ചുവന്ന, ശ്വേത രക്തകോശങ്ങളുടെ വലുപ്പവും ദൃഢതയും ഗണ്യമായി മാറ്റി മറിക്കാന്‍ കോവിഡ് അണുബാധയ്ക്ക് സാധിക്കുമെന്ന് ജര്‍മനിയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ചില കേസുകളില്‍ ഇതിന്റെ പ്രഭാവം മാസങ്ങള്‍ നീണ്ടു നില്‍ക്കാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ് സയന്‍സ് ഓഫ് ലൈറ്റ്, ഫ്രെഡറിച്ച് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റി, ജര്‍മന്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണോതെറാപ്പി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
കോവിഡ് ബാധ രക്തചംക്രമണത്തെ ബാധിക്കുന്നതിനാല്‍ പല രോഗികളിലും വിവിധ അവയവങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. രക്തകോശങ്ങളുടെ രൂപവും അവയ്ക്ക് വരുന്ന മാറ്റങ്ങളും ഇതില്‍ പ്രഭാവം ചെലുത്തുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
കോവിഡ്19 മൂലം അണുബാധ സങ്കീര്‍ണമായ 17 രോഗികളുടെയും കോവിഡ് രോഗമുക്തരായ 14 പേരുടെയും ആരോഗ്യവാന്മാരായ 24 പേരുടെയും 40 ലക്ഷം രക്തകോശങ്ങളാണ് ഗവേഷണ സംഘം പരിശോധിച്ചത്. റിയല്‍ടൈം ഡീഫോര്‍മബിലിറ്റി സൈറ്റോമെട്രി എന്ന സങ്കേതമാണ് ഇതിനായി ഉപയോഗിച്ചത്.
ഈ പ്രക്രിയയില്‍ രക്തകോശങ്ങള്‍ ഒരു ഇടുങ്ങിയ ചാലിലൂടെ ഗവേഷകര്‍ അതിവേഗം കടത്തിവിടുന്നു. ഇത്തരത്തില്‍ കടന്നു പോകുമ്പോള്‍ ചുവന്ന രക്തകോശങ്ങളും ശ്വേത രക്ത കോശങ്ങളും വലിഞ്ഞു മുറുകുന്നു.
ഇവയോരൊന്നിനെയും മൈക്രോസ്കോപ്പിലൂടെ ഒരു അതിവേഗ ക്യാമറ റെക്കോര്‍ഡ് ചെയ്യുകയും ഒരു സോഫ്ട് വെയര്‍ അവയുടെ വലുപ്പവും രൂപവും വിലയിരുത്തുകയും ചെയ്യും. ആരോഗ്യമുളളവരുടെ ചുവന്ന രക്ത കോശങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരായവരുടെ രക്ത കോശങ്ങള്‍ക്ക് വലുപ്പം കുറവാണെന്നും രൂപത്തില്‍ വൈകൃതങ്ങളുണ്ടെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ഇതവയ്ക്ക് വൈറസ് ഉണ്ടാക്കിയ നാശത്തിന്റെ തെളിവാണ്.
കോവിഡ് രോഗികളിലെ ശ്വേതരക്ത കോശങ്ങള്‍ കൂടുതല്‍ മൃദുവാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇത് ശക്തമായ പ്രതിരോധ പ്രതികരണത്തിന്റെ സൂചനയാണ്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മറ്റൊരു കൂട്ടം ശ്വേത രക്ത കോശങ്ങളായ ന്യൂട്രോഫില്‍ ഗ്രാനുലോസൈറ്റ്സിലും സമാനമായ നിരീക്ഷണങ്ങള്‍ ഗവേഷകര്‍ നടത്തി.
അണുബാധയുണ്ടായിട്ട് ഏഴ് മാസങ്ങള്‍ക്ക് ശേഷവും ഈ കോശങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല കോവിഡ് ചിലര്‍ക്കുണ്ടാകുന്നതില്‍ രക്തകോശങ്ങള്‍ക്ക് വരുന്ന ഇത്തരം മാറ്റങ്ങളും സ്വാധീനം ചെലുത്തുന്നുണ്ടാകാമെന്ന് ബയോഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുമാനിക്കുന്നു.