Tuesday, April 22, 2025

HomeHealth and Beautyകേരളത്തില്‍ നാലിലൊന്നു സ്ത്രീകള്‍ക്കും പ്രസവാനന്തര വിഷാദരോഗമുണ്ടാകുന്നതായി പഠനം

കേരളത്തില്‍ നാലിലൊന്നു സ്ത്രീകള്‍ക്കും പ്രസവാനന്തര വിഷാദരോഗമുണ്ടാകുന്നതായി പഠനം

spot_img
spot_img

കേരളത്തില്‍ നാലിലൊന്ന് സ്ത്രീകള്‍ക്കും ഏതെങ്കിലും തരത്തില്‍ പ്രസവാനന്തര വിഷാദരോഗമുണ്ടാകുന്നുണ്ടെന്നു കേന്ദ്ര സര്‍വകലാശാലയുടെ പഠനം. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ പഠനവിഭാഗം അസി.പ്രഫസര്‍ ഡോ. ജയലക്ഷ്മി രാജീവിന്റെ മേല്‍നോട്ടത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി വിസ്മയ രാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലെ അമ്മമാരില്‍ പ്രസവാനന്തര വിഷാദരോഗത്തിന്റെ വ്യാപനവും അതിനെ ബാധിക്കുന്ന ഘടകങ്ങളുമായിരുന്നു പഠനവിഷയം.

ഏഴില്‍ ഒരാള്‍ക്കു പ്രസവാനന്തര വിഷാദരോഗമുണ്ടാകുന്നതായാണു ലോകാരോഗ്യ സംഘടന പറയുന്നത്. കേരളത്തിലെ നിരക്ക് ഇതിനേക്കാള്‍ അധികമാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 220 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 55 പേര്‍ക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗമുണ്ടെന്നു കണ്ടെത്തി.
സ്ത്രീകളെ സംബന്ധിച്ചു ജീവിതത്തിലെ സന്തോഷകരമായ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് മാതൃത്വം. എന്നാല്‍ എല്ലാ സ്ത്രീകളും പ്രസവശേഷം സന്തോഷവതികളായിരിക്കണമെന്നില്ല. പ്രസവശേഷമുള്ള ഹോര്‍മോണുകളിലെ വ്യതിയാനം, പ്രസവത്തിലെ സങ്കീര്‍ണതകള്‍, മാനസിക ഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് അമ്മമാര്‍ പ്രസവാനന്തര വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുള്ള അമ്മമാരുടെ തീരുമാനങ്ങള്‍, ഗര്‍ഭകാലത്തെ ആശങ്കകള്‍, പ്രസവത്തിനു ശേഷമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും കാരണമാകുന്നുണ്ട്.

അമ്മമാര്‍ക്കിടയില്‍ നടത്തിയ കമ്യൂണിറ്റി സര്‍വേ അടിസ്ഥാനമാക്കി പ്രസവാനന്തര വിഷാദരോഗം സംബന്ധിച്ച് നടത്തിയ ആദ്യത്തെ പഠനമാണിത്. വിഷാദരോഗം കണ്ടെത്തിയ ഭൂരിഭാഗം സ്ത്രീകളും ഇത് മനസിലാക്കുകയോ ആരോഗ്യസേവനം തേടുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അതേപടി അനുഭവിക്കുകയാണ് ഏറെപ്പേരും ചെയ്യുന്നത്.
സമൂഹത്തില്‍ ബോധവത്കരണം നടത്തേണ്ടതിന്റെയും ആരോഗ്യ പരിരക്ഷാ സംവിധാനം ശക്തമാക്കേണ്ടതിന്റെയും ആവശ്യകതയിലേക്കും ഇതു വിരല്‍ ചൂണ്ടുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments