ളിൽ പൂർവികരുടെ പടവാളിനു് പൂവർപ്പിച്ച പൂണൂലിൻ പാരമ്പര്യം വലിച്ചെറിഞ്ഞ് മനുഷ്യ മോചന രണഭൂവിൽ നിന്നു് തീപ്പാട്ടുകൾ പാടി. ചങ്ങലകൾ വെട്ടിമാറ്റി വിശ്വസമ്പത്തുകൾ പടവെട്ടി നേടാൻ ആഹ്വാനം ചെയ്തു. പുരുഷാന്തരത്തിന്റെ ഗായത്രികൾ ചൊല്ലി മരിച്ച ധർമ്മാധർമ്മങ്ങളെ തള്ളി പറഞ്ഞ് കാലത്തിന്റെ ധീര സ്വരം മാറ്റത്തിന്റെ രാഗം താനം പല്ലവിയാക്കി. മാനവികതയുടെ ദിഗ്വിജയത്തിനായി സർഗശക്തിയായ കുതിരയെ വിട്ടയച്ചു. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കൊതിച്ചു.വയലാറിലെ രക്തം പുരണ്ട മൺതരികൾക്കിടയിൽ പൊട്ടി മുളച്ചുപാടിയ മുളന്തണ്ടിന് പ്രണാമം.വയലാർ നമ്മേ വിട്ടു പിരിഞ്ഞു പോയിട്ട് ഒക്ടോബർ 27 ന് 41 വർഷം പൂർത്തിയാവുന്നു. മാനവസ്നേഹത്തിന്റെ സാമഗാനങ്ങൾ കാലാതിവർത്തിയായി പടരും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments