ന്യൂഡല്‍ഹി: മോശം രീതിയില്‍ മുടിവെട്ടിയതിനെതിരെ മോഡല്‍ നല്‍കിയ പരാതിയില്‍ ഹോട്ടലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ശരിവെച്ച് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
ന്യൂഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിനെതിരെ യുവ മോഡല്‍ ആഷ്‌ന റോയ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.
2018 ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മൂന്ന് കോടി നഷ്ടപരിഹാരം തേടി ആഷ്‌ന റോയ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. കേസില്‍ 2021 സെപ്റ്റംബറില്‍ ന്യൂഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍, അംഗം ഡോ. എസ്.എം. കാന്തികര്‍ എന്നിവര്‍ ഐ.ടി.സി മൗര്യ ഹോട്ടലിന് രണ്ട് കോടി പിഴ ചുമത്തി.
ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ നല്‍കിയ അപ്പീലില്‍ പിഴ പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഉപഭോക്തൃ കോടതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, പരാതിക്കാരി സമര്‍പ്പിച്ച വിവിധ പരസ്യ കോണ്‍ട്രാക്ടുകളും മറ്റുരേഖകളും കണക്കിലെടുക്കുമ്ബോള്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയാല്‍ മാത്രമേ നീതിയുടെ താല്‍പ്പര്യം നിറവേറ്റപ്പെടുകയുള്ളൂ എന്ന് ബോധ്യമായതായും തുക കുറക്കാനാവില്ലെന്നും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
പരാതിക്കാരി നഷ്ടപരിഹാരത്തിനായുള്ള അവകാശവാദത്തില്‍ മതിയായ തെളിവുകള്‍ ഹാജരതാക്കിയതായും കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ആദ്യ ഉത്തരവ് പാസാക്കിയ 2021 സെപ്റ്റംബര്‍ മുതല്‍ പിഴത്തുകയുടെ 9 ശതമാനം പലിശ സഹിതം അടയ്ക്കാന്‍ ഐടിസി ഹോട്ടലിനോട് നിര്‍ദേശിച്ചു.
ഒരു അഭിമുഖത്തിന് ഹാജരാകുന്നതിന് മുന്നോടിയായാണ് ആഷ്‌ന റോയ് ഐടിസി മൗര്യ ഹോട്ടലിലെ സലൂണില്‍ പോയത്. സ്ഥിരം ഹെയര്‍ഡ്രെസ്സറെ ലഭ്യമല്ലാത്തതിനാല്‍ മറ്റൊരാളാണ് അന്ന് മുടിവെട്ടിയത്. ഒരു മണിക്കൂറിലധികം സമയമെടുത്ത് മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ താന്‍ നിര്‍ദേശിച്ചത് പോലെയല്ല ചെയ്തതെന്ന് മനസ്സിലായി. തുടര്‍ന്ന്, ഹോട്ടല്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. എന്നാല്‍, ചികിത്സക്ക് ശേഷം തലയോട്ടിയില്‍ ചൊറിച്ചിലും പൊള്ളലും ഉണ്ടായതായും മുടിയുടെ കാഠിന്യം കൂടിയതായും അവര്‍ ആരോപിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധിക്ഷേപകരമായാണ് പെരുമാറിയതെന്നും ആഷ്‌ന റോയ് കോടതിയില്‍ ബോധിപ്പിച്ചു.
സേവനത്തിലെ അപാകതയും അപമാനം, മാനസിക ആഘാതം എന്നിവയും ആരോപിച്ചാണ് നഷ്ടപരിഹാരമായി 3 കോടി രൂപയും ഐടിസി മാനേജ്‌മെന്റില്‍ നിന്ന് രേഖാമൂലം മാപ്പും ആവശ്യപ്പെട്ട് അവര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സംഭവത്തില്‍ ഐടിസി ഹോട്ടല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമീഷന്‍, രണ്ട് കോടി പിഴ വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഹോട്ടല്‍ സുപ്രീം കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം പുനപരിശോധിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.