Thursday, December 7, 2023

HomeFeaturesഎവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ ഡേ:കാലം പോയ പോക്ക് ! 

എവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ ഡേ:കാലം പോയ പോക്ക് ! 

spot_img
spot_img

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് 
പലപ്പോഴും ഉർവ്വശീ ശാപം ഉപകാരം ആയത് വിധിയുടെ കളിയാട്ടമെന്നൊക്കെ പറഞ്ഞു തള്ളിക്കളയുന്നവരാണ് നമ്മൾ. പക്ഷെ നമ്മുടെ സുനാക്കു സാറിനെ  നാൽപ്പത്തിയഞ്ച് ദിവസം കൊണ്ട് അവിചാരിതമായി ഭാഗ്യദേവത ഓടി വന്ന് പുൽകിയത് ,  ഇന്ത്യാക്കാർക്ക്  സ്വല്പം ഗമ  കൂട്ടിയ സംഭവം തന്നെ.
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഊട്ടി, സിംലാ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിൽ ഇൻഡ്യാക്കാർക്ക് കാലു കുത്താൻ പോലും അനുവാദമില്ലായിരുന്നു.

“നായകൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല” എന്ന് പിച്ചള ബോർഡുകളിൽ  എഴുതി വെച്ചിരുന്നത്‌ ഇന്നും വേദനിക്കുന്ന ഓർമ്മകൾ  ആയി അവിടെയുള്ള സ്മാരക ബോർഡുകളിൽ സൂക്ഷിച്ചിട്ടുണ്ട്.പക്ഷെ കാലം മാറിയപ്പോൾ നായയെ മടിയിലിരുത്തി രാജ്യഭരണം തന്നെ കയ്യാളാൻ ഒരു ഇന്ത്യൻ പൈതൃക “ഋ”  ലണ്ടനിലെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ വന്നെത്തിയത് നിസ്സാര സംഗതിയല്ല.

ഇന്ത്യയിൽ ഇറ്റലിക്കാരിയെ പ്രധാനമന്ത്രിയാക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് മുറവിളി കൂട്ടുന്ന ഹിന്ദുത്വ ചിന്താഗതിക്കാർക്കു ഹിന്ദുവായ ഒരു ഇന്ത്യൻ വംശജൻ ക്രൈസ്തവ പാരമ്പര്യമുള്ള ബ്രിട്ടന്റെ പ്രധാന മന്ത്രിയാകുന്നതിൽ സന്തോഷമേയുള്ളൂ. ഇത് ഒരു വിധം ഇന്ത്യാക്കാർക്കുള്ള ബൈ പോളാർ അസുഖമായിരിക്കാം. 

നമുക്ക് അറിയാവുന്ന ചരിത്രം പറയുന്നത്, പണ്ട് ഭൂരിപക്ഷം ഹിന്ദുക്കൾ ഉളള ഭരതൻ ഭരിച്ച ഭാരതത്തിലേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടക്കാരായാണ് വന്നത് എന്നാണല്ലോ. ലോകം മുഴുവൻ കോളനികളുണ്ടാക്കി സൂര്യനസ്തമിക്കാത്ത രാജ്യമായി മാറി, പിന്നീട് പല രാജ്യങ്ങളിൽനിന്നും കോളനികൾ അവസാനിപ്പിച്ച് പോയിട്ടും ഇരുന്നൂറോളം വർഷങ്ങൾ ഇന്ത്യയെ വിട്ടു പോകാൻ അവർ തയ്യാറായില്ല.  നമ്മുടെ സുഗന്ധ ദ്രവ്യങ്ങൾ  മാംസം സംരക്ഷിക്കാൻ യൂറോപ്പിൽ  ഉപയോഗിച്ചിരുന്ന വളരെ പ്രധാനപ്പെട്ട വസ്തുവായിരുന്നു. കൂടാതെ, അവർ പ്രാഥമികമായി സിൽക്ക്, കോട്ടൺ, നീലം ഡൈ, ചായ, കറുപ്പ് എന്നിവയിലും വ്യാപാരം നടത്തിവന്നിരുന്നു. ഭൂസമ്പത്തിൽ ഏറെ ഉയരത്തിൽ നിന്ന ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ 1947 ആഗസ്റ്റ് 15 ന് , ഇന്ത്യയെന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് മടങ്ങുമ്പോൾ ഇന്ത്യയുടെ സമ്പത്തിന്റ വെറും 6% മാത്രമായിരുന്നു അശേഷിപ്പിച്ചത്. 1608 ഓഗസ്റ്റ് 24-ന് സൂറത്ത് തുറമുഖത്ത് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇറങ്ങിയതിന്റെ ശരിക്കുള്ള പ്രയോജനം ഇപ്പോഴാണ് ഇന്ത്യയ്ക്ക് കിട്ടിയതെന്ന് തോന്നുന്നു.

ഹാരപ്പയിലെയും മോഹൻജൊ-ദാരോയിലെയും സിന്ധുനദീതട നാഗരികതയിൽ നിന്ന് 4000 വർഷം പഴക്കമുള്ള സമ്പന്നവും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്രമാണ് ഇന്ത്യക്ക് ഉള്ളതെങ്കിലും, ഇന്ത്യയ്ക്ക് ഏകദേശം 3000 വർഷങ്ങൾക്ക് ശേഷം 9-ാം നൂറ്റാണ്ട് വരെ ബ്രിട്ടന് തദ്ദേശീയ ലിഖിത ഭാഷ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ബ്രിട്ടീഷുകാർക്ക് ഈ വലിയ രാജ്യം പിടിച്ചടക്കാനും 1757 മുതൽ 1947 വരെ നിയന്ത്രിക്കാനും സാധിച്ചത്?

ഇതിനും മുമ്പുതന്നെ 1498-ൽ പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്‌കോഡ ഗാമ കോഴിക്കോട്ടെത്തിയതോടെയാണ് യൂറോപ്പുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഒരു കടൽമാർഗ്ഗം ശ്രദ്ധയിൽപ്പെട്ടത്. ഇത് ഇന്ത്യയെ യൂറോപ്പിന്റെ ട്രേഡ് സർക്യൂട്ടിന്റെ ശ്രദ്ധാകേന്ദ്രമാക്കി, യൂറോപ്യൻ ശക്തികൾ സ്വന്തം വ്യാപാര കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി   ഏഷ്യയിലേക്ക് കുതിച്ചു.അങ്ങനെ വന്നുപറ്റിയ ബ്രിട്ടീഷുകാർ സാവധാനം നാട്ടുരാജ്യങ്ങൾ അധീനമാക്കിത്തുടങ്ങി.1698-ൽ സുട്ടനാറ്റി, കലികട്ട, ഗോവിന്ദ്പൂർ എന്നീ മൂന്ന് ഗ്രാമങ്ങളുടെ  ജമീന്ദാരി സ്വന്തമാക്കിയതോടെയാണ് കൽക്കട്ട നഗരം സ്ഥാപിതമായത്. പിന്നെ നടന്നതൊക്കെ നമ്മൾ സ്‌കൂളിൽ പഠിച്ചത് ഓർത്തെടുത്താൽ മതി.

വർഷങ്ങളോളം നമ്മളെ ഭരിച്ച രാജ്യം,  ഇപ്പോൾ ഇന്ത്യൻ പൈതൃകത്തിന്റെ ഒരു പ്രധാനമന്ത്രിയുടെ കയ്യിലേൽപ്പിച്ചിരിക്കുന്നതു ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷമാണ്. 

ഇന്ത്യക്കാർ അടുത്ത യുകെ പ്രധാനമന്ത്രി സുനക്കിനെ തങ്ങളുടേതായി ആലിംഗനം ചെയ്യുന്നു. രാഷ്ട്രീയ മേഖലയിൽ, പ്രത്യേകിച്ച്, ഇന്നത്തെ ഹൗസ് ഓഫ് കോമൺസിൽ (മൊത്തം 338 അംഗങ്ങൾ) ഇന്ത്യൻ വംശജരായ 19 പാർലമെന്റംഗങ്ങളുണ്ട്. ഇതിൽ ക്യാബിനറ്റിലെ മൂന്ന് (03) മന്ത്രിമാർ ഉൾപ്പെടുന്നു: ദേശീയ പ്രതിരോധ മന്ത്രി, അനിത ആനന്ദ്; അന്താരാഷ്ട്ര വികസന മന്ത്രി ശ്രീ.ഹർജിത് എസ്.തുടങ്ങിയവർ ആണ്.
വാസ്തവത്തിൽ, ശക്തമായ സ്ഥാനം വഹിക്കുന്ന ഒരേയൊരു ഇന്ത്യൻ വംശജനായ നേതാവല്ല സുനക്. ഇന്ത്യൻ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഒരു ഓർഗനൈസേഷൻ പുറത്തിറക്കിയ 2021 ലെ ഇന്ത്യാസ്‌പോറ ഗവൺമെന്റ് ലീഡേഴ്‌സ് ലിസ്റ്റ് 200-ലധികം ഇന്ത്യൻ വംശജർ 15 രാജ്യങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു – അവരിൽ 60-ലധികം പേർ ക്യാബിനറ്റ് സ്ഥാനങ്ങൾ വഹിക്കുന്നു. എങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നത് സമുന്നതമായ പദവി തന്നെ.

ഋഷി സുനക് യുകെയുടെ ആദ്യത്തെ വെള്ളക്കാരൻ അല്ലാത്ത  പ്രധാനമന്ത്രിയും 200 വർഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. നേരത്തെ യുകെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച 42-കാരൻ, വെറും 45 ദിവസത്തെ ഓഫീസിന് ശേഷം ഒക്ടോബർ 20 ന് ലിസ് ട്രസ് രാജിവച്ചതിനെ തുടർന്നാണ് ആ സ്ഥാനം ഏറ്റെടുത്തത്. ബോറിസ് ജോൺസന്റെ പിൻഗാമിയായി ട്രസ് അധികാരമേറ്റു, എന്നാൽ ട്രസ് പൊടുന്നനെ രാജി വെച്ചത് സുനാക്കിന് ഭാഗ്യമായി. ഒരു പക്ഷെ ചാൾസ് രാജാവിനേക്കാൾ സ്വത്തുകൊണ്ടും അറിവുകൊണ്ടും മുന്നിൽ നിൽക്കുന്ന നമ്മുടെ “ഋ” ഒത്താൽ ബ്രിട്ടനെ നന്നാക്കിയെടുക്കും, ചരിത്രം തിരുത്തി എഴുതിയേക്കും.

ഋഷി സുനക്ക് യുകെയുടെ പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള മികച്ച ഉദ്ധരണിയുടെ അർഥം ഇങ്ങനെയായിരിക്കാം.

“എല്ലായ്‌പ്പോഴും എന്നപോലെ, ഒരു വെള്ളക്കാരന് ജോലി വളരെ പ്രയാസകരമാകുമ്പോൾ അവർ അത് ഒരു ഇന്ത്യക്കാരന് “ഔട്ട്‌സോഴ്‌സ് ചെയ്യുന്നു!”. 

പക്ഷേ ഒരു കാര്യം പേടിക്കേണ്ടി വരും, പണ്ട് ഭാരതത്തിലെ ലാഹോർ പട്ടണത്തിൽ നിന്നും അടിച്ചോണ്ടു പോയ 793 കാരറ്റ്  ഉണ്ടായിരുന്ന നമ്മുടെ “കോഹിനൂർ ഡയമണ്ട്” ചിലപ്പോൾ ഇന്ത്യക്ക് കിട്ടാൻ ബുദ്ധിമുട്ടായേക്കും. കാരണം, സുനാക്കിന്റെ ഏതോ വകയിലുള്ള മുത്തച്ഛൻ പഞ്ചാബിലെ ഗുജറാൻ വയലായിൽ നിന്നുള്ള ഖത്രി കുടുംബത്തിൽ പെട്ട ആളായിരുന്നത്രെ. ഇപ്പോൾ ഈ പറയുന്ന ഗുജ്റൻവാലാ എന്ന സ്ഥലം പാകിസ്ഥാനിൽ ആയതുകൊണ്ട് അവരും ഡിമാൻഡ് വച്ചേക്കും. ( ഈ ചരിത്രം മലയാളത്തിൽ എഴുതിയതുകൊണ്ട് പാകിസ്ഥാനികൾക്കു മനസ്സിൽ ആകത്തില്ലായിരിക്കും, അല്ലേ!). എവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ  ഡേ!
ഋഷി സുനാക്കിന് അനുമോദനങ്ങൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments