Thursday, December 1, 2022

HomeFeaturesഅന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കുന്ന കാലം എന്ന്?

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കുന്ന കാലം എന്ന്?

spot_img
spot_img

ബ്ലെസന്‍ ഹ്യൂസ്റ്റന്‍

പ്രാചീനകാലത്തു നടന്നിരുന്ന നരബലി ആധുനിക ലോകത്തുമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളും നിറഞ്ഞ നാട്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനത്തോടൊപ്പം അല്പം അഹങ്കാരത്തോടുകൂടി മാലോകരോട് വിളിച്ചു പറയുന്ന മലയാളികളുടെ സ്വന്തം കേരളനാട്ടില്‍. സമ്പല്‍സമൃദ്ധിക്കും സര്‍വ്വൈശ്വര്യത്തിനും ദൈവപ്രീതിക്കുമായി നരബലി നടത്തിയിരുന്നത് പ്രാചീനകാലത്തും പ്രാകൃത മനുഷ്യരുമായിരുന്നു. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈക്കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടന്നിരുന്നുവെങ്കിലും അത് വിദ്യാവിഹീനരും അന്ധവിശ്വാസികളുമായവരാണെങ്കില്‍ കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പ്രതികളായവര്‍ പുരോഗമനവാദികളായിരുന്നു.

പകല്‍ നിരീശ്വരവാദികളും രാത്രിയില്‍ അന്ധവിശ്വാസികളോ അമിത വിശ്വാസികളോ ആയ ഒരു കൂട്ടമാളുകളുടെ തനിരൂപം തുറന്നു കാട്ടുന്നതാണ് ഇലന്തൂര്‍ നരബലി. നരബലിയും മൃഗബലിയുമൊക്കെ നിറഞ്ഞാടുന്ന പ്രാചീന കാലത്തിലേക്കുള്ള കേരളത്തിന്റെ പോക്ക് ഇന്ന് നമ്മുടെ നാടിന്റെ മറ്റൊരു കാലമാറ്റമായി ഇരുട്ടില്‍ തന്നെ ഉണ്ടായിരുന്നു ആരുമറിയാതെ.

വിപ്ലവവും പുരോഗമനവും ആളിക്കത്തുമ്പോഴും അതിനകത്ത് ആരുമറിയാതെ അന്ധവിശ്വാസവും അനാചാരങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ഇലന്തൂരിലെ നരബലി തുറന്നു കാട്ടുന്നത്. അതും പൈശാചികവും അതിക്രൂരവുമായ രീതിയില്‍. എന്താണ് അനാചാരങ്ങള്‍ എന്ന് വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുയെന്ന് അഹങ്കരിക്കുന്ന മലയാളികളോട് സ്റ്റഡി ക്ലാസ്സെടുക്കേണ്ടതില്ല. ആചാരങ്ങള്‍ അമിതമാകുമ്പോഴാണ് അനാചാരങ്ങള്‍ ഉടലെടുക്കുന്നത്. പ്രാചീനകാലം മുതല്‍ ആചാരങ്ങള്‍ക്കൊപ്പം അനാചാരവും കടന്നുകൂടിയിട്ടുണ്ട്. വിത്ത് വിതയ്ക്കുമ്പോള്‍ അതില്‍ ആരുമറിയാതെ ഒളിഞ്ഞിരിക്കുന്ന കളകള്‍ അത് വളരുമ്പോള്‍ അതിനൊപ്പം വളരുന്നതുപോലെയാണ് ആചാരവും അനാചാരവും. വിളകള്‍ക്ക് വളര്‍ച്ച മുരടിക്കുന്ന തരത്തിലേക്ക് കളകള്‍ വളരുമ്പോള്‍ അത് വെട്ടിമാറ്റിയോ പിഴുതു കളയുകയോ ചെയ്യാറാണ് പതിവ്. ഇല്ലെങ്കില്‍ വിളകളേക്കാള്‍ കളകള്‍ വളര്‍ന്ന് വിളകള്‍ ഇല്ലാതതെയാകും.

ഇതുപോലെയാണ് ആചാരവും അനാചാരവും. ആചാരം പലപ്പോഴും മതങ്ങളുടെയൊപ്പമുണ്ടായവയാണെങ്കിലും മതങ്ങളിലില്ലാത്ത മതങ്ങളില്ലാത്ത മനുഷ്യര്‍ക്കിടയിലും ആചാരവും അനാചാരവുമുണ്ട്. കാടുകളിലും മറ്റും താമസിക്കുന്ന മനുഷ്യര്‍ക്കിടയില്‍ മതമില്ലെങ്കിലും ആചാരവും അനാചാരവുമുണ്ട്. ആചാരത്തേക്കാള്‍ അവര്‍ പ്രാധാന്യം കല്പിക്കുന്നത് അനാചാരത്തിനാണ്. അതിനര്‍ത്ഥം മതമില്ലെങ്കിലും ആചാരവും അനാചാരവും മനുഷ്യര്‍ക്കിടയിലുണ്ട്.

എന്നാല്‍ ഇന്ന് ഏറെയും ആചാരവും അനാചാരവും മതവുമായി ബന്ധപ്പെട്ടു തന്നെയാണ്. ഒരു മതത്തില്‍ മാത്രമല്ല ഇത് എല്ലാ മതത്തിലുമുണ്ട്. ആചാരം പ്രകടമാണെങ്കില്‍ ദുരാചാരം രഹസ്യമാണ്. ആചാരത്തിന് മതത്തിന്റെ മാസ്മരീകതയുണ്ടെങ്കില്‍ ദുരാചാരത്തിന് മന്ദത വന്ന മതഭ്രാന്തന്മാരുടെ പ്രവര്‍ത്തനമുണ്ട്. എല്ലാ മതത്തിനും അവരുടെതായ ആചാരങ്ങള്‍ ഉണ്ട്. എന്നാല്‍ സ്വാര്‍ത്ഥലാഭത്തിനായി ചിലര്‍ ദുരാചാരത്തെ കൂട്ടുപിടിച്ച് ലക്ഷ്യപ്രാപ്തി നേടുന്നു. അതിന് അവര്‍ കരുക്കളാക്കുന്നത് അന്ധവിശ്വാസികളെയും അമിതവിശ്വാസികളെയും അന്ധവിശ്വാസം തലക്കുപിടിച്ച് നടക്കുന്നവരെ അനാചാരത്തിലേക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നിടത്താണ് ദുര്‍മന്ത്രവാദവും കൂടോത്രവുമൊക്കെ കടത്തിവിടാന്‍ ദുര്‍മന്ത്രവാദികള്‍ക്കും ദുരാചാരക്കാര്‍ക്കും കഴിയും. അതിനവര്‍ക്ക് വ്യാഖ്യാനങ്ങളും തെളിവുകളും വരെ നിരത്താന്‍ കഴിയും. അതോടെ അന്ധവിശ്വാസം ഇവരില്‍ അടിയുറപ്പിച്ചിരിക്കും. ആഭിചാരക്രിയകളും ശത്രുദോഷവും കൂടോത്രവും തുടങ്ങി മനുഷ്യര്‍ കണ്ടിട്ടില്ലാത്തതും കാണാന്‍ കഴിയാത്തതുമായവയില്‍ പരിഹാരം കാണാനാണ് പിന്നീടുള്ള ക്രിയകള്‍. ആ ക്രീയകളുടെ അതിരുവിട്ട പ്രവര്‍ത്തിയാണ് മൃഗബലിയുള്‍പ്പെടെയുള്ളവ. നരബലി കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ ഇന്ന് അതും കണ്‍മുന്നില്‍ കണ്ടുകഴിഞ്ഞുയെന്നത് ഞെട്ടിപ്പിക്കുന്നു. മൃഗബലി ഇന്ന് സര്‍വ്വസാധാരണമാണ്. തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ പലപ്പോഴും ഇത് നടക്കുന്നുണ്ട്. അതിനെതിരെ കേസ്സെടുക്കാറില്ലായെന്നതാണ് ഇത് സര്‍വ്വസാധാരണമാകുന്നത്.

മതങ്ങളേറ്റവുമധികമുള്ള ഇന്ത്യ തന്നെയാണ് മതാചാരത്തിനൊപ്പം ദുരാചാരവും നടത്തുന്ന നാട്. അത് എല്ലാ മതത്തിലുമുണ്ട്. ചുട്ട കോഴിയെ പറപ്പിക്കുന്നവരെന്ന് ചില മന്ത്രവാദികള്‍ക്ക് പരിവേഷം നല്‍കുമ്പോള്‍ അത് വിശ്വസിക്കാന്‍ മടിക്കാത്തവരാണ് പലരുമെന്നു തന്നെ പറയണം. വിദ്യാസമ്പന്നര്‍പോലും ഇതില്‍ വിശ്വസിക്കുന്നവരാണ്. ഭരണകര്‍ത്താക്കള്‍ പോലും ഈ ദുര്‍മന്ത്രവാദികളുടെയടുത്ത് പോയി അനുഗ്രഹം വാങ്ങാന്‍ മടിക്കാത്തവരാണ്. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനും കിട്ടിയ സീറ്റില്‍ വിജയിക്കാനും മന്ത്രവാദവും മറ്റും നടത്താനായി മന്ത്രവാദികളുടെ അടുത്ത് രഹസ്യ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയ നേതാക്കളും ഈ രാജ്യത്തുടനീളമുണ്ട്. അതില്‍ പ്രത്യയശാസ്ത്രക്കാരും പ്രതീകാത്മക ശാസ്ത്രക്കാരുമുണ്ട്.

പുരോഹമനാശയക്കാരും പ്രത്യയശാസ്ത്രക്കാരും വിദ്യാസമ്പന്നരും തലങ്ങും വിലങ്ങും കേരളത്തില്‍ നടക്കുമ്പോഴും ദുരാചാരവും ദുര്‍മന്ത്രവാദവും ദുരാചാരവും യഥേഷ്ടം നടക്കുന്നുണ്ടെന്നത് ഒരു നഗ്നസത്യമാണ്. തടയാന്‍ ശക്തിയുള്ള പുരോഗമനവാദക്കാരെ തകര്‍ക്കാന്‍ ശക്തിയുള്ള ദുര്‍മന്ത്രവാദക്കാര്‍ക്ക് പിന്നില്‍ ഭക്തിയുടെ മത്തുപിടിച്ച ഒരു സമൂഹമാണെന്നതാണ് സത്യം. മത്തുപിടിച്ച മതഭ്രാന്തന്മാരെ കയറൂരി വിടുകയും അവര്‍ യഥേഷ്ടം നടക്കുകയും ചെയ്യുമ്പോള്‍ നടക്കാത്ത പലതും നടക്കും. മൃഗബലിയില്‍ നിന്ന് നരബലിയിലേക്ക് പോകാന്‍ അവര്‍ക്ക് മടിയില്ലായെന്നതാണ് അതിനു കാരണം.

മൃഗബലിയില്‍ നിന്നുള്ള നരബലിയിലേക്കുള്ള ദൂരം കുറയാന്‍ കാരണമെന്തെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. നരബലിയും മൃഗബലിയുമെന്ന പ്രാചീന ദുരാചാര രീതികള്‍ നിയന്ത്രിക്കാന്‍ ശക്തമായ ഒരു നിയമം കേരളത്തില്‍ നിന്നല്ല ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. നരബലിയും മൃഗബലിയും നിയമംകൊണ്ട് നിരോധിക്കുന്നതോടൊപ്പം ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ പോലും അന്ധവിശ്വാസത്തിന്റെയും ദുരാചാരത്തിന്റെയും രഹസ്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ വിദ്യാഭ്യാസത്തില്‍ കൂടി മാത്രമൊരു നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നത് സാധ്യമാകില്ല.

ഇലന്തൂരിലെപ്പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമെ നരബലിയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നടന്നിട്ടുള്ളുവെങ്കിലും കോഴിവെട്ടും മറ്റുമായുള്ള മൃഗബലിപോലെയുള്ള ആചാരങ്ങള്‍ നിരോധിക്കേണ്ടതുണ്ട്. മതാചാരത്തിന്റെ ഭാഗമാണന്ന് വാദിക്കുന്നവരുമുണ്ട്. ഒരു മതത്തില്‍ മാത്രമല്ല പല മതത്തിലുമുണ്ട് ഈ ആചാരം. പല രൂപത്തിലും ഭാവത്തിലുമാണെന്ന് മാത്രം. മതവികാരത്തിന്റെ മതിലുമായി അത് തടയാന്‍ എത്തുന്നവര്‍ ഏറെക്കാണും. മുടന്തന്‍ ന്യായവുമായി വരുമ്പോള്‍ അതിനെ നേരിടാന്‍ ഭരണകര്‍ത്താക്കള്‍ക്ക് ധൈര്യമുണ്ടാകണം. ദൃഢനിശ്ചയമുണ്ടാകണം. എന്നാല്‍ അതിനുള്ള തന്റേടമുള്ള ഭരണകര്‍ത്താക്കള്‍ നമുക്കുണ്ടോയെന്ന് ചിന്തിക്കണം. അങ്ങെയുള്ള ഭരണകര്‍ത്താക്കളും നവോത്ഥാന നായകരുമുണ്ടായിരുന്ന കാലത്ത് മാത്രമാണ് ആചാരത്തേക്കാള്‍ ദുരാചാരമുണ്ടായപ്പോള്‍ ശക്തമായി അതിനെതിരെ പോരാടിയത്. എന്നാല്‍ ഇന്ന് മതത്തിന്റെ വാലില്‍ പിടിച്ച് അധികാരത്തില്‍ കയറാനും അത് നിലനിര്‍ത്താനും ശ്രമിക്കുന്നവരാണ് ഇന്നുള്ള ഭരണകര്‍ത്താക്കളും മറ്റും. കേവലം ഒരു പ്രസ്താവനയില്‍ കൂടി നവോത്ഥാനം സൃഷ്ടിച്ചെടുക്കാന്‍ നടക്കുന്നവരാണ് നവോത്ഥാന നായകരും നവോത്ഥാനത്തിന്റെ പുറംചട്ടയില്‍ നരബലി നടത്തിയത് തന്നെ അതിനുദാഹരണമാണ്.

നരബലി സംഭവം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയില്‍ കൂടുതല്‍ കടന്നിരിക്കുന്നു. തെളിവെടുപ്പും മറ്റുമായി പോലീസ്, അത് ലൈവ് കാണിച്ച് മാധ്യമങ്ങളും, അത് ആഘോഷമാക്കി ജനങ്ങളും പോകുന്നതല്ലാതെ ഏതെങ്കിലുമൊരു നീക്കം ഭരണകര്‍ത്താക്കളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടോ. ഏതെങ്കിലുമൊരു ചാനല്‍ ക്രിയാത്മകമായി ഇതിനെതിരെ ഒരു നിയമം ഉണ്ടാകേണ്ടതുണ്ട്. ആ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ഏതൊക്കെ ആരെയൊക്കെ. ദുരാചാരങ്ങളില്‍ ജനങ്ങളെ പറ്റിച്ചും തെറ്റിദ്ധരിപ്പിച്ചും ജീവിച്ച് നേട്ടങ്ങള്‍ മാത്രമല്ല ആള്‍ദൈവങ്ങളുമായി അനസ്യൂതം വളര്‍ന്ന് വടവൃക്ഷങ്ങളാകുമ്പോള്‍ അവയുടെ ആര്‍ക്കും ഒരു ചില്ലപോലും മുറിച്ചു കളയാന്‍ ഭയമാകും. ഭരണത്തെപ്പോലും നിയന്ത്രിക്കുന്ന ആള്‍ദൈവങ്ങളുടെ നാടായി മാറിയതും അതുകൊണ്ടാണ്.

ഇലന്തൂരിലെ നരബലിക്കുശേഷം കേരളത്തിന്റെ പല ഭാഗത്തും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരതയും അതിനെ തുടര്‍ന്ന് പോലീസ് നടപടിയും ഉണ്ടായെങ്കിലും അവര്‍ക്കെതിരെ കാര്യമായ കുറ്റം ചുമത്തി കല്‍തുറുങ്കിലടക്കാന്‍ നിയമപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. നിയമം ശക്തമല്ലായെന്നതു തന്നെ കാരണം. ഏത് വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തും എന്ന് ഇന്നും അവ്യക്തമാണ്. ദുര്‍മന്ത്രവാദത്തിനും ദുരാചാരത്തിനും മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദുഷ്പ്രചരണം നടത്തുന്ന കള്ള പ്രവാചകന്മാരെയും അതില്‍ ഉള്‍പ്പെടുത്തണം. മരിച്ചയാളുടെ മുമ്പില്‍ നിന്നുകൊണ്ട് അയാളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച വ്യക്തിയും സാമ്പത്തിക ഉന്നതിക്കായി പ്രാര്‍ത്ഥിച്ചിട്ട് സാമ്പത്തിക നേട്ടം ഉണ്ടായിയെന്ന് സ്വന്തം ആള്‍ക്കാരെക്കൊണ്ട് പറയിപ്പിച്ച് നടത്തുന്ന സ്റ്റേജ്‌ഷോകളിലെ കള്ള പ്രവാചന്മാരെയും അവര്‍ക്കൊപ്പം അതിനു കൂട്ടുനില്‍ക്കുന്നവരെയും ഇതില്‍ ഉള്‍പ്പെടുത്തണം. ശൂന്യതയില്‍ നിന്ന് ഭസ്മമെടുത്ത് അനുയായികള്‍ക്ക് കൊടുക്കുന്നവരും അത്ഭുത രോഗശാന്തിയെന്ന സ്ഥിരം പ്രവാചകന്മാരും നടത്തുന്ന ഊടായിപ്പുകള്‍ക്ക് തടയിടാന്‍ കഴിയണം. അങ്ങനെയൊരു നിയമം ശക്തമായി കൊണ്ടുവന്നാല്‍ കള്ള പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകും. എന്നാല്‍ അങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ധൈര്യമുള്ള ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതൃത്വമോ നമുക്കുണ്ടോ.

ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ അതില്‍ അത്താഴപ്പട്ടിണിക്കാരായവര്‍ മാത്രമല്ല. ഭരണത്തെപ്പോലും നിയന്ത്രിക്കുന്ന സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവര്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ നിയമമെന്നത് ഒരു വിദൂര സ്വപ്നമായി മാറുമെന്നതിനു യാതൊരു സംശയവുമില്ല. അതിനാല്‍ തന്നെ മാടനും മറുതയും കൂടോത്രവും യക്ഷിയും മാത്രമല്ല മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും നരബലിപോലും ആവര്‍ത്തിച്ചു കൂടായ്കയില്ല. അപ്പോഴും നാം ഇതൊക്കെ ആഘോഷിക്കും. ഇല്ലാത്ത ചൊവ്വാദോഷം പലതും മുടക്കും. ചൊവ്വയില്‍ താമസിച്ചാലും നമ്മുടെ ചൊവ്വാദോഷം മാറില്ല. ഉയര്‍ത്തെഴുന്നേല്‍പ്പുമായി പലരും രംഗത്തു വരും. എന്നാലും അതും വിശ്വസിക്കാന്‍ കുറെപ്പേര്‍ ഇവിടെയുണ്ടാകും എന്നും.


spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments