കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വരുന്ന രോഗികളില്‍ പകുതിയോളം പേരുടെയും തലച്ചോറിനെ വൈറസ് ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍. പലവിധത്തിലാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്നത്.
കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന ദ്വിതീയ രോഗലക്ഷണങ്ങള്‍ പ്രതിരോധസംവിധാനം നാഡീവ്യൂഹത്തെ തന്നെ ആക്രമിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോമിന് കാരണമാകാമെന്ന് കോണ്ടിനെന്റല്‍ ഹോസ്പിറ്റല്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എം. കെ. സിംഗ് പറയുന്നു. കാലില്‍ ബലക്കുറവും വിറയലുമായി ആരംഭിക്കുന്ന ഈ രോഗം ശരീരത്തിന്റെ മേല്‍ ഭാഗത്തേക്ക് പടരുകയും പക്ഷാതത്തിലേക്ക് വരെ നയിക്കുകയും ചെയ്യാം.
തലച്ചോറിലെ രക്തം കട്ടപിടിച്ച് രക്തക്കുഴലുകള്‍ അടയുന്ന അവസ്ഥയാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്ന ആദ്യ വിധം. ഇതിനുപുറമേ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിച്ച് ബ്രെയിന്‍ ഫോഗിനും മസ്തിഷ്ക വീക്കത്തിനും കാരണമാകാം. രോഗി എപ്പോഴും ഉറക്കം തൂങ്ങുന്നതിനും ആശയക്കുഴപ്പം ഉണ്ടാകുന്നതിനും ഇത് വഴിവയ്ക്കും. കോവിഡ് മാറിയാലും ആഴ്ചകളോ മാസങ്ങളോ ഈ ലക്ഷണങ്ങള്‍ തുടരാം.
കോവിഡിന് തലച്ചോറില്‍ അമിതമായ നീര്‍ക്കെട്ടും ഉണ്ടാക്കാനാകും. തലച്ചോറിലെ ഗ്രേ, വൈറ്റ് മാറ്ററുകള്‍ നീര് വച്ച് തലച്ചോറിന്റെ ഒരു ഭാഗത്തിനോ അല്ലെങ്കില്‍ പൂര്‍ണമായോ നാശം വരുത്താന്‍ വൈറസിന് സാധിക്കുമെന്നും ഡോ. എം. കെ. സിംഗ് ചൂണ്ടിക്കാട്ടി.
കോവിഡ് മൂലം ശരീരത്തിന്റെ മറ്റു ഭാഗത്തുണ്ടാകുന്ന അണുബാധ തലച്ചോറിലേക്ക് പടരുന്നതും സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും പഴുപ്പ് തലച്ചോറിലേക്ക് പടരാറുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കായി കഴിക്കുന്ന മരുന്നുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്നതും തലച്ചോറിന് ക്ഷതം ഉണ്ടാക്കാം.
പേശി വേദന, വിശദീകരിക്കാനാവാത്ത തലവേദന, മസ്തിഷ്ക വീക്കം, തലകറക്കം, രുചിയും മണവും നഷ്ടമാകല്‍ എന്നിവയെല്ലാം കോവിഡ് തലച്ചോറിനെയും നാഡീവ്യൂഹ സംവിധാനങ്ങളെയും ബാധിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്. ഇവയ്ക്കു പുറമേ പക്ഷാഘാതം, ചലന പ്രശ്‌നങ്ങള്‍, സംവേദന പ്രശ്‌നം, ചുഴലി ദീനം എന്നിവയ്ക്കും കോവിഡ് കാരണമാകാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.