Thursday, April 18, 2024

HomeHealth and Beautyഅമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. വാക്‌സീന്‍ വിതരണം ഇനിയും ആരംഭിക്കാത്ത അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതു മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ കുട്ടികളുടെ ആശുപത്രി പ്രവേശനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

ഒമിക്രോണ്‍ പരന്ന് തുടങ്ങിയ ഡിസംബര്‍ മധ്യം മുതല്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആശുപത്രി പ്രവേശന നിരക്ക് ഒരു ലക്ഷത്തില്‍ 2.5യില്‍ നിന്ന് ഒരു ലക്ഷത്തില്‍ നാലായി ഉയര്‍ന്നു. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള വിഭാഗത്തില്‍ ഇത് ഒരു ലക്ഷത്തില്‍ ഒന്ന് എന്ന് നിരക്കിലാണെന്നും സിഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് അമേരിക്കയില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ 5-11 പ്രായവിഭാഗത്തില്‍ 16 ശതമാനം കുട്ടികളും 12-18 പ്രായവിഭാഗത്തില്‍ 50 ശതമാനം കുട്ടികളും മാത്രമേ വാക്‌സീന്‍ ഇതു വരെ എടുത്തിട്ടുള്ളൂ. ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഈ പ്രായവിഭാഗത്തിലെ വാക്‌സീന്‍ വിതരണം വേഗത്തിലാക്കണമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോഷല്‍ വലന്‍സ്‌കി പറയുന്നു.

അതേ സമയം ഒമിക്രോണില്‍ നിന്ന് രക്ഷപ്പെടാന്‍ നാലാമതൊരു വാക്‌സീന്‍ ഷോട്ടിന്റെ ആവശ്യമില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് മൂലമുള്ള ആശുപത്രി വാസത്തില്‍ നിന്ന് 90 ശതമാനത്തിലധികം സംരക്ഷണം ലഭിക്കുന്നതായും ആരോഗ്യ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണ്‍ പടരവേ ലോകത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 300 ദശലക്ഷം കവിഞ്ഞു. 34 രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞയാഴ്ച മാത്രം 13.5 ദശലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 64 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. അതേ സമയം കോവിഡ് മൂലമുള്ള മരണങ്ങളുടെ ആഗോള ശരാശരി 3 ശതമാനം താഴ്ന്നു. ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ മൂലമുള്ള ആശുപത്രി വാസത്തിന്റെ സാധ്യത 70 ശതമാനം കുറവാണെന്ന് വിവിധ രാജ്യങ്ങളിലെ ഡേറ്റയും തെളിയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments