കോവിഡ് മുക്തരിയില്‍ വാക്‌സീന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ തെളിവില്ലെന്ന് വിദഗ്ധസംഘം.ഇക്കാര്യത്തില്‍ ആവശ്യത്തിന് തെളിവുകള്‍ ലഭിച്ച ശേഷം ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ എടുക്കണമോ എന്ന് തീരുമാനിച്ചാല്‍ മതിയെന്ന് ഇവര്‍ ശുപാര്‍ശ ചെയ്യുന്നു.
കോവിഡ് പോസിറ്റീവ് ആകുന്നവര്‍ രോഗമുക്തി നേടി മൂന്നുമാസം കാത്തിരുന്ന ശേഷം മാത്രം കോവിഡ് വാക്‌സീന്‍ എടുത്താല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതേയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എയിംസ് ഡോക്ടര്‍മാരും ദേശീയ കോവിഡ് ദൗത്യ സംഘാംഗങ്ങളും ഉള്‍പ്പെടുന്ന ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍.
ഒരു തവണ കോവിഡ് ബാധിതരായവര്‍ക്ക് വീണ്ടും വൈറസ് പിടിപെടാന്‍ 10 മാസത്തേക്ക് സാധ്യതയില്ലെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡിന് എതിരെ ഇവരുടെ ശരീരത്തില്‍ ആവശ്യത്തിന് ആന്റി ബോഡികള്‍ രൂപപ്പെടുന്നുണ്ട്. കോവിഡ് ബാധിച്ച് പ്രകൃതിദത്തമായ രോഗപ്രതിരോധം നേടിയവരില്‍ പിന്നീട് വാക്‌സീന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ ആവശ്യത്തിന് തെളിവുകളില്ലെന്ന് ഇന്ത്യയിലെ ഈ വിദഗ്ധര്‍ പറയുന്നു.
വാക്‌സിനേഷന്റെ ഉദ്ദേശ്യം രോഗനിയന്ത്രണം ആകയാല്‍ ഇതേവരെ വൈറസ് പിടിപെടാത്തവര്‍ക്കാകണം മുന്‍ഗണനയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വാക്‌സീന്‍ ലഭ്യതക്കുറവാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ വിദഗ്ധരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇത്തരം സാഹചര്യത്തില്‍ സാര്‍വത്രിക വാക്‌സിനേഷനേക്കാള്‍ മുന്‍ഗണന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്സീന്‍ വിതരണ സമീപനമാകും നന്നാകുകയെന്നും വിദഗ്ധസംഘം അഭിപ്രായപ്പെടുന്നു.
ജില്ലാ തലത്തില്‍ നടക്കുന്ന തത്സമയ സീറോ സര്‍വേയുടെ അടിസ്ഥാനത്തിലാകണം വാക്‌സീന്‍ നയതന്ത്രമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വാക്‌സിനേഷന്‍ എടുത്തവരിലും എടുക്കാത്തവരിലും വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആസൂത്രണം ഇല്ലാത്ത വാക്‌സിനേഷന്‍ വൈറസിന്റെ ജനിതകവ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.