Thursday, March 28, 2024

HomeFeaturesവികസനമെ അകലെപ്പോകൂ, വിവാദമെ അരികിലെത്തൂ...

വികസനമെ അകലെപ്പോകൂ, വിവാദമെ അരികിലെത്തൂ…

spot_img
spot_img

ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കേരളത്തില്‍ ഭരണത്തേക്കാള്‍ വിവാദമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഭരണമുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നു പറയാം. എന്നാല്‍ അതിനേക്കാള്‍ വിവാദമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നതാണ് സത്യം. ഭരണമെന്നത് ഒരു പേരിനുമാത്രമായി നടക്കുന്ന കേരളത്തില്‍ അതിനേക്കാള്‍ ആഘോഷമായി നടക്കുന്നത് വിവാദങ്ങളും അഴമിതി ആരോപങ്ങളും അനധികൃത നിയമന വിവാദങ്ങളുമാണ്. ആരൊക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതല്ലാതെ ഭരണമെന്ന ഒരു യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നില്ലായെന്നതാണ് ഇന്ന് കേരളത്തിലെ ഭരണത്തെക്കുറിച്ച് പറയാനുള്ളത്. 

 സര്‍ക്കാര്‍ ഒരു ഭാഗത്തും സര്‍ക്കാരിനെ നിരീക്ഷിക്കുന്ന ഗവര്‍ണ്ണര്‍ മറുഭാഗത്തും പല വിഷയങ്ങളിലും ഏറ്റുമുട്ടുന്നുയെന്നതാണ് ഒരു കാര്യമെങ്കില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്ന വേറൊരു ഭാഗത്താണ്. സര്‍ക്കാരിനെയും ഗവര്‍ണ്ണറെയും തള്ളാതെയും കൊള്ളാതെയും കിട്ടുന്ന വടികൊണ്ട് അടിക്കുന്ന പ്രതിപക്ഷം മറ്റൊരു ഭാഗത്തുമായി അരങ്ങു തകര്‍ക്കുന്ന കാഴ്ചയാണ് ഈ കുറെ നാളുകളായി കാണാന്‍ കഴിയുന്നത്. ഇതിനിടയില്‍ എങ്ങോട്ടു നോക്കണമെന്നറിയാതെയും ആരു പറയുന്നത് കേള്‍ക്കണമെന്നറിയാതെയും ജനം പന്തം കണ്ട പെരിച്ചാഴിയെപ്പോലെ മിഴിച്ചിരിക്കുകയാണ്. 

ശക്തമായ ഭരണസംവിധാവും ഭദ്രമായ ജനാധിപത്യ അടിത്തറയുമുള്ള ഒരു സംസ്ഥാനമാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളിലെപ്പോലെ അന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല അതിലുരി പ്രബുദ്ധമായ രാഷ്ട്രീയ ബോധവും സ്വതന്ത്രമായ രാഷ്ട്രീയ ചിന്താഗതിയുമുള്ളവരുടെ നാടാണ് കേരളം. അതുകൊണ്ടാണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ മാറ്റി പരീക്ഷിക്കുന്നത്. 77-ലെ തെരഞ്ഞെടുപ്പിലും 2021 ലെ തെരഞ്ഞെടുപ്പിലും മാത്രമെ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായിട്ടുള്ളു. കേരളപ്പിറവിക്കുശേഷം ഈ രണ്ട് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ഭരണം വന്നതൊഴിച്ചാല്‍ ഇടതുവലതു മുന്നണികള്‍ മാറി ഭരിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. 

ആ സ്ഥിതിയാണ് ഇന്ന് കേരളത്തിലെന്നു തന്നെ പറയാം. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവുമധികം കെട്ടുറപ്പ് തെരഞ്ഞെടുക്കപ്പെടുന്ന ഭരണനേതൃത്വത്തെ ആശ്രയിച്ചായിരിക്കും. അടിത്തറയുണ്ടെങ്കിലും അടച്ചുറപ്പില്ലെങ്കില്‍ അവിടെ എത്രമാത്രം സുരക്ഷിതത്വം ഉണ്ടാകും. ആര്‍ക്കൊക്കെ ഭയപ്പെടാതെ കഴിയാന്‍ സാധിക്കും.  കേരളത്തിലിന്ന് അങ്ങനെയൊരു സ്ഥിതിയാണ് നടക്കുന്നത്. അതില്‍ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുളവാക്കുന്ന തരത്തിലേക്ക് ഇന്ന് കേരളത്തില്‍ വികസനത്തേക്കാള്‍ വിവാദത്തിന് അടിമപ്പെടുന്ന ഭരണസംവിധാനമാണോയെന്നു കൂടി ചിന്തിക്കേണ്ടതായി വരുന്നു. വികസനമില്ലാത്ത കേരളത്തില്‍ വിവാദം തഴച്ചു വളരുന്നുയെന്നത് കേവലം നിസ്സാരമായി കാണാന്‍ കഴിയില്ല. 

കാതലായ കാര്യങ്ങളൊന്നുമില്ലാത്ത വിവാദങ്ങളാണ് പലപ്പോഴും കേരളത്തില്‍ ഉണ്ടാകാറുള്ളത്. അത് ഭരണത്തെ കാര്യമായി ബാധിക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല വിവാദങ്ങളും ഭരണത്തെ ബാധിക്കുക മാത്രമല്ല പ്രതിസന്ധിയിലാക്കുക കൂടി ചെയ്യുന്നുണ്ട്. അതിലൊന്നാണ് ഗവര്‍ണ്ണറും മന്ത്രിസഭയും തമ്മിലുള്ള പോരാട്ടം. ആ പോരാട്ടം എല്ലാ അതിരുകളും കടന്ന് ഭരണസംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അമ്പിനും വില്ലിനുമടുക്കാത്ത രീതിയില്‍ ഇരുകൂട്ടരും നീങ്ങുമ്പോള്‍ അത് കേവലമൊരു വിവാദമല്ല മറിച്ച് പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മന്ത്രിസഭയ്ക്കും ഗവര്‍ണ്ണര്‍ക്കും പ്രത്യേക അധികാരങ്ങള്‍ ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്. അത് മുന്‍നിര്‍ത്തിയാകണം ഒരു സംസ്ഥാനത്ത് ഭരണസംവിധാനമുണ്ടാകുക. 

ഗവര്‍ണ്ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധിയായി കേന്ദ്രത്തിന്റെ അനുമതിയോടുകൂടി നിയമിക്കുന്ന വ്യക്തിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്കാണ് ഭരണ ചുമതലയുടെ നിയന്ത്രണമെങ്കിലും ഗവര്‍ണ്ണര്‍ ഭരണതലത്തിലെ രക്ഷാധികാരിയാണ്. ദൈനംദിന ഭരണത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകടത്താന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെങ്കിലും സുപ്രധാന തീരുമാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുമതി സര്‍ക്കാരിനുണ്ടാകണം. അത് ഏതൊക്കെയെന്ന് ഇന്ത്യന്‍ ഭരണഘടന പ്രത്യേകം നിര്‍വ്വചിച്ചിട്ടുണ്ട്. അതുപോലെ സംസ്ഥാനങ്ങള്‍ക്ക് പാസ്സാക്കാന്‍ കഴിയുന്ന നിയമനങ്ങളിലും ഓര്‍ഡിനന്‍സുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടെങ്കിലെ അത് മന്ത്രിസഭയ്ക്ക് പ്രാബല്യത്തില്‍ നടപ്പാക്കാന്‍ കഴിയൂ. അതുപോലെയാണ് അതിപ്രധാനമായ ചില നിയമനങ്ങളും ഗവര്‍ണ്ണര്‍ക്ക് നടത്താമെന്നുള്ളതാണ്. കാരണം ആ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും കാത്തുസൂക്ഷിക്കാനുമാണ് അങ്ങനെയൊരു നിയമനമാണ് യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സിലറുടെ നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനുപോലും അതില്‍ കൈകടത്തല്‍ നടത്താന്‍ അനുവദിക്കാത്ത രീതിയില്‍ ഗവര്‍ണ്ണറുടെ പൂര്‍ണ്ണ അധികാരത്തിന്‍ കീഴിലാണ് വൈസ് ചാന്‍സിലറുമാരെയും പ്രോവൈസ്ചാന്‍സിലറുമാരെയും നിയമിക്കുകയെന്നത്. ഗവര്‍ണ്ണര്‍ യൂണിവേഴ്‌സിറ്റികളിലെ ചാന്‍സിലറാണ്. വൈസ് ചാന്‍സിലറെയും പ്രോവൈസ് ചാന്‍സിലറെയും തെരഞ്ഞെടുക്കാന്‍ ഒരു പാനല്‍ കമ്മിറ്റിയെ ഗവര്‍ണ്ണര്‍ നിയമിക്കുകയും ആ കമ്മിറ്റി സമര്‍പ്പിക്കുന്ന ഒരു ലിസ്റ്റില്‍ നിന്ന് ഈ പദവിയിലേക്ക് നിയമിക്കുകയും ചെയ്യും. എന്നാല്‍ ഈ ലിസ്റ്റില്‍ നിന്ന് തന്നെ ആ പദവിയിലേക്ക് ആളെ നിയമിക്കണമെന്നില്ല. എന്നിരുന്നാലും കീഴ്‌വഴക്കമനുസരിച്ച് മിക്കപ്പോഴും സമര്‍പ്പിക്കപ്പെടുന്ന പാനലില്‍ നിന്ന് ഒരാളെയാണ് നിയമിക്കുക. 

    ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെപ്പോലും നിയമിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളപ്പോള്‍ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറെ നിയമിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് മാത്രമെ അധികാരമുള്ളുയെന്നതുകൊണ്ട് ആ പദവി എത്ര മഹത്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. എന്നാല്‍ അതില്‍ സര്‍ക്കാര്‍ കൈകടത്തല്‍ നടത്തുന്നുയെന്നതാണ് പുതിയ  വിവാദത്തിന് കാരണം. 

    തന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നുയെന്നതാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണ്ണറുടെ അധികാരംപോലും എടുത്തുകളയുന്ന രീതിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമ്പോള്‍ അത് ഭരണപ്രതിസന്ധിയുടലെടുക്കുമെന്നതാണ് ഒരു വസ്തുത. സര്‍ക്കാരും ഗവര്‍ണ്ണറും ആരോഗ്യപരമായ രീതിയില്‍ മുന്നോട്ടു പോയെങ്കില്‍ മാത്രമെ ഭരണം സുഗമമായി നടക്കു. അനേകം സര്‍ക്കാര്‍ പദ്ധതികള്‍ക്കും അനുമതി ഗവര്‍ണ്ണറില്‍ നിന്ന് വേണ്ടതായിട്ടുണ്ട്. ഇരുകൂട്ടരും പോരടിക്കുമ്പോള്‍ ഗവര്‍ണ്ണര്‍ അത് കാലതാമസം വരുത്തിയാല്‍ അതൊക്കെ അവതാളത്തിലാകാം. ചുരുക്കത്തില്‍ ഗവര്‍ണ്ണറുടെ നിലപാടും അതിനെതിരെയുള്ള സര്‍ക്കാര്‍ നീക്കങ്ങളും ഭരണഘടന പ്രതിസന്ധിയിലേക്കു വഴിവയ്ക്കും. 

അടുത്തത് മേയറുടെ നിയമന കത്താണ്. കത്തെഴുതിയത് ആരെന്നും എന്താണെന്നും കണ്ടെത്താന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ കത്ത് വിവാദം ആളിക്കത്തുകയാണ്. പക്ഷെ മേയറുടെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയതെന്ന് പറയപ്പെടുമ്പോള്‍ അതും എങ്ങനെയെന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെ കേരളം മുഴുവന്‍ ഒരു കാര്യത്തിലല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും സര്‍ക്കാര്‍ സംവിധാനം ആമ ഇഴയുന്നതുപോലെ നീങ്ങുകയുമാണെന്നു പറയാം. ജനശ്രദ്ധ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ട് ഭരണവിരുദ്ധ വികാരം മറയ്ക്കാനാണോ ഈ വിവാദങ്ങള്‍ എന്നു പോലും ചിന്തിച്ചുപോകുന്നുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ തീ പിടിച്ച വിലയില്‍ പോകുമ്പോള്‍ അതിനെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊന്നും കാണുന്നില്ലായെന്നതാണ് ഒരു സത്യം. 

ജോലിയില്ലാതെ അന്യസംസ്ഥാനങ്ങളും അന്യ രാജ്യങ്ങളും കടക്കാന്‍ വെമ്പല്‍ പൂണ്ടു നില്‍ക്കുന്ന ഒരു ജനതയാണ് ഇന്ന് കേരളത്തിലേത്. വ്യവസായമെന്നത് കേവലം പേരുമാത്രം. ചുരുക്കത്തില്‍ വിവാദംകൊണ്ടു വയറു നിറയ്ക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അതിന് വികസനം വേണം. മറ്റു സംസ്ഥാനങ്ങള്‍ ജനകീയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേരളം അന്നത്തെ അത്താഴത്തിന് അരി കടം വാങ്ങേണ്ടതായി വരുന്നു. കോടികളുടെ കടം വാങ്ങി വീണ്ടും കടക്കാരനായി മാറുന്നതല്ലാതെ നമുക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലുള്ള ഈ പോക്ക് കേരളത്തെ എവിടെ ചെന്നെത്തിക്കും.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments