വാഷിംഗ്ടണ്‍ ; കണ്ണടയ്ക്ക് പകരം ഉപയോഗിക്കുന്ന കോണ്‍ടാക്‌ട് ലെന്‍സുകളില്‍ ക്യാന്‍സറിനും കിഡ്നി രോഗങ്ങള്‍ക്കും കാരണമാകുന്ന മാരകമായ രാസവസ്തുക്കള്‍ കണ്ടെത്തിയതായി യു എസ് പഠന റിപ്പോര്‍ട്ട്.
ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ ഗണത്തില്‍ പെട്ട പിഎഫ്‌എഎസ് രാസവസ്തുക്കളാണ് കോണ്‍ടാക്‌ട് ലെന്‍സ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാന്‍സര്‍, കിഡ്നിരോഗം, ഗര്‍ഭാശയ പ്രശ്നങ്ങള്‍, കരള്‍ രോഗങ്ങള്‍, സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പദാര്‍ഥങ്ങളാണ് പി എഫ് എ എസ്.
കണ്‍സ്യൂമര്‍ ഉത്പന്നങ്ങളില്‍ നിയന്ത്രിത അളവില്‍ ഉപയോഗിക്കുന്നതും സ്വയം നശിച്ചുപോകാത്തതുമായ 14,000 രാസവസ്തുക്കളുടെ കൂട്ടത്തെയാണ് പിഎഫ്‌എഎസ് എന്ന് പറയുന്നത്. വെള്ളത്തെയും ചൂടിനെയും ചെറുക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, പശകള്‍, പാക്കേജുകള്‍, വയറുകള്‍ തുടങ്ങിയവയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അമേരിക്കയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കോണ്‍ടാക്‌ട് ലെന്‍സുകളിലാണ് മാരകമായ അളവില്‍ പിഎഫ്‌എഎസ് ഉപയോഗം കണ്ടെത്തിയത്. വിവിധ കോണ്‍ടാക്‌ട് ഗ്ലാസുകളില്‍ 105 പിപിഎം (parts per million) മുതല്‍ 20,700 പിപിഎം വരെ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധിച്ച എല്ലാ കോണ്‍ടാക്‌ട് ഗ്ലാസുകളിലും 100 പിപിഎമ്മിന് മുകളിലാണ് ഇവയുടെ അളവ്.
ഓര്‍ഗാനിക് ഫ്ലൂറിന്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂന്ന് ലെന്‍സുകള്‍ ആസ്റ്റിഗ്മാറ്റിസത്തിനായുള്ള ആല്‍ക്കണ്‍ എയര്‍ ഒപ്റ്റിക്‌സ് (ഹൈഡ്രാഗ്ലൈഡ് ഇല്ല) (20,000 പിപിഎം), ആല്‍ക്കണ്‍ എയര്‍ ഒപ്‌റ്റിക്‌സ് കളേഴ്‌സ് വിത്ത് സ്‌മാര്‍ട്ട്‌ഷീല്‍ഡ് ടെക്‌നോളജി (20,700 പിപിഎം), സ്ഥിരം ഉപയോഗത്തിനുള്ള അല്‍കോണ്‍ ടോട്ടല്‍ 30 കോണ്‍ടാക്‌റ്റ് ലെന്‍സുകള്‍ (20,400പിപിഎം) എന്നിവയാണ് ഏറ്റവും കൂടുതല്‍ പിഎഫ്‌എഎസ് ഉണ്ടെന്ന് കണ്ടെത്തിയ ഗ്ലാസുകള്‍.
കോണ്‍ടാക്റ്റ് ലെന്‍സുകള്‍ മാത്രമല്ല, ലോകമെമ്ബാടുമുള്ള മിക്ക പ്രദേശങ്ങളില്‍ നിന്നുമുള്ള എല്ലാ ടോയ്‌ലറ്റ് പേപ്പറുകളിലും വിഷലിപ്തമായ പിഎഫ്‌എഎസ് അടങ്ങിയിട്ടുണ്ട്.