Friday, April 19, 2024

HomeFeaturesഇന്ത്യയുടെ ജി20 പ്രസിഡന്‍സി :ഉദിച്ചുയരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കുള്ള നിര്‍ണായകവേള

ഇന്ത്യയുടെ ജി20 പ്രസിഡന്‍സി :ഉദിച്ചുയരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കുള്ള നിര്‍ണായകവേള

spot_img
spot_img

അമിതാഭ് കാന്ത്

ഒരുമാസത്തിനകം, അതായത് ഡിസംബര്‍ 1ന്, ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20) അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇതോടെ, ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ ക്കുമായി സംസാരിക്കുന്നതിനുള്ള സവിശേഷമായ സ്ഥാനത്തെത്തിയിരി ക്കുകയാണ് ഇന്ത്യ. ഇന്തോനേഷ്യ-ഇന്ത്യ-ബ്രസീല്‍ ജി20 ത്രയത്തിന്റെ കേന്ദ്രത്തിലാണ് ഇന്ത്യ നില്‍ക്കുന്നത്. അഭിമാനകരമായ ഈ അന്തര്‍ഗവണ്‍മെന്റ്തലസംവിധാനത്തെ, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ നയിക്കുന്നത്, 14 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ്. ഏകദേശം 1.4 ബില്യണ്‍ ജനസംഖ്യയുള്ള, ലോകത്തിലെ അഞ്ചാമത്തെ വലിയ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നിലയില്‍, സമകാലിക യാഥാര്‍ഥ്യങ്ങളെ മികച്ച രീതിയില്‍ പ്രതിനിധാനംചെയ്ത്, ആഗോളതലത്തിലുള്ള മുന്നോട്ടുപോക്കിനെ ഫലപ്രദമായി നയിക്കാന്‍, ഗണ്യമായ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യസ്വാധീനമാണ് ഇന്ത്യ ചെലുത്തുന്നത്.

ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി), ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, സ്ത്രീശാക്തീകരണം, സാങ്കേതികാധിഷ്ഠിതവികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സമ്പൂര്‍ണവും സമത്വവും സുസ്ഥിരവുമായ വളര്‍ച്ച മുന്‍നിര്‍ത്തി അന്താരാഷ്ട്ര അജന്‍ഡയെ മുന്നോട്ടുകൊണ്ടുപോകാനും ആശയം രൂപപ്പെടുത്താനും കൈമാറാനുമുള്ള അവസരമാണ് ഈ ജി20 സന്ദര്‍ഭം.

എങ്കിലും, ധ്രുവീകരണം വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകക്രമത്തിനിടയില്‍ ഈ മുന്‍ഗണനകള്‍ ഉയര്‍ത്തിക്കാട്ടുക എന്നതു ചെറിയ കാര്യമല്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തതും വ്യാപകമായ സാമ്പത്തികമാന്ദ്യം വികസ്വരരാജ്യങ്ങള്‍ക്കു വലിയതോതില്‍ കടബാധ്യതകള്‍ വരുത്തുന്നതുമടക്കമുള്ള നിരവധി ആഗോള ആശങ്കകളെയാണ് ഇന്ത്യയുടെ അധ്യക്ഷപദത്തിനു നേരിടാനുള്ളത്. കോവിഡ്-19 മഹാമാരി പതിറ്റാണ്ടുകളുടെ വികസനപുരോഗതിക്കു വളരെയേറെ വിഘാതം സൃഷ്ടിക്കുകയും, അടിയന്തര ദുരന്തലഘൂകരണത്തിനനുസൃതമായി ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) സുസ്ഥിരവികസനലക്ഷ്യങ്ങളെ മാറ്റുകയുംചെയ്തു. ഈ ഘട്ടത്തില്‍, ആഗോളതലത്തില്‍ പരസ്പരബന്ധത്തില്‍ വേരൂന്നിയ സുസ്ഥിരവളര്‍ച്ചയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്, ഉത്തരവാദിത്വം പങ്കിടല്‍, ചാക്രിക-സമ്പദ്വ്യവസ്ഥ എന്നിവ ഈ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.

ഈ ദൗത്യം ഉയര്‍ത്തിക്കാട്ടുന്നതിനാണു ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്നതു ജി20 പ്രസിഡന്‍സിയുടെ പ്രമേയമായി ഇന്ത്യ സ്വീകരിക്കുന്നത്. പുരാതന സംസ്‌കൃതഗ്രന്ഥമായ മഹാ ഉപനിഷത്തില്‍നിന്നു പിറവികൊണ്ട ഈ ചിന്ത, 2014ല്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചിരുന്നു. ജി4 സഖ്യം ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് അന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തത്. ഇന്ന്, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ വര്‍ധിക്കുന്ന, മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ ഭീഷണിയായി മാറുന്ന, ഈ വേളയില്‍ ഈ സന്ദേശം എന്നത്തേക്കാളും പ്രസക്തമായി തുടരുന്നു. സൂക്ഷ്മാണുക്കള്‍മുതല്‍ ഏറ്റവും വലിയ നാഗരിക ആവാസവ്യവസ്ഥവരെ, എല്ലാ ജീവജാലങ്ങളുടെയും പരസ്പരബന്ധത്തെക്കുറിച്ചു ലോകനേതാക്കളെയും ആഗോളപൗരന്മാരെയും ഓര്‍മിപ്പിക്കാനും ഇന്ത്യയുടെ പ്രമേയം ലക്ഷ്യമിടുന്നു. ഭാവിപങ്കിടല്‍ എങ്ങനെ തുല്യ ഉത്തരവാദിത്വവും വ്യക്തിഗത ഇടപെടലുകളും സൃഷ്ടിക്കുന്നുവെന്നും ഇത് ഓര്‍മിപ്പിക്കുന്നു.

ഇതേ ചിന്തയാണ് ഇന്ത്യയുടെ ജി20 ലോഗോയും പങ്കുവയ്ക്കുന്നത്. പ്രതിബന്ധങ്ങള്‍ക്കിടയിലുള്ള വളര്‍ച്ചയെ പ്രതിനിധാനംചെയ്യുന്ന, രാജ്യത്തിന്റെ ദേശീയ പുഷ്പമായ, താമരയാല്‍ പൊതിഞ്ഞ ഭൂമിയുടെ ചിത്രം. ജീവിതത്തോടുള്ള ഇന്ത്യയുടെ ഭൗമാനുകൂലസമീപനത്തെയാണിതു വ്യക്തമാക്കുന്നത്. ലോഗോയിലെ കുങ്കുമം, വെള്ള, പച്ച എന്നിവ തടസമില്ലാതെ കലര്‍ന്നിരിക്കുന്നതു വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അതു സാംസ്‌കാരിക ധര്‍മചിന്തയ്ക്കും അടിവരയിടുന്നു. ഏറെക്കാലമായി സാര്‍വത്രിക ഐക്യവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ് ഇന്ത്യ.

ലൈഫ് (പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി) എന്ന ആശയം ഈ തത്വങ്ങളുമായി ഏറെ ബന്ധമുള്ളതാണ്. 2021 നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന സിഒപി26ലാണു പ്രധാനമന്ത്രി ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തില്‍, ഗുജറാത്തിലെ ഏകതാപ്രതിമയ്ക്കരികില്‍ പ്രധാനമന്ത്രി ഈ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കവുംകുറിച്ചു. ”കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടം ജനകീയമാക്കുക” എന്നതാണ് ഈ മുന്നേറ്റം ലക്ഷ്യമിടുന്നത്. അതില്‍ ”ഏവര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനയേകാനാകും” എന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹ്യതലത്തിലും വ്യക്തിഗതമായും, ഉപഭോഗത്തിലും ഉല്‍പ്പാദനരീതികളിലും മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, ലോകമെമ്പാടും വലിയ തോതില്‍ പരിസ്ഥിതിസുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണു ‘ലൈഫ്’ പ്രതീക്ഷിക്കുന്നത്. ജി20 അധ്യക്ഷപദത്തിനുകീഴില്‍, ഭൂമിയുമായി തലമുറകളായി സമഗ്രമായ ബന്ധം നിലനിര്‍ത്തുന്ന ഒത്തൊരുമയുടെ ചിന്താഗതികളും പുരാതന നാഗരികപാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിക്കും. ഇന്ത്യയുടെ സുസ്ഥിരശീലങ്ങളുടെ സമ്പന്നമായ ചരിത്രം, കാലാവസ്ഥയുടെയും വികസന അജന്‍ഡയുടെയും സംയോജനത്തെക്കുറിച്ചു സംസാരിക്കാന്‍, നാടിനെ സവിശേഷമായി പ്രാപ്തമാക്കുന്നു.

ഡിജിറ്റല്‍ രംഗത്തു മറ്റുള്ളവര്‍ക്കു മാതൃകയായി ഇന്ത്യ മുന്നേറുകയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ വിജയഗാഥ അതിനു തെളിവാണ്. സാങ്കേതികാധിഷ്ഠിതപ്രതിവിധികളോടുള്ള മനുഷ്യകേന്ദ്രീകൃതസമീപന ത്തിലുള്ള അതിന്റെ ഉത്തമവിശ്വാസത്തിന്, പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, കൃഷിമുതല്‍ വിദ്യാഭ്യാസംവരെയുള്ള സാങ്കേതികാധിഷ്ഠിതവികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ലോകത്ത് ഏറ്റവും കൂടുതല്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകള്‍ (2022ലെ കണക്കനുസരിച്ച് 48 ബില്യണ്‍) നടത്തുന്ന, ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാന(ആധാര്‍)മുള്ള രാജ്യം എന്ന നിലയില്‍, ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഡിജിറ്റല്‍ സ്വത്വങ്ങള്‍, അനുമതി അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടുകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന സ്ഥാനത്താണ് ഇന്ത്യ. കൂടാതെ, സ്ത്രീശാക്തീകരണം, 2030ലെ സുസ്ഥിരവികസനലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തല്‍, വിവിധ മേഖലകളിലുടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിതവികസനം, ഹരിത ഹൈഡ്രജന്‍, ദുരന്തസാധ്യത കുറയ്ക്കല്‍, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവ ഉള്‍പ്പെടെയുള്ള മറ്റു നിര്‍ണായകമേഖലകളിലെ നേട്ടങ്ങള്‍ കൈമാറാനും ബഹുതലപരിഷ്‌കരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ജി20 ഇഷ്യൂ ലിസ്റ്റില്‍ കടബാധ്യതയുമുണ്ടാകുമെന്നു ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ചതോടെ, ആഗോളദക്ഷിണമേഖലയുടെ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യം ഫലപ്രദമായ നാളിയായി മാറുമെന്നു വ്യക്തമാണ്. വികസിതരാജ്യങ്ങളുടെ ആശങ്കകള്‍ വ്യാപിക്കാനോ വിശാലമായ അജന്‍ഡയില്‍ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ അനുവദിക്കുകയുമില്ല .

മേഖലയിലും ലോകമെമ്പാടും ശക്തമായ രാഷ്ട്രീയസാന്നിധ്യമുള്ളതിനാല്‍, ലോകത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സമാധാനപരവും സമൃദ്ധവുമായ ഭാവിക്കു മധ്യസ്ഥതവഹിക്കാന്‍, സുപ്രധാന നയതന്ത്രസ്വാധീനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കു കഴിയും. ലോഗോയും ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്ന പ്രമേയവും ചേര്‍ന്ന് ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയില്‍ സവിശേഷവും ശക്തവുമായ ഈ സന്ദേശമാകും നല്‍കുക: (നാമെല്ലാവരും) ഉണര്‍ന്നെഴുന്നേറ്റു നാം പങ്കിടുന്ന ഭൂമിക്കായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിത്.


spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments