ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക,പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക,രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്.
രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ 5 വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതള്ളപ്പെടാം. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ച് പയ്യന്നൂരില്‍ മരിച്ച ദേവനന്ദയുടെ മരണവും ഷിഗെല്ല വൈറസ് മൂലമാണെന്ന് കണ്ടെത്തിയിരുന്നു.