എ.സി. ജോർജ്
ദുഃഖിതരെ പീഡിതരെ നിരാലംബരെ
ഏറെ സന്തോഷ ആശ്വാസ ദായകമായിതാ
സ്നേഹത്തിൻ ത്യാഗത്തിൻ കുളിർതെന്നലായി
ഒരു ക്രിസ്മസ് കൂടി മധുരിക്കും ഓർമകളുമായി
മാലോകരെ തേടിയെത്തുന്നിതാ
സൻ മനസോടെ ഹൃദയ കവാടങ്ങൾ തുറക്കൂ
ത്യാഗ സ്നേഹ മണി വീണയിൽ
കാപട്യമില്ലാ മണി മന്ത്രങ്ങൾ ഉരുവിട്ടു
പ്രവർത്തി മണ്ഡലത്തിൽ സാധകമാക്കി
ഈ ഭൂമി സ്വർഗ്ഗമാക്കി മാറ്റിടാം
ഈ സന്ദേശം അല്ലേ.. അന്ന് ബേതലഹേമിൽ
കാലികൾ മേയും പുൽകുടിലിൽ
ഭൂജാതനായ രാജാധിരാജൻ ദേവാധി ദേവൻ
സർവ്വലോക മാനവകുലത്തിനേകിയതു?
മത സിംഹാസന ചെങ്കോൽ കിരീടങ്ങൾകപ്പുറം
അർഥമില്ലാ ജല്പനങ്ങൾ ബാഹ്യാ പൂജാ കർമ്മങ്ങൾക്കായി
ദൈവം ഇല്ലാ ദേവാലയങ്ങൾക്കു ചുറ്റും പരസ്പരം മല്ലടിക്കും
പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും
സഹചരേ … പതിയുന്നില്ലെ നിങ്ങടെ കർണ്ണപുടങ്ങളിൽ
സഹനത്തിൽ, എളിമയിൽ, ദരിദ്രരിൽ ദരിദ്രനായി
ഈ ഭൂമിയിൽ ഭൂജാതനായ ഉണ്ണി യേശുനാഥൻ
വാനിലെന്നപോൽ ഹൃർത്തടത്തിൽ ജ്വലിക്കുന്ന നക്ഷത്രമായി
സൻ മനസ്സുകൾ പുഷ്പ്പിക്കും പൂവാടികളാകട്ടെ എന്നും
ഇരു കരങ്ങൾ കൂപ്പി അർപ്പിക്കട്ടെ ക്രിസ്മസ് ആശംസകൾ…